മുഖം മൂടികൾ

301 19 8
                                    

എനിക്ക് നിങ്ങളുടെ കഥകൾ ഇഷ്ടമാണ്.
നല്ല ജീവനുള്ള കഥകൾ... പ്രത്യേകിച്ചും സ്ത്രീകളുടെ
മനസ്സുകൾ നിങ്ങൾ നന്നായി വരച്ചു കാട്ടുന്നു.''
'' താങ്ക് യു..''
'' എനിക്കൊരു ഉപകാരം ചെയ്യുമോ?''
''എന്താണ് ?''
''ഞാനൊരു സംഭവം പറയാം അതൊരു കഥയാക്കുമോ?''
''അങ്ങിനെ എല്ലാ സംഭവങ്ങളും കഥയാക്കാൻ പറ്റില്ല ജാനം ,''
''എന്തെ പറ്റാതെ..? ''
അതിനയാൾ ഉത്തരം പറഞ്ഞില്ല
''നിങ്ങൾ ഇതൊന്നു കേട്ട് നോക്കൂ കഥാകാരാ.. നല്ല സംഭവമാണ്''
''ഉം പറയൂ''
അയാൾ മെല്ലെ Ear phone കുത്തി. അധിക നേരം മൊബൈൽ ചെവിയോടു ചേർത്തു വെക്കുന്നത് മോശമാണെന്ന് എവിടെയോ വായിച്ചിരുന്നു..
ശബ്ദം ഒന്ന് ക്ലിയർ ആക്കി ജാനം തുടർന്നു.
'' അവൾ ഒരു പാവം പെണ്കുട്ടിയായി
രുന്നു..''
''ജാനം ,അതിനു മുൻപ് ഒരു ചോദ്യം ''
''എന്തേ ?''
''ഇയാടെ ശരിക്കും പേരെന്താണ്..? ഒന്നാ മുഖം കാണിക്കുമോ?''
''അതേയ്, എന്റെ പേരും നാളും അറിഞ്ഞിട്ടെന്തിനാ?
ഇയാൾ ആള് കൊള്ളാമല്ലോ..? ആണുങ്ങളെന്താ ഇങ്ങനെ?''
''പെണ്ണുങ്ങളെന്താ ഇങ്ങനെ..?''
''എങ്ങനെ..?''
''ജാൻ, മീര, കത്രീന, എന്നൊക്കെ ഉള്ള പേരില് അതും നടിമാരുടെ ഫോട്ടോയും വെച്ച്..! നിങ്ങൾക്കൊന്നും മുഖമില്ലേ..?''
''മോനെ എഴുത്തുകാരാ, നിങ്ങൾ ആണ് വർഗത്തെ എങ്ങനെ നമ്പും..? ഒരു ഫോട്ടോ കിട്ടിയാൽ നിങ്ങൾ അതു വെച്ച് എന്തൊക്കെ ഉണ്ടാക്കും..!
അതു കൊണ്ട് പൊന്നുമോൻ കൂടുതൽ ചികയേണ്ട..
ഈ കഥ കേട്ട് വല്ലോം എഴുതാൻ പറ്റുമോന്നു നോക്ക്..! അയ്യട...!''
''ഭവതി പറഞ്ഞാലും''
'' ആ പാവം പെണ്കുട്ടി ഒരു ഫിലിപ്പീനി ആയിരുന്നു.. അവൾ ജോലി തേടി ഗൾഫിലെത്തി..
അവിടെ വെച്ച് ഒരു വൃദ്ധന്റെ ഭാര്യ ആകേണ്ടി വന്നു..
അയാൾക്ക് പണം ഇഷ്ടം പോലെ ഉണ്ടായിരുന്നു,
പക്ഷെ അവൾക്കു സ്നേഹം മാത്രം കിട്ടിയില്ല..''
''സ്നേഹം ഇപ്പൊ ഓണ്ലൈനിൽ കിട്ടുമല്ലോ.. വയാഗ്ര..''
