തുടർച്ചയായുള്ള യാസീന്റെ വിളി കേട്ടാണ് ഞാൻ വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകം താഴെ വെച്ച് ജനലിനടുത്ത് വന്നത്."നീ ഇവിടാരുന്നോ? " കിതപ്പോടെ അവൻ ചോദിച്ചു. "നിന്നെ എവിടൊക്കെ നോക്കീട്ട് വരാന്നറിയോ?"
" എന്തിന്?" എന്നെ അന്യേഷിച്ച് ഇവൻ നടക്കണെ കാര്യായിട്ട് എന്തോ കുഴപ്പണ്ട് .
"നിനക്ക് വീട്ടിൽ ഒന്നും പോണ്ടെ?"
" വീട്ടി പോണേൽ സ്ക്കൂൾ വിടണ്ടെ?" എന്ന് ചോദിച്ച് വാച്ചിൽ നോക്കിയതും സമയം 5 കഴിഞ്ഞിരിക്കുന്നു. യാസീനെ നോക്കിയതും അവൻ പല്ലിറുമ്മി ദേഷ്യത്തോടെ എന്നെ നോക്കുകയാണ്.
"ബെല്ലടിച്ചത് അറിഞ്ഞില്ല." ചമ്മിയ ഒരു ചിരിയോടെ പറഞ്ഞ് കൊണ്ട് ഞാൻ ഡോറിന് നേരെ നടന്നു. ഡോർ അടഞ്ഞ് കിടക്കുകയായിരുന്നു.
"ഇത് ലോക്ക്ഡ് ആണല്ലോ. " പരിഭ്രമത്തോടെ പുറത്ത് നിന്ന് യാസീൻ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
"അയ്യോ. ഇനി എന്നാ ചെയ്യും?" ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച അവസ്ഥയായിരുന്നു എന്റേത്.
" എന്ത് ചെയ്യാൻ? നാളെ നേരം വെളുക്കുന്നത് വരെ ഒന്നും ചെയ്യാൻ പറ്റത്തില്ല."
"അതെന്താ ?" പരിഭ്രമത്തോടെ ഞാൻ ചോദിച്ചു. നേരം വെളുക്കുന്നത് വരെ ഇത്രയും പുസ്തകങ്ങൾക്കിടയിൽ ഇരിക്കാൻ പറ്റുക എന്നൊക്കെ പറഞ്ഞാൽ സുഖമുള്ള കാര്യമാണ്. പക്ഷേ മമ്മയെ ഓർമ്മ വന്നതും എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു. ഇല്ലെങ്കിൽ വൈകാതെ എന്റെ ശവമായിരിക്കും കാണുന്നെ.
"സ്കൂളിൽ നീയും ഞാനും അല്ലാതെ വേറെയൊരു മനുഷ്യൻ ഇല്ല."
" നിന്റെ ഫോൺ തന്നേ. ഞാൻ ഹാമിദ് സാറിന് വിളിച്ച് നോക്കട്ടെ." ജനലിലൂടെ കൈ പുറത്തേക്ക് ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു.
"ഏത് ഫോൺ? നീ രാവിലെ നിന്റെ പുന്നാര ഹാമിദിനെ കൊണ്ട് പിടിപ്പിച്ച ഫോണോ?" യാസീൻ ദേഷ്യത്തോടെ ചോദിച്ചു.
ദൈവമേ ഞാനായിട്ട് എന്റെ കുഴി തോണ്ടുകയായിരുന്നല്ലെ.
" നീ ഏതായാലും ഇതിനകത്ത് കിടന്നൊ. നേരം വെളുക്കുവോളം ഇഷ്ട്ടം പോലെ ഇരുന്ന് വായിച്ചൊ. ഞാൻ പോവാ."
"പൊക്കോ. " അല്ലെങ്കിലും ഇവനും ഞാനും ഒരിടത്ത് ഒട്ടും ശരിയാവത്തില്ല. ഞാനും ബുക്സും മാത്രം മതി.
"ഞാൻ സത്യായിട്ടും പോവും. "
" ഒന്ന് പോടാ."
ഒരു ആവേശത്തിന് അങ്ങനെ പറഞ്ഞെങ്കിലും യാസീൻ നടന്ന് നീങ്ങിയതും എന്റെ ഉള്ളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു.
∆∆∆∆
രണ്ട് വർഷം മുമ്പ് പൂർത്തീകരിക്കാനാവാതെ പാതി വഴിയിൽ നിർത്തിയിട്ട് പോയതായിരുന്നു ഈ കഥ. ഇനിയെങ്കിലും തീർക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വീണ്ടും പബ്ലിഷ് ചെയ്യുന്നത്. ഇനി എന്താവോ എന്തോ?