അനന്തമായ ആകാശത്തേക്ക് കണ്ണുംനട്ട് അവളിരുന്നു, ആഴങ്ങളിലേക്കിറങ്ങി ചെല്ലും തോറും ആ നീലയുടെ തീവ്രത ഏറിയേറിവരുന്നു, പിന്നെയത് കറുപ്പായി മാറുന്നു, കറുപ്പ് കനക്കുന്നു, എങ്ങും ഇരുട്ട്, ഇനിയൊന്നുമില്ല!
ഇവക്കൊക്കെ കുടക്കീഴിൽ താനും തന്റെ നോവുകളുമെത്ര ചെറുത്!
ഏറേനേരത്തെ തുറിച്ചുനോട്ടത്തിനിടയിൽ കൺകളൊന്ന് ചിമ്മി, മുമ്പിൽ മേഘങ്ങൾ നിരന്നിരിക്കുന്നു, ചിലത് തിടുക്കപ്പെട്ട് ഓടിയകലുന്നു, മറ്റുചിലത് ശാന്തമായങ്ങനെ ഒഴുകിനീങ്ങുന്നു, ഒരുമൂലക്ക് ചീഞ്ഞളിഞ്ഞ് നിറം മങ്ങി നീങ്ങിനിരങ്ങി മറ്റൊരു കൂട്ടം വിശ്രമിക്കുന്നു..
അല്ല, അത് മേഘങ്ങളല്ല, തന്നെ പോലെ, അറ്റം നിശ്ചയിക്കാത്ത ഈ നീലിമയിൽ മുങ്ങിനിവർന്ന് ഒഴുക്കിവിടുന്ന പലരുടേയും അസ്വസ്ഥതകളുടെ, വേദനകളുടെ ഭാണ്ഡക്കെട്ടുകളാണ്..
ദൂരേ മലകൾക്കു ചെരുവിലേക്ക് മറയുന്നത് വരേ, കഷ്ടിച്ച് നീങ്ങുന്ന ആ ഭാണ്ഡക്കെട്ടുകളെ അവളുടെ കണ്ണുകൾ പിന്തുടർന്നുകൊണ്ടിരുന്നു. പിറകേ വിളറിവെളുത്ത് വയറുവീർത്ത ഒരു കൂട്ടം ഓടിയടുത്തു.
ഇവക്കെല്ലാം എന്ത് ഭംഗിയാണല്ലേ ?!
അതങ്ങനെയാണ്, നോവുകളുടെ അത്രക്കങ്ങ് ഭംഗി കാണില്ലല്ലോ സന്തോഷങ്ങൾക്ക്..
ഉള്ളിലിരുന്ന് പുകഞ്ഞുകത്തുന്ന ചില നോവുകളെ അഴിച്ചുവിടാനല്ലേ താനുമീവിധം പരിശ്രമിക്കുന്നത് ?
എല്ലാമൊന്നലിഞ്ഞു തീരാൻ താനും കൊതിച്ചതല്ലേ ഒരുപാട് ?
എന്നിട്ടും ഒരു ശാപം പോലെ എല്ലാം തന്നെ പിന്തുടർന്നുകൊണ്ടിരിക്കുന്നു, ജീവന്റെ അവസാന കണികയും ഇറ്റുവീഴുന്നതിനായി കാത്തിരിക്കുകയാണോ എല്ലാമൊന്ന് കരിഞ്ഞുപോകാൻ ?
ആ ചിന്തകളുടെ വീർപ്പുമുട്ടലിൽ അവളോർത്തു, നിറങ്ങളെ കൂട്ടുപിടിച്ച് കണ്ണുകളിൽ നക്ഷത്ര തിളക്കമൊളിപ്പിച്ച പ്രിയപ്പെട്ടവരെ ലോകമാക്കിയ ഒരുവളെ.
കാഴ്ച്ച മങ്ങി.
നിറങ്ങളെ ചവറ്റുകൊട്ടയിലെറിഞ്ഞ് ശൂന്യതയിലേക്ക് കണ്ണുംനട്ട്, ഇരുട്ടിനെ മറയാക്കി, നിശബ്ദതയെ കൂട്ടാക്കിയ മറ്റൊരുവൾ മിഴിവോടെ ഓർമ്മയിൽ വന്നുനിന്നു.
അപ്പോഴും ആ കണ്ണുകൾ തിളങ്ങിയിരുന്നു, മുമ്പത്തേക്കാൾ തെളിമയോടെ.
ചിത്രം മാഞ്ഞു.
തലചെരിച്ചവൾ തന്നിലേക്കൊരുവേള നോട്ടമെറിഞ്ഞു.
ആദ്യം കണ്ട രണ്ട് രൂപങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തം.
നിറങ്ങളിന്നും അന്യമാണ്, പ്രിയപ്പെട്ടവരെന്ന് വിളിപ്പേരുണ്ടായിരുന്നവരും!
അപരിചിതരെന്നും അത്ഭുതമാണ്, അതിലുപരി പ്രിയവും. ചോദിക്കുന്നവർക്കെല്ലാം കൊടുത്തുവിടാൻ, മായാത്തൊരു ചിരിയുണ്ട്, പ്രതീക്ഷ കെട്ടെങ്കിലും കണ്ണുകളിലിപ്പോഴുമാ തിളക്കമുണ്ട്, നക്ഷത്രങ്ങളെ തോല്പിക്കുന്ന തിളക്കം!
ആ തിരിച്ചറിവിൽ കണ്ണുകളൊന്ന് വിടർന്നോ ?
ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞോ ?