''അതേയ് , ശരീരം അല്ല ഉദ്ദേശിച്ചത്''
''കിളവന് നല്കാൻ പറ്റാത്ത സ്നേഹം ഏതാണെന്ന് ഭവതി പറഞ്ഞാലും''
അതു കേട്ടതും അവൾക്കു ഉത്തരം മുട്ടി..
''അതു വിട്, ഭവതി കഥ തുടരുക..''
''എന്നിട്ടും അവൾ ആ ജീവിതത്തോട് ഒത്തു ചേർന്ന് ജീവിച്ചു , പക്ഷെ അവിടെയും വിധി അവളെ വെറുതെ വിട്ടില്ല സംശയ രോഗിയായ ഭർത്താവിൽ
മനം മടുത്തു കഴിയവേ ആണ് അവൾ..''
''ഒരാളെ പരിചയപ്പെടുന്നത് അല്ലെ..? , അതിത്തരം കഥകളിൽ പതിവാണ്..''
''ഒരാളെയല്ല, പലരെ, പക്ഷെ ആർക്കും
അവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല,
എല്ലാവർക്കും അവളുടെ ശരീരം മാത്രമേ വേണ്ടിയിരുന്നുള്ളൂ..''
''ഇത്രേം മാന്യ ദേഹങ്ങൾ ''സ്നേഹം'' നൽകി
പോയിട്ടും, നിഷ്കളങ്കയായ പാവം നായികയ്ക്ക്
സ്നേഹം മനസ്സില്ലാകാത്തതാണ് അത്ഭുതം.
നിങ്ങൾ പെണ്ണുങ്ങളുടെ വിചാരമെന്താണ്..?
ഇഷ്ടം പോലെ പ്രേമിച്ചിട്ട്, പിന്നെ അവൻ ചതിച്ചു,
ഇവൻ ചതിച്ചു എന്നും പറഞ്ഞു വിലപിക്കും,
ഒരു നഷ്ട പ്രണയ നായികയായി സ്വയം
അവരോധിക്കും. അഴകാർന്ന സ്നേഹം,
നിറമാർന്ന മൗനം, നിന്റെ തന്ത്രി,
എന്റെ ബിന്ദു എന്നും പറഞ്ഞു കോപ്പിലെ
കുറെ കവിതകളും എഴുതി വിടും. ''
''അതേയ് , ഇയാടെ രോഷം ഇയാടെ പോക്കറ്റിൽ വെച്ചാൽ മതി, ഞങ്ങൾ
പെണ്ണുങ്ങളെ കുറ്റം പറയാൻ വരേണ്ട.''
''എല്ലാം പിൻവലിച്ചു, കഥ തുടരുക.''
''അപ്പോഴാണ് അവളൊരു യുവാവിനെ പരിചയപ്പെടുന്നത്.. പരസ്പരം വഴക്ക്
കൂടിയിട്ടായിരുന്നു ആ സൗഹൃദം തുടങ്ങിയത്,
പിന്നീടു അവളുടെ കഥകൾ കേട്ടപ്പോൾ
അവൻ അവളെ സ്വീകരിക്കാൻ ഒരുക്കമായി. അപ്പോഴേക്കും ഭർത്താവ് കിടപ്പിലായി..
പണമില്ലാത്ത അയാളെ ബന്ധുക്കളും കയ്യൊഴിഞ്ഞു.... അതിനാൽ അയാളെ കൈ വെടിയാൻ
അവൾക്കു കഴിഞ്ഞില്ല. അവസാനം
ആ ഭർത്താവ് തന്നെ ഒരു വഴി
പറഞ്ഞു കൊടുത്തു.. അയാൾ
ഡിവോഴ്സ് ചെയ്യാം, എന്നിട്ട് അവൾ
ആ യുവാവിനെ കല്യാണം കഴിക്കുക ,
പക്ഷെ മരണം വരെ ആദ്യ ഭർത്താവിനെ
നോക്കണം..അങ്ങനെ അതു പ്രകാരം
അവർ സുഖമായി കഴിയുന്നു.
നല്ല മനസ്സുള്ളവർക്ക് എന്നും നല്ലതേ വരൂ..''
എഴുത്തുകാരൻ കോട്ടു വാ വിട്ടു..
'' ഹലോ, നിങ്ങൾ അവിടെയുണ്ടോ..?''
