ക്ലാസ്സ് മുറിയിലെ വൈറ്റ് ബോർഡിൽ മാർക്കർ പെൻ കൊണ്ട് ഇന്ന് പഠിപ്പിക്കുന്ന പാഠത്തിന്റെ പേര് എഴുതി അവൻ തിരിഞ്ഞതും ആദ്യം നോട്ടം ഇടഞ്ഞത് മാസ്മരികമായ രണ്ടു ഇളം പച്ച നിറത്തിൽ ഉള്ള വിടർന്ന കണ്ണുകളിൽ ആയിരുന്നു... ഒരു നിമിഷം പറയാൻ വന്നത് മറന്നെന്ന പോൽ അവൻ അഹ് നിൽപ് തന്നെ തുടർന്നു, തൊട്ടു അടുത്ത നിമിഷം കണ്ണുകൾ അടർത്തി മാറ്റി തന്റെ ഉദ്യമത്തിലേക്ക് കടന്നു അവൻ..."ഡി പെണ്ണേ......അങ്ങേര് കാണാൻ അടാറു ലുക്ക് ഓക്കേ ആണ് സമ്മതിച്ചു.. എന്ന് കരുതി ഇങ്ങനെ പരിസരം മറന്നു വായും പൊളിച്ചു ഇരുന്നാൽ അയാൾ ക്ലാസ്സിന്ന് പിടിച്ചു പുറത്താക്കുവേ.. ഒരു മയത്തില് നോക്കെടി...."
ഡെസ്കിൽ പുസ്തകങ്ങൾക്ക് മേലെ താടിക്ക് കൈയും ചേർത്ത് ഇരിക്കുന്നവൽക്കിട്ട് ഒരു തട്ട് കൊടുത്തു കൊണ്ട് അടുത്ത് ഇരിക്കുന്നവൾ ഒന്ന് കണ്ണ് ഉരുട്ടിയതും പെട്ടന്ന് കള്ളം പിടിക്കപ്പെട്ടത് പോൽ അഹ് കുഞ്ഞു മുഖത്തു ഒരു ഞെട്ടൽ പ്രകടമായി... പിന്നെ അതു മറയ്ക്കാനെന്നോണം അവൾ വേഗത്തിൽ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി.....
"ഒന്ന് മിണ്ടാതിരിക്ക് റിയ.... ആരെങ്കിലും കേൾക്കും....."
ശബ്ദം താഴ്ത്തി പിടിച്ചു അവൾ ഭയത്തോടെ പറഞ്ഞു കൊണ്ട് ഒന്ന് ചുറ്റിനും കണ്ണോടിച്ചു... റിയ അവളുടെ വിറയൽ കാണെ ഒന്ന് അമങ്ങി ചിരിച്ചു...
"മിണ്ടാപൂച്ച കലമുടയ്ക്കും എന്നൊക്കെ കേട്ടിട്ട് ഉള്ളു.... നിന്റെ കാര്യത്തിൽ അതു ശെരിക്കും ഞാൻ കണ്ടറിഞ്ഞു..."
റിയ നിർത്താൻ ഉദ്ദേശമില്ലാതെ വീണ്ടും തുടർന്നു... അടുത്തിരിക്കുന്നവൾ കേട്ടതിന്റെ പൊരുൾ മനസ്സിലാകാതെ സംശയത്തോടെ റിയയെ മുഖമുയർത്തി നോക്കി...
"ഭൂമിക്ക് നോവുമോ എന്നുള്ള തരത്തിൽ നടക്കുന്ന നീ, ദേ അഹ് മുതലിനെ കണ്ട അന്ന് മുതൽ ഓരോ നിമിഷവും എന്നേ അത്ഭുതപെടുത്തിക്കൊണ്ട് ഇരിക്കുവാണ് മോളെ...."
മുന്നിൽ നിന്നു ക്ലാസ് എടുക്കുന്നവനെ കണ്ണ് കാണിച്ചു കൊണ്ട് റിയ ഒരു കള്ളച്ചിരിയോടെ പറഞ്ഞതും വെപ്രാളത്തോടെ അവൾ മുഖം കുനിച്ചു കളഞ്ഞു....
കണ്ണിലായി വന്നു വീണ മുടിയിഴകൾ അവൾ ചെവിക്ക് പിന്നിലായി തിരുകി വെച്ചു കൊണ്ട് കീഴ്ച്ചുണ്ടിൽ പല്ലുകൾ അമർത്തി അഹ് ഇരുപ്പ് തന്നെ തുടർന്നു...