ഴാൻ ദാർക്ക്

68 10 2
                                    

  തൂവെള്ള മേഘങ്ങൾക്കിടയിൽ നിന്നും വെള്ളച്ചിറകുകൾ വീശിയാണ് മാലാഖ അവളോട്‌ സംസാരിച്ചത്. കയ്യിലെ നക്ഷത്രവടിയിലെ മുത്തുകൾ തിളങ്ങിക്കൊണ്ടിരുന്നു.

"കൊച്ചു സുന്ദരി, നിനക്ക് നേടാൻ ഒത്തിരി കാര്യങ്ങൾ ബാക്കി നില്ക്കുന്നു. ", മാലാഖ മൃദുലമായ കൈ കൊണ്ട് അവളുടെ കവിളിൽ തലോടി.

അവൾ ഞെട്ടി ഉണർന്നു. കട്ടിലിന് അരികിലെ ചെറിയ മേശപ്പുറത്തേക്ക് ചാഞ്ഞിരുന്ന് അച്ഛൻ എഴുതുകയായിരുന്നു.

അച്ഛന്റെ ചുമലിന് മുകളിലൂടെ അവൾ എത്തി നോക്കി.

"എണീറ്റോ? ഇപ്പൊ തീരും. ഇങ്ങിനെ തിരക്ക് കൂട്ടാതെ.", മഷിപ്പേന ചൂണ്ടു വിരലിനും നടുവിരലിനും ഇടയിൽ ചലിപ്പിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.

ആർക്കാപ്പൊ തിരക്ക്, അവൾ മനസ്സിൽ ഓർത്തു.

സബ് ജില്ലാ തലത്തിൽ കഥാപ്രസംഗമത്സരത്തിന് പങ്കെടുക്കണം എന്ന് കണക്ക് മാഷാണ് പറഞ്ഞത്. അപ്പോൾ തുടങ്ങിയ ഒരു പരവേശമാണ്. ആദ്യമായിട്ടാണ് സ്റ്റേജിൽ കയറാൻ പോകുന്നത്. ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു.


മത്സരത്തിന് പോകുന്നില്ല എന്നൊക്കെ വീട്ടിൽ ചെന്ന് പറഞ്ഞപ്പോഴാണ് അച്ഛൻ അവസാന തീരുമാനം പോലെ പറഞ്ഞത്.
"മോള് എന്തായാലും പങ്കെടുക്കണം. കഥാപ്രസംഗം ഞാൻ എഴുതിത്തരാം."

അപ്പോഴാണ് അവൾ ശരിക്കും ഞെട്ടിയത്.

പിറ്റേന്ന് തുടങ്ങിയ എഴുത്താണ്. രണ്ടു മൂന്നു ദിവസമായി. ഇടയ്ക്കിടെ വെട്ടിയും തിരുത്തിയും കടലാസ്സും പേനയും തമ്മിൽ യുദ്ധങ്ങൾ നടക്കുന്നത് കാണാമായിരുന്നു. ആ ദിവസങ്ങളിൽ എല്ലാം തന്നെ അവളുടെ സ്വപ്നങ്ങളിൽ മാലാഖ അവളോട്‌ സംസാരിച്ചു കൊണ്ടേയിരുന്നു. അങ്ങിനെ വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വന്നപ്പോൾ, അച്ഛൻ ഉമ്മറത്തിരിക്കുന്നു .

"ദാ , നിന്റെ കഥാപ്രസംഗം റെഡി."

അവൾ കൈ നീട്ടി ആ പേപ്പറുകൾ വാങ്ങി. കഥാപ്രസംഗത്തിന്റെ പേര് വായിച്ചപ്പോഴാണ് അവൾക്ക് വീണ്ടും പേടിയായത്‌.

ഴാൻ ദാർക്ക്.


"അച്ഛാ, ഇത് എന്തൊരു പേരാ. ഇത് എന്താ ശരിക്കും..", അച്ഛൻ മുറ്റത്തെ ഒരു കോണിൽ വിടർന്നു നില്ക്കുന്ന പനിനീർ റോസയുടെ അടുത്തായിരുന്നു. ഇലകളിൽ നിന്നും കുഞ്ഞു വെള്ളത്തുള്ളികൾ ഇറ്റു വീഴുന്നു. മഴ ഇപ്പോ തോർന്നതേയുണ്ടായിരുന്നുള്ളൂ .

"നീ അത് വായിച്ചു നോക്ക് , എന്നിട്ട് പറ."

അവൾ അകത്തേക്ക് കയറി. പുറകിലെ വാതിൽ തുറന്നു അമ്മ അകത്തേക്ക് കയറി വരുന്നുണ്ടായിരുന്നു.

"ഇത് കണ്ടോ അമ്മേ. ", അവൾ ചെറിയൊരു പരിഭവത്തോടെ ആ കടലാസ്സുകൾ അമ്മയുടെ നേരെ നീട്ടി.

"ഞാൻ വായിച്ചു. നല്ല കഥയാ. ", അമ്മ അകത്തെ അഴയിലേക്ക് പാതി ഉണങ്ങിയ തുണികൾ വിരിക്കാൻ തുടങ്ങി.

