ഭാഗം 15🪷

379 43 5
                                    

ദേവരാജ്നുംസുനന്ദയും കണ്ണിൽ നിന്നും മറഞ്ഞതിന്  ശേഷമാണ്  വിഷ്ണു അമ്മയെ തിരഞ്ഞത്. പക്ഷെ ദേവുമ്മ വരാന്തയിൽ   ഉണ്ടായിരുന്നില്ല.  അവൻ അകത്തു ചെന്നു അമ്മയുടെ  മുറിയിൽ നോക്കി. കട്ടിലിൽ ഭിത്തിയിലേക്ക് തിരിഞ്ഞു ദേവുമ്മ കിടക്കുന്നത്  കണ്ടു. വാതിൽപടിയിൽ പിടിച്ച്  ഒരു നിമിഷം അത് നോക്കി നിന്നിട്ട് വിഷ്ണു തിരിഞ്ഞു നടന്നു.

ഇപ്പോൾ അടുത്തേക്ക് ചെന്നാൽ അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം. ചിലപ്പോൾ പൊട്ടികരഞ്ഞേക്കാം. രണ്ടും താങ്ങാൻ ഇപ്പോൾ ശക്തി പോരാ. ഒറ്റ മകൻ ആയതു കൊണ്ട് അമ്മയോ അച്ഛനോ അധികം ശകാരിക്കയോ അടിക്കുകയോ ചെയ്തിട്ടില്ല. എന്ത് ആവശ്യങ്ങൾക്കും കൂട്ട് നിന്നിട്ടുമുണ്ട്.

പക്ഷെ അമ്മ  ഒരാവശ്യം പറഞ്ഞപ്പോൾ നിരസിക്കേണ്ടി വന്നു.  അത് പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആയിപ്പോയി.  അതിനോട് മനസ്സ് കൊണ്ട് പോലും ഒരിക്കലും യോജിക്കാൻ പറ്റുന്നില്ല.

അത് പക്ഷെ ധൃതിയെ കണ്ടു മുട്ടിയത് കൊണ്ട് മാത്രമല്ല. അവൾ തന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്നിട്ട് ചുരുക്കം ദിവസങ്ങളെ  ആയിട്ടുള്ളു. അതിന് എത്രയോ വർഷങ്ങൾ  മുന്നേ തന്നെ  തിരിച്ചറിഞ്ഞതാണ് കാർത്തു  തനിക്ക് ആരാണെന്ന്.  അവളെ  മറ്റൊരു കണ്ണിൽ കാണാൻ പറ്റുന്നില്ല. അവൾ അടുത്ത് വരുമ്പോൾ ഒരു അനുജത്തിയോടുള്ള വാത്സല്യം മനസ്സിൽ നിറയുന്നു. അപ്പോൾ അവളുമൊത്തുള്ള ഒരു ദാമ്പത്യ ജീവിതം എങ്ങനെ സാധ്യമാവും.

തന്റെ തീരുമാനത്തെ  അമ്മ എതിർക്കുമെന്ന് അറിയാമായിരുന്നു. പക്ഷെ അമ്മാവനും അമ്മായിയും തന്നെ മനസിലാക്കുമെന്നാണ്   കരുതിയത് . കൂടെ നിൽക്കുമെന്ന് വിചാരിച്ചു.  പക്ഷെ ആദ്യം തന്നെ ശത്രുവായ് മുദ്ര കുത്തിയത് അവരാണ്. തന്നോട് പിണങ്ങിയതിൽ വിഷമമില്ല.  അമ്മയെ കൂടി തള്ളി പറഞ്ഞിരിക്കുന്നു.

ഇനി ഒരിക്കലും വിളക്കി ചേർക്കാൻ പറ്റാത്ത വിധം വെട്ടിമുറിക്കപെട്ടു കഴിഞ്ഞോ. അമ്മ അത് താങ്ങില്ല. താൻ കാരണം അമ്മ വിഷമിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് മാത്രമാണ് സങ്കടം. അതൊക്കെ ആലോചിച്ചു വിഷ്ണുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. തൊണ്ട കഴച്ചു പൊട്ടുന്നു.

നിശാശാലഭം 🪷Where stories live. Discover now