കാടാണ്. ചുറ്റും മഴ പെയ്ത് നനഞ്ഞു കിടക്കുന്നു. ചെറിയൊരു മൂടൽമഞ്ഞ് കാടിനെ പുതച്ചു അങ്ങനെ കിടപ്പുണ്ട്. കാട്ടിൽനിന്ന് ഒരല്പം മാറി ഒരു കുന്നുണ്ട്. ആ കുന്നിന്റെ മേലിൽ കേറിയാൽ ദൂരെയുള്ള ഡാമും വനവും വെള്ളച്ചാട്ടവും ഒക്കെ കാണേണ്ടതാണ്. പക്ഷെ ഇന്ന് കാണാനില്ല. മഞ്ഞിന്റെ പുതപ്പു കുറച്ചു ദൂരം കഴിഞ്ഞുള്ള കാഴ്ചകളെ ഒക്കെ മുടക്കുന്നുണ്ട്.
ആ കുന്നിലേക്ക് പതിയെ വേച്ചു വേച്ചു ഒരു രൂപം വന്നു കയറി. അപ്പോൾ വീശിയ നനുത്ത കാറ്റിൽ അവരുടെ വെളുത്ത ചുരുളൻ തലമുടി പാറിപ്പറന്നു. തളർന്ന കണ്ണുകൾ അകലെയുള്ള കാഴ്ചകളെ ഒന്ന് ഓടിച്ചു നോക്കി. നേർത്ത കയ്യുകൾകൊണ്ട് അവർ അവരുടെ ചുരിദാറിന്റെ ഷാൾ ഇടുപ്പിൽ കെട്ടിവെച്ചു. പിന്നെ മുന്നോട്ട് ഒരടി കൂടി നടന്നു. മേഘാവൃതമായ മാനത്തിൽ ഒളിച്ചിരുന്ന സൂര്യപ്രഭ അവരുടെ മുഖത്തു തട്ടി. ആ കണ്ണുകൾ തെളിഞ്ഞു. മുഖത്തെ ചുളുവുകൾ പ്രത്യക്ഷമായി. ആ കുന്ന് അവരെ തിരിച്ചറിഞ്ഞു. റോസമ്മ.
നെല്ലിയാമ്പതിയിൽ റോസമ്മ ആദ്യമായല്ല. മൂന്നു തവണ വന്നിട്ടുണ്ട്. ആദ്യം ജോർജിന്റെ കൂടെ. പിന്നെ ദയയുടെ കൂടെ. ഇപ്പോൾ ഒറ്റയ്ക്ക്.
കൂടെ ആളുള്ളപ്പോൾപ്പോലെ അല്ല. ഒറ്റയ്ക്ക് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഈ പ്രായത്തിൽ. പക്ഷെ അവിടെ എത്തിക്കഴിഞ്ഞപ്പോൾ എന്തോ റോസമ്മയ്ക്കു തളർച്ച ഒക്കെ പോയതുപോലെ തോന്നി. പഴയ ഓർമ്മകൾ ഒക്കെ തികട്ടി വരും പോലെ. പണ്ട് വീട്ടിൽ മഴ പെയ്യുമ്പോൾ ചോരുന്നിടത്തു ഒരു ചെറിയ ഉരുണ്ട കലം കൊണ്ട് വെയ്ക്കുമായിരുന്നു. അത് നിരയാറാകുമ്പോൾ റോസമ്മ ചെന്ന് അതിനൊരു തട്ട് കൊടുക്കും. അപ്പോൾ അതിലെ വെള്ളം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ആടും. ചിലപ്പോൾ തുളുമ്പും. ഇപ്പോൾ മനസ്സന്തോ അതുപോലെ....
റോസമ്മ കുന്നിന്റെ ഓരത്തു വന്നു. കയ്യിലെ ബാഗിൽ നിന്നും വെള്ളത്തിന്റെ ബോട്ടിൽ തുറന്ന് അതല്പം കുടിച്ചിട്ട് ആ ബാഗ് അകലത്തേക്ക് ഇട്ടു. എന്നിട്ടു പച്ച പുതച്ച ആ കുന്നിന്റെ മേലിൽ കാലു വിരിച്ചു അങ്ങനെ ഇരുന്നു.
YOU ARE READING
റോസമ്മ
Spiritual... മേഘാവൃതമായ മാനത്തിൽ ഒളിച്ചിരുന്ന സൂര്യപ്രഭ അവരുടെ മുഖത്തു തട്ടി. ആ കണ്ണുകൾ തെളിഞ്ഞു. മുഖത്തെ ചുളുവുകൾ പ്രത്യക്ഷമായി. ആ കുന്ന് അവരെ തിരിച്ചറിഞ്ഞു. റോസമ്മ.