അവൾ കട്ടിലിലേക്ക് കമഴ്‌ന്നു കിടന്ന് വായിക്കാൻ തുടങ്ങി.

അങ്ങ് ദൂരെ, ഫ്രാൻ‌സിന്റെ വടക്ക് കിഴക്ക് പ്രദേശത്തുള്ള ഒരു ചെറിയ നാട്ടിൻപുറത്ത് ആണ് ഴാൻ ദാർക്കിന്റെ കഥ തുടങ്ങുന്നത്. വർഷങ്ങളായി ഇംഗ്ലീഷുകാരുമായി നടക്കുന്ന യുദ്ധം കാരണം പൊറുതി മുട്ടിയ ഒരു ജനതയ്ക്ക് ഇടയിലേക്കാണ്‌ അവൾ, ഴാൻ ദാർക്ക്, ജനിച്ച് വീഴുന്നത്.

അമ്മ പഠിപ്പിച്ച കത്തോലിക് മതവിശ്വാസങ്ങളും അച്ഛന്റെ കാലികളെ മേയ്ക്കലും മാത്രമായിരുന്നു ആ ബാല്യത്തിന് കൂട്ട്.

സ്കൂളിൽ പോകാൻ കഴിയാതെ, എഴുത്തും വായനയും ശീലമാക്കാതെ ഒരു ബാല്യം.

കഥ വായിക്കാൻ അവൾക്ക് താല്പര്യം കൂടി വന്നു. ഇടയ്ക്കിടെ നാലു വരികളിൽ ചെറിയ ഗാന ശകലങ്ങൾ. അവൾ ചുമ്മാ മൂളി നോക്കി.

പിന്നീട് കുറച്ച് മുതിർന്നപ്പോഴാണ് ഴാൻ ദാർക്കിന്റെ കാഴ്ചകളിലേക്ക് വിശുദ്ധർ പ്രത്യക്ഷപ്പെടുന്നത്. ഫ്രാൻസ് എന്ന രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അവളുടെ പങ്ക് വിശുദ്ധർ അവളോട്‌ വെളിപ്പെടുത്തി. അങ്ങിനെ പതിനാറാമത്തെ വയസ്സിൽ ഴാൻ ദാർക്ക് വീട് വിട്ട് ഇറങ്ങി. അധികാരം നഷ്ടപ്പെട്ട് രാജ്യത്തിന്റെ മറ്റൊരു കോണിൽ താമസിക്കുന്ന ചാൾസ് രാജാവിനെ കാണാൻ അവൾ , മുടി മുറിച്ച് ഒരു പുരുഷവേഷത്തിൽ ശത്രുവിന്റെ അധീനതയിലുള്ള മേഖലകളിലൂടെ പതിനൊന്ന് ദിവസത്തെ യാത്ര നടത്തി.

കട്ടിലിൽ കമഴ്‌ന്നു കിടന്ന അവൾ എണീറ്റിരുന്നു.

"ഈ കക്ഷി കൊള്ളാമല്ലോ.", അവൾ വായന തുടർന്നു.

ഒടുവിൽ പ്രയാസപ്പെട്ട് ഴാൻ ദാർക്ക്‌ ചാൾസ് രാജാവിനെ കണ്ടുമുട്ടുന്നു. വിശുദ്ധരുടെ വാക്കുകൾ രാജാവുമായി പങ്കു വെക്കുന്നു. ഒർലീൻസ് നഗരം മോചിപ്പിച്ചെടുക്കാൻ ഇംഗ്ലീഷുകാരുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന് താൻ നേതൃത്വം കൊടുക്കാം എന്ന് ഴാൻ ദാർക്ക്‌ പറഞ്ഞതും രാജാവ് അത് സമ്മതിച്ചതും ചരിത്രത്തിന്റെ പുതിയൊരു ഏടിന്റെ തുടക്കം ആയിരുന്നു.

സ്വയം ഒരു കഥാപ്രസംഗം അവതരിപ്പിക്കാൻ പെടുന്ന പാട് അവൾ ഓർത്തു. അതേ സമയം പതിനാറാമത്തെ വയസ്സിൽ കുതിരപ്പുറത്ത്‌ പടച്ചട്ടയും ധരിച്ച് ഒരു സൈന്യത്തെ നയിച്ച്‌ മുന്നോട്ടു കുതിക്കുന്ന ഴാൻ ദാർക്കിന്റെ ചിത്രം അവളുടെ ഉള്ളിൽ ആവേശത്തിരകൾ ഉയർത്തി.

നീണ്ട പോരാട്ടത്തിന്റെ അന്ത്യത്തിൽ ഒർലീൻസ് നഗരം ഫ്രഞ്ച് സൈന്യം തിരിച്ച് പിടിക്കുന്നു. യുദ്ധത്തിനൊടുവിൽ ഴാൻ ദാർക്കിന് , ഓർലിയൻസിന്റെ കന്യക, എന്ന വിളിപ്പേര് ചരിത്രം ചാർത്തിക്കൊടുക്കുന്നു.

