താങ്കൾ വിളിക്കുന്ന BSNL customer ഇപ്പോൾ തിരക്കിലാണ്. ദയവായി അല്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക
ധൃതിയ്ക്ക് ഉണ്ടായിരുന്ന മനസമാധാനം കൂടി നഷ്ടപ്പെട്ടത് പോലെ തോന്നി. ഈ സമയത്ത് ആരോടായിരിക്കും സംസാരിക്കുന്നത്? ഇനി വല്ല പ്രണയവും ഉണ്ടാവുമോ? അതിന് സാധ്യതയുണ്ട്.
തന്റെ കാൾ കണ്ടിട്ടുണ്ടാവും. എന്നിട്ടും നിർത്താതെ സംസാരിക്കണമെങ്കിൽ അത്രയും പ്രിയപ്പെട്ട ആരോ ആവണം. ഈശ്വരാ.... എന്തൊരു കഷ്ടമാണെന്ന് നോക്ക്. ഇവളുമാർക്ക് ഇങ്ങേരെ മാത്രേ കിട്ടിയുള്ളോ?
ഇല്ല.....! ഇനി ഏതു കൊടികെട്ടിയവൾ ആണെന്ന് പറഞ്ഞാലും ശരി വിട്ടു കൊടുക്കുന്ന പ്രശ്നമില്ല. വിഷ്ണുവേട്ടൻ എന്റെയാ. എന്റെ മാത്രം. അങ്ങനെ ആരും ഇപ്പോൾ കൊത്തി കൊണ്ട് പോവണ്ട. കൊണ്ട് പോകാൻ താൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കുകയുമില്ല. ഒരുതരം വാശി പോലെ അത് ധൃതിയുടെ മനസ്സിൽ വേരുറച്ചു.
അപ്പോൾ അതാ വിഷ്ണുവിന്റെ കാൾ. ധൃതിയുടെ നിയന്ത്രണം വിട്ടു. ഫോൺ എടുത്തു അവൾ പൊട്ടിത്തെറിച്ചു.
"എത്ര നേരമായി വിളിക്കുന്നു. ആരോടായിരുന്നു ഇത്രയും നേരം സൊള്ളിക്കൊണ്ടിരുന്നേ. എന്റെ നമ്പർ കണ്ടില്ലേ..... എന്നിട്ടും അത് അവോയ്ഡ് ചെയ്തു സംസാരിക്കാനും മാത്രം പ്രിയപ്പെട്ട ആരാന്നാ ചോദിച്ചേ.... "
വിഷ്ണുവിന്റെ മറുപടി കേട്ടില്ല. ഒന്ന് കാതോർത്തിട്ട് അവൾ ചോദിച്ചു.
"എന്താ മിണ്ടാത്തെ? എന്ത് കള്ളം പറയണമെന്ന് ആലോചിക്കുവായിരിക്കും."
"കുട്ടിയ്ക്കിത് എന്തുപറ്റി? "
ശരിക്കും വിഷ്ണു ചിരി അടക്കാൻ പാട്പെടുകയായിരുന്നു.
"വിഷ്ണുവേട്ടാ ഇത് തമാശ അല്ല. എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്. കേട്ടോ."
"അമ്മയാ വിളിച്ചേ."
വിഷ്ണുവിന്റ മറുപടി കേട്ട് കാറ്റ് പോയ ബലൂൺ പോലെ ധൃതി അണഞ്ഞു. കയ്യീന്ന് പോയെന്ന് അവൾക്ക് മനസിലായി. ഇനി എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ആവശ്യമില്ലാത്ത ഓരോ സംശയങ്ങൾ. വിഷ്ണു ശബ്ദം കേൾപ്പിക്കാതെ അടക്കി പിടിച്ചു ചിരിക്കുകയായിരുന്നു അപ്പോഴും. ഒടുവിൽ കുറ്റബോധത്തോടെ ധൃതി ചോദിച്ചു.