ചോദ്യങ്ങൾക്കുത്തരമെന്നോണം ഉള്ളു തണുപ്പിച്ചൊരു കുളിർകാറ്റ് വീശി.
ചുട്ടുപൊള്ളുന്ന മരുഭൂമിയിലൊരു തുള്ളി ഇറ്റി വീണ സുഖം.
മനസ്സിലെ തിരി കെട്ടോ ?
ഇല്ല! തനിക്കുള്ളിലെ ഏതോ ഒരുവൾ അലറിക്കരഞ്ഞുകൊണ്ട് അസ്വസ്ഥതകളുടെ പടവുകളോരോന്നും കയറിക്കൊണ്ടിരിക്കുകയാണ്.
ഉള്ളിന്റെയുള്ളിൽ ഒരു ചുഴി രൂപപ്പെടുന്നത് അവളറിഞ്ഞു, ആ ചുഴിയുടെ ആഴങ്ങളിലേക്ക് മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കേ പേരറിയാത്തൊരു വികാരം അവളെ പൊതിഞ്ഞുപിടിച്ചു.
ഒന്ന് കനിഞ്ഞൂകൂടെ ഇനിയെങ്കിലും ? എന്തിനിനിയും ഈ വിധം നോവിക്കുന്നു ?
ചിന്തകളങ്ങനെ പാറിനടക്കുന്നേരം കാലുകൾ ചലിച്ചതറിഞ്ഞില്ല..
കാല്പാദങ്ങൾ പതിയുന്നിടത്തെല്ലാം തീകട്ടകളാണ്, പൊള്ളിയടർന്ന കാലുകളെ നോക്കി അവളങ്ങനെ നിന്നു.
കൊതിയോടെ മുമ്പിലെ കണ്ണാടിയിലൊന്ന് നോക്കി, ചിരിച്ചു..
പതിവുതെറ്റിച്ച് കണ്ണാടിക്കുള്ളിലുള്ളവൾ മുടി കൊരുത്തുപിടിച്ച് അവളെ നോക്കി അലറിവിളിച്ചു, ഒരു ഭ്രാന്തിയെ പോലെ. പ്രതികരണമേതുമില്ലാത്തത് കണ്ടവളൊന്ന് നെറ്റിചുളിച്ചു, തിരിഞ്ഞുനടന്നു.
പെട്ടെന്ന് മുറിയിലുള്ളതെല്ലാം അവൾക്കു നേരെ പറന്നുയർന്നു!
പിറകേ കോപം പൂണ്ട് നിൽപ്പുറപ്പിച്ചൊരു ഭ്രാന്തി.
ഉള്ളിലുള്ള സംഘർഷങ്ങൾ പുറത്തേക്ക് ചാടുമോ ?
കാലമിത്രയും താനെടുത്തണിഞ്ഞ ഈ മുഖംമൂടി അഴിഞ്ഞുവീഴുമോ ?
അവൾ ഭയന്നു.
അത്ഭുതം, തന്റെ നേർക്ക് പറന്നുയർന്നതെല്ലാം തന്നിൽ വീണുടയും മുമ്പേ അപ്രത്യക്ഷമാകുന്നു!
ക്ഷണനേരം കൊണ്ട് മുറി ശൂന്യമായി, ആ ഭ്രാന്തി അവളുടെ നേർക്കുതിരിഞ്ഞു.
അവൾക്കുനേരെ ഒരു കൂർത്ത നോട്ടമെറിഞ്ഞതും കണ്ണെരിഞ്ഞുകത്തുന്നു.
വെപ്രാളത്താൽ കണ്ണുകൾ ചിമ്മിത്തുറന്നതും തനിക്ക് മുമ്പിൽ അണിനിരന്നുനിൽക്കുന്ന ആയിരങ്ങളെ കണ്ടവൾ അമ്പരന്നു.
എല്ലാവർക്കും ഒരേ ഛായ, ഇതെല്ലാം തന്റെ മുഖങ്ങളല്ലേ ?
എല്ലാ മുഖങ്ങളിലും ദേഷ്യം നിഴലിക്കുന്നു, തുറിച്ചുനോക്കുന്ന പലമുഖങ്ങളിലൂടേയും കണ്ണുകളോടിച്ചുകൊണ്ടിരിക്കേ അവൾക്ക് ഭ്രാന്ത് പിടിക്കുമെന്നായി.
അല്ലല്ല, ഭ്രാന്തിക്കിനിയെങ്ങോട്ട് ഭ്രാന്ത് കയറാനാണ് ?
ഭ്രാന്ത് മൂക്കുന്നു.
ഭ്രാന്തിന്റെ ഗർത്തത്തിലേക്ക് ചാടുന്നേരം ആശ്വാസമായി എവിടെ നിന്നോ ഒരു മൂളിപ്പാട്ടുയർന്നു, വേദനയോടെയുള്ള ആ ശബ്ദം പോകേപോകേ അവൾക്കരോചകമായി തോന്നി.
എവിടെ നിന്നാണത് ?
പെട്ടെന്നൊരു ഇടിമുഴക്കം.
YOU ARE READING
തീരാനോവ്
Short Storyകടുകട്ടി ഇരുട്ടിൽ ഒളിച്ചിരുന്ന് നിശബ്ദതയുടെ സംഗീതത്തിലലിഞ്ഞ് വിഷാദം തീർത്ത മതിൽകെട്ടുകൾക്കപ്പുറം കണ്ണുകൾ പായിക്കാനാകാതെ നോവിന്റെ എരിയുന്ന അഗ്നിയിൽ വെന്തുരുകിയ ഒരു ഹൃദയത്തിന്റെ കഥ...