പുറത്തു നിന്നും വാതിലിൽ ഇടിക്കുന്ന ഒച്ച. ഒരേ നിമിഷം ഞെട്ടലോടെ വിഷ്ണുവും പെൺകുട്ടിയും വാതിൽക്കലേക്ക് നോക്കി. ദയനീയമായി അവനെ ഒന്ന് നോക്കിയിട്ട് പെൺകുട്ടി അകത്തേക്ക് ഓടി പോയി.
എന്താണ് പ്രശ്നം എന്ന് വിഷ്ണുവിന് മനസിലായില്ല. എന്തോ ആപത്തു പിണഞ്ഞിട്ടുണ്ടെന്നു അവളുടെ മുഖം കാണുമ്പോൾ തോന്നുന്നു. വാതിൽ തല്ലിപ്പൊളിക്കുന്ന രീതിയിൽ ഇടി തുടരുകയാണ്.
'ഇനി അടുത്തത് ആരാണ് ?' എന്നു ചിന്തിച്ചു ചെന്നു വാതിൽ തുറന്നു. പെട്ടന്ന് ആ പോലീസ്കാരൻ അകത്തേക്ക് ഇരച്ചു കയറി വന്നു. അയാളെ കണ്ടപ്പോൾ വൈകുന്നേരം അയാൾ പറഞ്ഞ ഡയലോഗ് ആണ് ആദ്യം മനസ്സിൽ എത്തിയത്. ഒറ്റനിമിഷം കൊണ്ട് വിഷ്ണുവിന്റെ മനസിലേക്ക് വെറുപ്പ് ഇരമ്പികയറി വന്നു. മുഖം വലിഞ്ഞു മുറുകി.
"എന്താ?" പരുഷമായി അവൻ ചോദിച്ചു.
"മാറടാ അങ്ങോട്ട്!"
അവജ്ഞയോടെ അയാൾ വിഷ്ണുവിനെ ഉന്തി മാറ്റി ഓരോ മുറിയിലും കയറിയിറങ്ങി പരിശോധിക്കാൻ തുടങ്ങി.
"ഹലോ. നിങ്ങളോടാ ചോദിച്ചേ എന്താ പ്രശ്നമെന്ന്?" വിഷ്ണു പിന്നാലെ ചെന്നു.
മറുപടി പറയാതെ ഇടനാഴിയിലൂടെ നടന്നു അയാൾ അടുക്കളയിലേക്ക് കയറി നോക്കി.
പിന്നെ പിൻമുറ്റത്തേക്ക് ഇറങ്ങി ഒന്ന് ചുറ്റിയിട്ട് തിരിഞ്ഞു വിഷ്ണുവിന്റെ മുന്നിൽ വന്നു നിന്നു:
"എന്റെ മോളെവിടെ?"
"മോളോ? അതെന്നോടാണോ ചോദിക്കുന്നെ ?"
"അവളിങ്ങോട്ട് വന്നിട്ടുണ്ട്." പുരികം ചുളിച്ചു വിഷ്ണു നോക്കി
നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. വൈകുന്നേരം മുൻവശത്ത് നിന്ന എന്നോട് മര്യാദയ്ക്ക് നിൽക്കണമെന്ന് പറയുന്നു. ഇപ്പോൾ ദേ മോളെവിടെന്ന് ചോദിക്കുന്നു. എന്റെ പൊന്നു ചേട്ടാ ഞാൻ ഇന്ന് മുതലാണ് ഇവിടെ താമസം തുടങ്ങിയത്. നിങ്ങൾ ആരെന്നു പോലും എനിക്ക് അറിയില്ല. പിന്നെ നിങ്ങള്ടെ മോളെ ഞാനെങ്ങനെ അറിയും? ഇവിടെ ഇപ്പോൾ ഞാൻ മാത്രേ ഉള്ളൂ. ഇങ്ങോട്ടാരും വന്നിട്ടില്ല. ഞാൻ ആരെയും കണ്ടിട്ടുമില്ല."