കർമ്മം അനുസരിച്ചു ഈ ചക്രം ഉരുണ്ടു ഒരുനാൾ തന്റെ നേരെ വരും. തന്റെ മക്കളിലൂടെ . അന്നേ തനിക്ക് മനസിലാവു അമ്മയുടെ കണ്ണീരിന്റെ വില.
അപ്പോൾ അവന്റെ ഫോണിലേക്ക് ധൃതിയുടെ കാൾ വന്നു.
എപ്പോൾ ചെല്ലുമെന്ന് അറിയാൻ വിളിച്ചതാണ്.
"ഒന്നും തീരുമാനിച്ചില്ല മോളേ... " അവന്റെ മനസിലെ വിങ്ങൽ വാക്കുകളിൽ പ്രതിധ്വനിച്ചു
"എന്തുപറ്റി വിഷ്ണുവേട്ടാ?"
"ഒന്നുമില്ല. "
"ശബ്ദമൊക്കെ വല്ലാതെ ഇരിക്കുന്നു. ഒരു ഉത്സാഹം ഇല്ലാത്ത പോലെ. അത് കൊണ്ട് ചോദിച്ചതാ. എന്നോട് പറയാൻ പറ്റാത്ത പ്രശ്നം ആണെങ്കിൽ പറയണ്ട."
പിന്നെ പറയാതിരിക്കാൻ വിഷ്ണുവിന് കഴിഞ്ഞില്ല. അമ്മയുടെ പ്രിയപ്പെട്ട കിങ്ങിണിയെ ഗോപാലൻ നായർക്ക് വിറ്റ കാര്യം അവൻ വിശദീകരിച്ചു. ഒരു നിമിഷം ധൃതി ഒന്നും മിണ്ടിയില്ല. അവളുടെ മറുപടിയ്ക്കായി വിഷ്ണു കാതോർത്തു. മനസിനെ തൃപ്തിപെടുത്തുന്ന ഒരുത്തരം അവളിൽ നിന്നു കേൾക്കാൻ അവൻ കൊതിച്ചു.
"വിഷ്ണുവേട്ടന് എന്നോട് ദേഷ്യം തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ? അനുസരിക്കണം."
"പറഞ്ഞോ..."
"എനിക്കതിനെ വേണം വിഷ്ണുവേട്ടാ..."
"എന്താ? "
വ്യക്തമായി കേട്ടതാണ് എന്നിട്ടും മനസിലാവാത്തത് പോലെ വിഷ്ണു വീണ്ടും ചോദിച്ചു. അവൻ പതിയെ കിതയ്ക്കാൻ തുടങ്ങി.
"എനിക്ക് കിങ്ങിണിയെ തിരിച്ചു വേണം." തന്റെ മനസ്സിലുള്ളതും ധൃതിയുടെ മറുപടിയും ഒന്ന്. അവൻ ചാടി എണീറ്റു.
"നീ ഫോൺ വച്ചോ. ഞാൻ തിരിച്ചു വിളിക്കാം."
ഫോൺ പോക്കറ്റിലേക്കിട്ട് അവൻ കാവിമുണ്ട് മാടികുത്തി.
പിന്നെ സർവ്വ കരുത്തും കാലിലേയ്ക്ക് ആവാഹിച്ചു താഴേക്കു ഓടുകയായിരുന്നു. മരങ്ങൾക്കിടയിലൂടെ കരിയിലകൾ ചവിട്ടി മെതിച്ചു മുന്നോട്ട്. തൊടിയും വയലും വേർതിരിക്കുന്ന തോട് ചാടി കടന്ന്. നിൽക്കാതെ പാടവരമ്പിലൂടെ കലുങ്കിന് സൈഡിലൂടെ ചെമ്മൺപാതയിലേക്ക് കയറി. ശ്വാസം കിട്ടാതെ വായ് തുറന്ന് അണച്ചു കൊണ്ട് അവൻ റോഡിന്റെ ഇരുവശത്തേക്കും നോക്കി. അപ്പോൾ മണിക്കുട്ടിയുടെ കരച്ചിൽ ദൂരെ കേട്ടു. ആ ദിക്കിലേയ്ക്ക് നോക്കി. പച്ചിലചാർത്തുകളുടെ മറവിൽ നിന്നും ചെമ്മൺ പാതയിലൂടെ നടന്നു വരുന്ന ഗോപാലൻനായരാണ് വിഷ്ണുവിന്റെ കാഴ്ചയിലേക്ക് ആദ്യം കടന്ന് വന്നത് .
YOU ARE READING
നിശാശാലഭം 🪷
Fanfikceനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