ആകുലതകൾ മൗനങ്ങൾ ആയി മനസ്സിൽ പെയ്തിറങ്ങി. മുറ്റത്ത് കെട്ടിനിൽക്കുന്ന ചെളി വെള്ളത്തിൽ ദുശ്ചിന്തകളുടെ കുമിളകൾ പൊങ്ങി പൊട്ടി ക്കൊണ്ടിരുന്നു. ഭയം ഏകാന്തതയുടെ കൂരയിലേക്ക് ഒളിഞ്ഞുനോക്കുകയാണ്. ശരീരത്തിൽ അരിച്ചിറങ്ങുന്ന തണുപ്പിനെ പുറത്തുനിന്ന് വന്ന ശീതക്കാറ്റ് അണച്ചുചേർക്കുന്നു. കത്തിയൊടുങ്ങാറായ മെഴുകുതിരി വെട്ടത്തെ തട്ടിപ്പറിച്ചാണ് കിഴക്കോട്ട് ആ കാറ്റ് കടന്നുകളഞ്ഞത്.
മിന്നൽ വെളിച്ചം നൽകിയ ഔദാര്യത്തിൽ അയാൾ കട്ടിൽ കണ്ടുപിടിച്ചു അതിലേക്ക് ചാഞ്ഞു. ഇരുട്ട് പുതച്ച് കണ്ണടച്ചപ്പോൾ അയാൾ ഉറക്കത്തിൽ അമരുകയാണെന്ന് സ്വയം സമാധാനിച്ചു. അരുതാത്തതൊന്നും അറിയേണ്ടന്ന് കരുതി മനസ്സിന്റെ കതകടച്ചു. ഇടയ്ക്കിടെ മിന്നൽ വെളിച്ചത്തിൽ അലറി വരുന്ന ഇടിനാദം സാക്ഷയില്ലാത്ത മനസ്സിന്റെ കതകുകൾ തുറന്നു കൊണ്ടിരിക്കുകയാണ്. ഒന്നു മയങ്ങിയതേയുള്ളൂ, ജപ്തി നോട്ടീസുമായി വരുന്ന ബാങ്ക് ജീവനക്കാരനെ സ്വപ്നം കണ്ട് അയാൾ അട്ടഹസിച്ചു. പിന്നെ ധൈര്യം സംഭരിച്ച് പറഞ്ഞു. ഞാൻ ഇന്നലെ രാത്രി തന്നെ മരിച്ചിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റ് പിണങ്ങിപ്പോയ ഭാര്യയുടെ കയ്യിൽ കാണും. ദൂരെ നിന്ന് പട്ടി കുരക്കുന്നത് കേട്ട് അയാൾ പാതിയുറക്കത്തിലെ സ്വപ്നത്തിൽ നിന്ന് ഉണർന്നു. അതെ ദുഷ്ടാത്മാക്കളെ കാണുമ്പോഴാണ് പാതിരാക്ക് പട്ടി കുരക്കുന്നത്. ശരിക്കും ഞാൻ മരിച്ചിരിക്കുന്നു. കിട്ടാനുള്ള കടം ആരും എന്നോട് ചോദിക്കരുത്. കാറ്റിൽ ഒടിഞ്ഞുപോയ വാഴകൾ സാക്ഷി. നാളിതുവരെ എൻ്റെ നിശ്വാസങ്ങൾ അനുഭവിച്ച അവർക്ക് എൻ്റെ മരണവും അറിയാതിരിക്കില്ല.
YOU ARE READING
ഞാൻ മരിച്ചിരിക്കുന്നു
General Fictionഞാൻ മരിച്ചിരിക്കുന്നു. A short story of a lone man.