കാർത്തിക പകച്ചു നോക്കി.
"എന്നാ നിങ്ങളൊന്ന് നടത്തി കാണിക്ക്... കാണട്ടെ നിങ്ങളുടെ മിടുക്ക്. "
വെല്ലുവിളിക്കുമ്പോലെ പറഞ്ഞിട്ട് കാർത്തികയെ ഉന്തി മാറ്റി സുനന്ദ അകത്തേക്ക് ചാടി കയറി പോയി.
"എന്താച്ഛാ ഇതൊക്കെ? എന്തൊക്കെയാ നിങ്ങളീ പറയുന്നേ?" സങ്കടത്തോടെ കാർത്തിക വന്നു ദേവരാജ്ന്റെ കയ്യിൽ പിടിച്ചു. അയാൾ അലിവോടെ അവളുടെ നെറുകിൽ തലോടി
"മോള് വിഷമിക്കരുത്. എന്റെ കുട്ടീടെ കല്യാണം അച്ഛൻ അന്തസായിട്ട് നടത്തും. അതിപ്പോ ആരൊക്കെ ഇല്ലെങ്കിലും." അയാൾക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. മകളുടെ മുന്നിൽ നിന്ന് കരയാതിരിക്കാൻ അയാൾ പണിപ്പെട്ടു.
"എനിക്കൊന്നും മനസിലാവുന്നില്ലച്ഛാ..... എന്താ പ്രശ്നം. അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ. എന്നോടെന്തിനാ വടക്കേപ്പാട്ട് പോവണ്ടാന്ന് പറയണേ?" കാർത്തിക വിതുമ്പി.
"ഒന്നുമില്ല. മോളിപ്പോ എങ്ങോട്ടും പോവണ്ട. അകത്തേക്ക് ചെല്ല്. അച്ഛൻ പറയുന്ന കേൾക്ക്." അയാളെ ഒന്ന് നോക്കിയിട്ട് അവൾ മനസില്ലാ മനസോടെ അകത്തേക്ക് നടന്നു. വിശ്നിവേട്ടൻ എത്തിയെന്ന് താൻ വന്നു പറഞ്ഞപ്പോഴാണ് അച്ഛനും അമ്മയും വടക്കേപ്പാട്ട് പോയത്. അങ്ങോട്ട് സന്തോഷത്തോടെ പോയിട്ട് ഇത്രയും കലിയോടെ തിരിച്ചു വരണമെങ്കിൽ എന്തോ അരുതാത്തത് അവിടെ സംഭവിച്ചിട്ടുണ്ട്. അതറിയാഞ്ഞിട്ട് അവളുടെ നെഞ്ച് പിടയ്ക്കാൻ തുടങ്ങി.
അപ്പോൾ അടുക്കളയിൽ പാത്രങ്ങൾ നിലത്തു വീഴുന്ന ഒച്ച കേട്ടു. അമ്മ ദേഷ്യം തീർക്കുന്നതാണ്. അവൾ അവിടേക്ക് ചെന്നു.
"അമ്മേ..." എന്ന കാർത്തികയുടെ വിളി കേട്ടു സുനന്ദ തിരിഞ്ഞു നോക്കി. ദേഷ്യവും സങ്കടവും ആ മുഖത്ത് നുരയുന്നു:
"എന്താടി?"
"എന്താമ്മേ ഇത്. അമ്മയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടണേ? അതിനും മാത്രം എന്താപ്പോ ഉണ്ടായേ?"
"നിന്നെ അവനു വേണ്ടന്ന്. വേറെ കെട്ടിച്ചോളാൻ പറഞ്ഞു. എന്താ സമാധാനം ആയോ?"
YOU ARE READING
നിശാശാലഭം 🪷
Fanfikceനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