''ഉം..''
''എന്തേ ഇത് കഥയാക്കാൻ കൊള്ളില്ലേ..?''
''പിന്നേ..''
'' എങ്കിൽ നാളെ തന്നെ എഴുതണം.. ഞാൻ കാത്തിരിക്കും..''
''എഴുതാം, പക്ഷെ ജാനം എനിക്കെന്തു തരും പ്രതിഫലം..? ''
അയാളിലെ പഴയ കോളേജ് പൂവാലൻ തലയുയർത്തി
''എന്റെ മുഖം ഞാൻ കാണിച്ചു തരും, വെബ് കേമിൽ ''
''എവിടെയാ നിന്റെ സ്ഥലം ?''
''ബഹറിൻ''
''ജാനം നാട്ടിലെപ്പോഴാ വരുന്നേ ?''
''അഞ്ചു കൊല്ലം കഴിയും''
''എങ്കിൽ നിന്നെ കണ്ടിട്ടും വല്യ കാര്യമില്ല''
''അപ്പൊ ഇതാ മാന്യന്റെ കയ്യിലിരിപ്പ്..നിങ്ങൾ ആള് കൊള്ളാല്ലോ..!
''നീയും മോശമല്ലല്ലോ, സ്വന്തം കഥ ഒരു ഫിലിപ്പീനിയുടെ തലയിൽ വെച്ചു
കെട്ടിയില്ലേ ?''
''അയ്യോ, എന്റെ കഥയല്ല, എനിക്ക് വളരെ അടുത്തറിയുന്ന കഥയാണ്..''
''ഉം, ഞാനൊന്ന് ശ്രമിക്കാം''
അയാൾ ഫോണ് കട്ട് ചെയ്തു..
എങ്ങനെ എഴുതും..? എങ്ങനെ എഴുതാതിരിക്കും..?
ജാനം, അവളൊരു സുന്ദരിയാണെങ്കിലോ..?
അപ്പൊ കഥ എഴുതിയെ പറ്റൂ. ആദ്യം
കഥാപാത്രങ്ങൾക്ക് പേരിടാം,
നായകന് അഹമദ് എന്ന പേരിരിക്കട്ടെ,
നായികയെ ഫാത്തിമ ആക്കാം,
ഭർത്താവ് കിളവൻ അബൂട്ടി ആകട്ടെ..
എങ്ങനെയോ അയാളാ കഥ എഴുതിത്തീർത്തു.
ഒന്നാന്തരം പൈങ്കിളിയാണ് സംഗതി..
തൽക്കാലം അവൾക്കു മാത്രം
അയച്ചു കൊടുക്കാം,
തന്റെ മറ്റു കഥകളെ കൂടി ഇത് ബാധിച്ചെങ്കിലോ..?
മെല്ലെ അവൾക്കൊരു മെയിൽ വിട്ടു.
''ഇതാ നിനക്ക് മാത്രമായി ആ കഥ ഞാൻ
അയക്കുന്നു.. ആ മുഖം കാണുന്നതും
പ്രതീക്ഷിച്ചു കൊണ്ട് - നിന്റെ എഴുത്തുകാരൻ''
വൈകീട്ട് അവളുടെ ഫോണ്
''ഹലോ, ഇയാടെ എഴുത്ത് സൂപർ,
ഞാനാ കഥ എല്ലായിടത്തും പോസ്റ്റ് ചെയ്തു..
പേടിക്കേണ്ട. ക്രെഡിറ്റ് ഞാനെടുത്തിട്ടില്ല..
ഇയാടെ പേരും, നമ്പറും തന്നെയാ വെച്ചിരിക്കുന്നെ.. നാളെ പകൽ ഇന്ത്യൻ സമയം 12 നു ഞാൻ
വെബ് കാമിൽ വരും.. കേട്ടോ..''
അയാൾ പിറ്റേന്ന് പുലരുന്നതും
പ്രതീക്ഷിച്ചിരിക്കവേ ഒരു ഫോണ് കാൾ:
''ഹലോ, ഇത് സൗദിയിൽ നിന്നാണ്.. നിങ്ങളാണോ
''മരു മനസ്സ്'' എന്ന കഥ എഴുതിയത്..?''
