ഇന്നത്തമാണ്, ഇന്നുമുതൽ പത്തു ദിവസവും പൂക്കളമൊരുക്കണം. കുറച്ചു വര്ഷങ്ങളായി മനപ്പൂർവം ഞാനൊഴിവാക്കിയ ഒരു കാര്യമാണ് അത്തപ്പൂക്കളമൊരുക്കൽ. അതിരാവിലെ എഴുന്നേറ്റ്, കുളിച്ചു കുറിതൊട്ട് പൂവ് പറിക്കാനിറങ്ങിയിരുന്ന ഒരു കാലമെനിക്കുമുണ്ടായിരുന്നു. മുറ്റത്തെ മാങ്കൊമ്പിലെ ഊഞ്ഞാലും കൂട്ടുകാരുമൊത്തുള്ള ഓണക്കളികളുമെല്ലാം ഇന്നെനിക്കു ഗൃഹാതുരത്വം ഉണർത്തുന്നയോർമ്മകൾ മാത്രമാണ്.
അങ്ങനെ പഴയ ഓർമ്മകൾ അയവിറക്കി പതിയെ മുറ്റത്തേക്കിറങ്ങിയ എന്നെ വരവേറ്റത് നിരാശയുണർത്തുന്ന കാഴ്ചയായിരുന്നു. മറ്റൊന്നുമല്ല, പൂക്കളമിടാനിറങ്ങിയ എനിക്കെന്റെ വീട്ടുമുറ്റത്ത് ഒരു പൂവുപോലും കാണുവാൻ സാധിച്ചില്ല. പകരം നിൽക്കുന്ന ഇലച്ചെടികളാകട്ടെ, എന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്നതായും എനിക്ക് തോന്നി. പൂക്കളമിടാൻ ഒരു പൂവുപോലും മുറ്റത്തില്ല എന്നുള്ള യാഥാർഥ്യം എന്നെയേറെ വേദനിപ്പിച്ചു.
വീണ്ടും ഞാനോർമകളുടെ ചാലിലേയ്ക്ക് വീണു. പണ്ടെല്ലാം എത്രമാത്രം പൂവുള്ള ചെടികളുണ്ടായിരുന്ന മുറ്റമായിരുന്നു എന്റെ വീടിന്റേത്. എന്നാലിന്നാകട്ടെ ഏറെ മോഹിച്ചൊന്നു പൂക്കളമൊരുക്കാൻ ഒരുങ്ങിയയെനിക്ക് പൂവില്ലാത്ത ചെടികൾ നോക്കി അന്ധാളിച്ചു നിൽകുവാനെ കഴിഞ്ഞുള്ളു.
പക്ഷെ, അങ്ങനെയൊന്നും തോൽവി സമ്മതിക്കുവാൻ ഞാനൊരുക്കമല്ലായിരുന്നു. 'കൊല്ലാം പക്ഷെ തോൽപിക്കാനാവില്ല' എന്ന ചെഗുവേരയുടെ വാക്കുകൾ കടമെടുത്ത്, ഞാൻ മുറ്റത്തു നിന്നും വീടിനോട് ചേർന്നുള്ള പറമ്പിലേക്കിറങ്ങി. എന്റെ നിരാശയ്ക്ക് അറുതി വരുത്തി പ്രതീക്ഷയുടെ വെളിച്ചം വീശിയതുപോലെ, പറമ്പിലെന്റെ അച്ഛൻ നട്ട മത്തൻ പടർന്നു പന്തലിച്ചു പൂക്കളോടുകൂടി നിൽപ്പുണ്ടായിരുന്നു. മറ്റു പൂക്കളുണ്ടോ എന്നയെന്റെ ദീർഘനേരത്തെ തിരച്ചിലിനൊടുവിൽ ഒരു പിടി തൊട്ടാവാടിപ്പൂവ് മാത്രമാണെനിക്ക് ലഭിച്ചത്. പിന്നെ മറ്റൊന്നും ചിന്തിച്ചു നേരം കളയാതെ ഞാനാ മത്തപ്പൂക്കളിൽ കുറച്ചു പറിച്ചു. മുറ്റത്തെ ഇലച്ചെടികളിൽ നിന്നും നിറമുള്ള ഇലകൾ നോക്കി പറിച്ചു. ഇലകളും മത്തപ്പൂവും ചെറിയതായി അരിഞ്ഞു, തൊട്ടാവാടിപ്പൂവും ചേർത്ത് ഞാനൊരു വമ്പൻ പൂക്കളമൊരുക്കി.
മത്തപ്പൂവിന്റെ അതിപ്രസരം കൊണ്ടാവാം എന്റെ മുത്തശ്ശി മത്തപ്പൂ കൊണ്ടൊരു അത്തപ്പൂ ഇട്ട നിന്നെ സമ്മതിച്ചു എന്നു പറഞ്ഞപ്പോൾ, എനിക്ക് തോന്നിയത് അഭിമാനമാണോ എന്നിപ്പോഴും എനിക്ക് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
എന്തായാലും ബാക്കി പത്തു ദിവസവും അത്തമിടാൻ പൂക്കളില്ലാത്തതിനാൽ മത്തപ്പൂ തന്നെയാണെന്റെ ശരണം. അങ്ങനെ ഇത്തവണ ഓണം 'മത്ത'പ്പൂക്കളത്തോടെ ഞാനും എന്റെ കുടുംബവും ഗംഭീരമായി ആഘോഷിച്ചു തുടങ്ങി, അടുത്ത ഓണത്തിന് അത്തപ്പൂക്കളമിടാമെന്ന ശുഭപ്രതീക്ഷയോടെ.
