മനസ്സിൽ ആദ്യമായ് തോന്നിയ പ്രണയമായിരുന്നു അവൾ. ആദ്യമായ് കണ്ടനാൾ അവളോട് തോന്നിയ കൌതുകം കാലം പ്രണയമായ് എന്നിൽ വളർത്തി. പക്ഷേ അവൾ എന്നോട് കാണിച്ച സത്യസന്ധമായ സൌഹൃദം എന്റെ പ്രണയത്തെ മനസ്സിൽ മാത്രമായ് ഒതുക്കുവാൻ പ്രേരിപ്പിച്ചു. സ്കൂളിൽ എല്ലാവരും ഒരുമിച്ചുള്ള ആ അവസാന ദിവസം അവളോട് മനസ്സിലുള്ളത് പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എനിക്ക്. വിടപറഞ്ഞവൾ സ്കൂളിൽ നിന്ന് ഇറങ്ങുമ്പോൾ സ്കൂളിന്റെ പടിവാതിലിൽ നിന്ന് ഞാനവളെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞപോലെ എനിക്ക് തോന്നി. ഒടുവിൽ അവളുടെ നിഴൽ മായും വരെ ആ പടിവാതിലിൽ വെറുതെ ഞാൻ അവൾ പോയ വഴിയെ നോക്കി നിന്നു. പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് മനസ്സിൽ ഒളിപ്പിച്ച പ്രണയം ഒരുവട്ടം അവളോട് പറയാൻ കഴിഞ്ഞെങ്കിൽ എന്ന്. പക്ഷേ...... കാലം കടന്ന് പോവുക തന്നെ ചെയ്യും.