''അതെ.. ''
''എന്തിനാടാ മഹാ പാപീ നിനക്ക് ഞങ്ങളോടിത്ര
ദേഷ്യം ? ഞങ്ങളെന്തു തെറ്റാ ചെറ്റേ നിന്നോട്
ചെയ്തത്..?''
''അല്ല അതു.. ഞാൻ.. നിങ്ങളാരാ..?''
''ഞാൻ അഹമദ്, അബൂട്ടിയുടെ ഭാര്യ
ഫാത്തിമാടെ പുതിയ ഭർത്താവ്,
നിനക്ക് പേരെങ്കിലും മാറ്റിക്കൂടായിരുന്നോടാ
പരമ നാറീ...''
എഴുത്തുകാരൻ ഞെട്ടി.. കഥാപാത്രങ്ങളാണ്
നേരിട്ട് സംസാരിക്കുന്നത്.!
''ഒരു പാട് കണ്ണീരു കുടിച്ചതാണ് എന്റെ പെണ്ണ്,
അവളെ നീ വെറും മോശം പെണ്ണായി കാണിച്ചു, അവളെ നിനക്കറിയുമോടാ കി ഴങ്ങാ..?
അവൾ ചെയ്യുന്ന ത്യാഗം എത്ര വലുതാണെന്ന് അറിയുമോടാ നിനക്ക്..? പെണ്ണിനെ
അപമാനിക്കുന്ന നീയൊക്കെ ഏതു
കോപ്പിലെ എഴുത്തുകാരനാണെട
ാ കഴുവേറി... ''
എഴുത്തുകാരൻ ഉരുകിയൊലിച്ചു..
ലോകത്ത് നിലവിലുള്ള സകല തെറികളും,
പ്രാസം ഒപ്പിച്ചു അയാൾ കേട്ടു..
അല്പം കഴിഞ്ഞതും വേറെ ഫോണ്,
ഫാത്തിമയാണ്, കരഞ്ഞു കൊണ്ടാണ്
സംസാരം :
''നിങ്ങൾ എത്ര വലിയ എഴുത്തുകാരനായിട്ടും
കാര്യമില്ല, ഒരു പെണ്ണിന്റെ വേദന
മനസ്സിലാക്കാൻ കഴിയണം..എന്റെ ജീവിതത്തിൽ
രണ്ടു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ ,
എന്നിട്ടും നിങ്ങൾ എന്നെ മോശക്കാരിയാക്കി, എനിക്കൊരു ജീവിതം തന്ന ആ നല്ല മനുഷ്യനെയും
നിങ്ങൾ വെറുതെ വിട്ടില്ല, നിങ്ങളോട് ദൈവം ചോദിക്കും..ഉറപ്പായിട്ടും ദൈവം ചോദിക്കും ''
എഴുത്തുകാരന് കൈകാലുകൾ വിറച്ചു.
പിറ്റേന്ന് ഓണ് ലൈനിൽ വന്നിട്ടും ജാനം
അയാളെ കണ്ടില്ല..
മാസങ്ങൾക്കു ശേഷം ജാനം ചാറ്റ് റൂമിൽ
പുതിയൊരു ആളെ കണ്ടു..
ഹൃതിക് റോഷന്റെ ഫോട്ടോ ഇട്ടു,
ഹീ മാൻ എന്ന പേരിൽ ഒരാൾ.
പതിവു പോലെ അവൾ കയറി പരിചയപ്പെട്ടു
''ഹായ് ഹീമാൻ, ഞാൻ ജാനം.. ''
''ഹലോ''
''നിങ്ങൾ കഥ എഴുതാറുണ്ടോ..?''
''ചെറുതായി''
''ഒരു കഥ പറയട്ടെ.. എഴുതുമോ, സംഭവ കഥയാണ്''
മറുപടിയില്ല
''ഹലോ..''
''നിനക്കെന്നെ ദ്രോഹിച്ചിട്ടു മതിയായില്ലെടീ.. @*&%$# ?''

മുഖം മൂടികൾWhere stories live. Discover now