കോവിഡ് കാലമായതിനാലും വീട്ടിൽ ഒറ്റയ്ക്കായതിനാലും ഗേറ്റ് താഴിട്ടു പൂട്ടിയിടാറാണ് പതിവ്. മാസങ്ങളായി ആളില്ലാതെ പൂട്ടി കിടന്ന വീടിൻ്റെ മുറികൾ ഓരോന്നും ദിവസങ്ങൾ എടുത്താണ് വൃത്തിയാക്കിയത്, മാറാലയുടെ പൊടി അലർജിയാണ്. ബാക്കിയുള്ള ശരീര ഭാഗങ്ങൾ എല്ലാം മറന്നാലും മൂക്കിന് പൊടിയുടെ കാര്യത്തിൽ നല്ല ഓർമ്മശക്തിയാണ്. ഒരു മുറി ഇനിയും വൃത്തിയാക്കാൻ കിടക്കുന്നു. വീടിൻ്റെ പിൻവശത്തായി തൂക്കിയിട്ടിരിക്കുന്ന ഓർക്കിഡ് ചെടികളിലൊന്നിന് ചെറിയൊരു വാട്ടം. തോരാതെ പെയ്യുന്ന മഴയല്ലെ. വെള്ളം കൂടീട്ടാവും. വാഴയിലകളിലും ചേമ്പിലകളിലും മാവിനെ പൊതിഞ്ഞു നിൽക്കുന്ന കുരുമുളക് വള്ളിയുടെ ഇലകളിലും കുട പോലെ പൂവിട്ടു നിൽക്കുന്ന മുല്ലവളളിയുടെ ഇലകളിലും പൂവിതളുകളിലും മഴ പെയ്യുന്നുണ്ടായിരുന്നു. തണുത്ത കാറ്റ്... വാടി നിൽക്കുന്ന ഓർക്കിഡ് ചെടിയെടുത്തു മഴ കൊളളാത്ത പുതിയ സ്ഥലത്തേക്ക് മാറ്റി വച്ച് അതിൻ്റെ ഇലകളെ പരിപാലിച്ചു നിൽക്കുമ്പോൾ വീടിനുള്ളിൽ നിന്നും മൊബൈൽ ഫോൺ ശബ്ദിച്ചു. വീടിനുള്ളിൽ കയറി കതകും ജനലുകളും അടച്ചിട്ടും ശരീരത്തിൻ്റെ തണുപ്പ് മാറിയില്ല. ഏതേലും ജനൽ തുറന്നു കിടപ്പുണ്ടാവും. മൊബൈൽ ഫോൺ എടുത്തപ്പോൾ കൂട്ടുകാരൻ്റെ കോൾ. പുറത്ത് മഴ കനത്തു വരുന്നു. മഴയുടെ ശബ്ദം.... തണുപ്പും കൂടി വരുന്നു...
"ഹലോ "
"ഹലോ എടാ നീ എവിടാ ?" കൂട്ടുകാരൻ്റെ ശബ്ദം
" ഞാനിവിടെ വീട്ടി ... "
"ഹലോ എടാ ക്ലിയർ അല്ലല്ലോ... നീ എവിടാ ? കേൾക്കാമോ?" കൂട്ടുകാരൻ വീണ്ടും ചോദിച്ചു.
ഞാൻ പറയുന്നതൊന്നും അവന് വ്യക്തമായിരുന്നില്ല. മൊബൈൽ സ്ക്രീനിൽ നോ നെട് വർക്ക് കാണിക്കുന്നു.
മൊബൈൽ ടേബിളിൽ വച്ച് തണുപ്പ് ഇരച്ചു കയറുന്ന വഴി തേടി... നടന്നു....
കാറ്റിൽ ജനലടയുകയും തുറക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു തുടങ്ങി... മുറി കണ്ടു പിടിച്ചപ്പോൾ.... ഇനിയും വൃത്തിയാക്കാനുള്ള മുറി... " അടിപൊളി " " ഈ റൂം തന്നെ വേണായിരുന്നു. " വാതിൽ തുറന്ന് അകത്തു കടന്നപ്പോൾ ഒരു ജനൽ പാളി തുറന്നു കിടന്നിരുന്നു... നല്ല തണുപ്പ്... ഉള്ളിലേക്ക് വരുന്ന കാറ്റിൽ ജനൽ കർട്ടൺ സ്വൽപ്പം മാറുമ്പോൾ മുറിയിലേക്ക് അരിച്ചു കയറുന്ന മങ്ങിയ വെളിച്ചത്തിൽ മുറിയിലെ ചൂരൽ കസേരയിൽ ആരോ ഇരിക്കുന്ന പോലെ... നെഞ്ചിൽ ഒരു ഇടിവാള് വെട്ടി... കുറെ തുണികൾ കസേരയിൽ കൂട്ടിയിട്ടിരുന്നു... അതാണോ? വീണ്ടും സർവ്വ ശക്തിയെടുത്തു സൂക്ഷിച്ചു നോക്കിയപ്പോൾ ശരീരം തളർന്നു പോകുന്ന പോലെ... തണുപ്പ് അരിച്ചു കയറുന്നു... ജീവനറ്റ ഒരു ശരീരം കസേരയിൽ... എപ്പോൾ? എങ്ങനെ? ഡോറിൻ്റെ കൈപ്പിടിയിൽ തളർന്ന് താങ്ങി പിടിച്ചു നിൽക്കുമ്പോൾ മൊബൈൽ ഫോൺ വീണ്ടും ശബ്ദിച്ചു... കാലുകൾ വേച്ചു വേച്ചു മൊബൈലിൻ്റെ അടുത്തെത്തി നോക്കിയപ്പോൾ സ്ക്രീനിൽ നോ നെട് വർക്ക്. അതെടുക്കാതെ ജനലിൻ്റെ അടുക്കലെത്തി ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ പുറത്ത് മഴ നനയാതെ മാറ്റി വച്ച വാടിയ ഓർക്കിഡ് ചെടി ഇപ്പോഴും പഴയ സ്ഥലത്തു തന്നെ മഴ നനഞ്ഞു നിൽക്കുന്നു... അപ്പോഴും വാഴയിലകളിലും ചേമ്പിലകളിലും മാവിനെ പൊതിഞ്ഞു നിൽക്കുന്ന കുരുമുളക് വള്ളിയുടെ ഇലകളിലും കുട പോലെ പൂവിട്ടു നിൽക്കുന്ന മുല്ലവളളിയുടെ ഇലകളിലും പൂവിതളുകളിലും മഴ പെയ്യുന്നുണ്ടായിരുന്നു.