ബാക്കി കഥ തുടരുന്നത് അവൾ സ്റ്റേജിന് മുന്നിലായി നിരന്നിരിക്കുന്ന അദ്ധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും മുൻപിൽ കഥാപ്രസംഗം അവതരിപ്പിക്കുമ്പോഴാണ്.

വിജയഭേരികൾക്ക് ഒടുവിൽ ഴാൻ ദാർക്ക് വീണ്ടും ഒരു യുദ്ധത്തിനായി പോയതും അവിടെ വെച്ച് ഇംഗ്ലീഷ് സൈന്യം അവളെ തടവിലാക്കിയതും, കഥാപ്രസംഗത്തിലൂടെ വിവരിക്കുമ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ച് ഇരുന്നു.

നീണ്ടു നിന്ന വിചാരണകൾ. എന്തെങ്കിലും കുറ്റം ചാർത്തിക്കൊടുക്കാനുള്ള പല മാർഗങ്ങളും അവളുടെ മുന്നിൽ പരാജയപ്പെടുന്നു. ഒടുവിൽ ആൺ വേഷം കെട്ടിയുള്ള അവളുടെ യാത്രകൾ മതപരമായ നിന്ദ ആണെന്ന ആരോപണത്തിന്റെ മുകളിൽ അവൾക്ക് മതപുരോഹിതർ വധശിക്ഷ വിധിക്കുന്നു.

ഴാൻ ദാർക്കിന്റെ അന്ത്യരംഗങ്ങൾ വിവരിക്കുമ്പോൾ പലപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു. പാട്ടുകളിൽ ഗദ്ഗദം കലർന്നു. സദസ്സിൽ വല്ലാത്തൊരു നിശബ്ദത.

മൈതാനത്ത് കുത്തി നിരത്തിയ മരത്തൂണിന് ചുറ്റും അടുക്കിയ മരക്കഷ്ണങ്ങൾ. പടയാളികൾ ഴാൻ ദാർക്കിനെ ആ മരത്തൂണിലേക്ക് വലിച്ചു കെട്ടുന്നു. അവൾ ആവശ്യപ്പെട്ടിട്ടാവാം, ഒരു പടയാളി അവൾക്ക് ചെറിയൊരു മരക്കുരിശ് നല്കി. അതവൾ തന്റെ ഉടുപ്പിന്റെ അരികിലേക്ക് തിരുകി വെച്ചു.


കണ്മുന്നിൽ ഉയർന്നു നില്ക്കുന്ന വേറൊരു കുരിശിലേക്കു അവൾ നോക്കി നില്ക്കെ, പടയാളികൾ മരക്കഷ്ണങ്ങൾക്ക് തീ കൊളുത്തി. കണ്ടു നിൽക്കുന്നവർ പലരും വിതുമ്പി. തീ ജ്വാലകൾ അവളെ അരുമയോടെ തഴുകുമ്പോൾ അവൾ ആകാശത്തേക്ക് നോക്കി പ്രാർത്ഥനയിൽ മുഴുകി.

അങ്ങിനെ തന്റെ പത്തൊമ്പതാം വയസ്സിൽ, വരാൻ പോകുന്ന ഒട്ടേറെ തലമുറകൾക്ക് പ്രചോദനം പകർന്നു കൊണ്ട്, ആ കന്യക ചരിത്രത്തിന്റെ ഭാഗമായി മാറി.


കഥാപ്രസംഗം അവസാനിച്ചത്‌ അവൾ പോലും അറിഞ്ഞില്ല. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം സദസ്സിൽ നിന്നും കയ്യടികൾ ഉയർന്നു. മുന്നിലത്തെ വരിയുടെ അറ്റത്ത്‌ ഇരുന്ന് അച്ഛൻ വിരൽത്തുമ്പ്‌ കൊണ്ട് കണ്ണുനീരിനെ തടഞ്ഞു നിർത്തി. അവൾ സ്റ്റേജിന്റെ പുറകിലേക്ക് ചെന്നപ്പോൾ അമ്മ അവളെ ചേർത്ത് പിടിച്ചു.

രാത്രിയിൽ, മേശപ്പുറത്ത് ഇരിക്കുന്ന ഒന്നാം സ്ഥാനത്തിന് ലഭിച്ച ട്രോഫിയും നോക്കിക്കിടന്ന് അവൾ മയങ്ങി.


ഉറക്കത്തിൽ, ഒരു വെള്ള കുതിരപ്പുറത്ത്‌, കാറ്റിൽ പറക്കുന്ന പതാകയുമായി കുന്നിൻ ചെരുവിലൂടെ അവൾ കുതിച്ചു പായുന്നത് അവൾ സ്വപ്നത്തിൽ കണ്ടു. അവൾക്ക് കിട്ടിയ ട്രോഫിയുടെ ചിത്രം പതാകയുടെ നടുക്ക് തിളങ്ങുന്ന വർണ്ണങ്ങളിൽ പാറിക്കളിച്ചു.

You've reached the end of published parts.

⏰ Last updated: May 11, 2016 ⏰

Add this story to your Library to get notified about new parts!

ഴാൻ ദാർക്ക്Where stories live. Discover now