കടയിൽ നിന്നും ബാക്കി കിട്ടിയ നാണയങ്ങൾ എണ്ണി പോക്കറ്റിലേക്ക് ഇടാൻ തുടങ്ങുമ്പോഴാണ് ഒരു ബാലൻ അവിടേക്ക് കയറി വന്നത്.
മുഷിഞ്ഞ ഒരു നിക്കർ മാത്രമായിരുന്നു അവൻറെ വേഷം. കഴുത്തിൽ കറുത്തൊരു ചരട്. പൊടി പടർന്ന നെഞ്ചിൽ എല്ലുകൾ തെളിഞ്ഞ് കാണാം. അലസമായി കിടക്കുന്ന ചട പിടിച്ച മുടിയിഴകൾ.
അവൻ വലത്തേ കൈ നിക്കറിൻറെ പോക്കറ്റിലിട്ട് ഒരു പ്രത്യേക രീതിയിൽ അനക്കുന്നുണ്ടായിരുന്നു.
കടയുടെ പടിയിലേക്ക് കയറി നിന്ന് അവൻ ചില്ലിൻ കൂട്ടിൽ ഇരിക്കുന്ന ഒരു ചോക്ലേറ്റ് ചൂണ്ടിക്കാണിച്ച്, അത് വേണം എന്ന് പറഞ്ഞു.
"അതോ? അതിന് മുപ്പത്തഞ്ച് രൂപയാവും..", കടക്കാരൻ അവനെ ഒരു പുശ്ച്ചത്തോടെ നോക്കി അടുത്തിരുന്ന പേപ്പറുകൾ അടുക്കി വെക്കാൻ തുടങ്ങി.
അവൻ വലത്തേ കൈ നിക്കറിന് പുറത്തേക്ക് എടുത്തു. ചുരുട്ടിപ്പിടിച്ച കയ്യിൽ ഒരു പത്തു രൂപയുടെ നോട്ടും കുറേ നാണയങ്ങളും.
"മുപ്പത്തഞ്ച് രൂപയുണ്ട്.", അവൻ ആ പൈസ മുഴുവൻ കടക്കാരൻറെ മുന്നിൽ മേശപ്പുറത്ത് വെച്ചു. അപ്പോഴാണ് ഞാൻ ആ കൈ ശരിക്ക് കണ്ടത്. മൂന്ന് വിരലുകൾ മുറിഞ്ഞ് പോയത് പോലെ. ബാക്കിയുള്ള തള്ള വിരലും ചൂണ്ടു വിരലും മുരടിച്ച് കൈപ്പത്തിയോട് ചേർന്ന് ഇരിക്കുന്നു.
അവൻറെ നോട്ടം മുഴുവൻ ആ ചോക്ക്ലേറ്റ് ഇരിക്കുന്ന ചില്ല് കൂട്ടിലേക്ക് ആയിരുന്നു. ഇടക്ക് ഊർന്നിറങ്ങിയ നിക്കർ അവൻ വലിച്ചു കയറ്റിയിട്ടു.
"ഇത് മുഴുവൻ ഉണ്ടോ? ", കടക്കാരൻ ആ പൈസ എണ്ണിക്കൊണ്ടിരുന്നു.
"ഇത് മുപ്പത്തിനാലേ ഉള്ളൂ ", അയാളുടെ വാക്കുകൾ കേട്ട് അവൻ പെട്ടെന്ന് ഞെട്ടി എന്ന് തോന്നി. അവൻ മേശപ്പുറത്തെ നാണയങ്ങളിലേക്കും അയാളുടെ മുഖത്തേക്കും നോക്കി.
"അല്ല , മുഴുവൻ ഉണ്ടായിരുന്നല്ലോ..", പറയുമ്പോൾ അവൻ നാണയം നിലത്ത് കിടപ്പുണ്ടോ എന്ന് ചുറ്റും നോക്കി. ഇടയ്ക്കിടെ അവൻ ആ ചില്ല് കൂട്ടിലേക്കും നോക്കുന്നുണ്ടായിരുന്നു.
കടക്കാരൻ പൈസ മുഴുവൻ അവന്റെ നേർക്ക് തള്ളി നീക്കി. അവൻ ദയനീയമായി അയാളെ നോക്കി, ആ പൈസ വാരിക്കൂട്ടി. അയാൾ അവനെ ശ്രദ്ധിക്കാതെ അടുത്ത ആളുടെ ബില്ല് നോക്കാൻ തുടങ്ങി.
അവൻ പൈസ മുഴുവൻ പോക്കറ്റിൽ ഇട്ട് പുറത്തെ വരാന്തയിലേക്ക് ഇറങ്ങി. ഇരുട്ട് വീണു തുടങ്ങിയിരുന്നു. മങ്ങുന്ന പകൽ വെളിച്ചത്തിൽ അവൻ അവിടെ തിരയാൻ തുടങ്ങി. കടയുടെ പുറത്തു നിരന്നിരിക്കുന്ന പെട്ടികളുടെ അരികിലും, ചതുരത്തിൽ ഇഷ്ടികകൾ ചുറ്റും നിരത്തിയ നടപ്പാതയിലെ കൊന്ന മരത്തിന് കീഴെയും.
അത് കണ്ട് നിൽക്കുമ്പോൾ , വീട്ടിൽ കാത്തിരിക്കുന്ന അവൻറെ അതേ പ്രായത്തിലുള്ള തൻറെ മകൻറെ മുഖം ആണ് പെട്ടെന്ന് മനസ്സിലേക്ക് കടന്ന് വന്നത്.
സ്വന്തം കയ്യിൽ ഇരുന്ന നാണയങ്ങളിൽ നിന്ന് ഒരു രൂപയുടെ ഒരു നാണയം ഞാൻ നിലത്തേക്ക് ഇട്ടു. അത് ഉരുണ്ട് മൂലയിലെ ചാക്കുകൾക്ക് ഇടയിൽ പോയി വീണു.
ഇടക്ക് അവൻ കടയിലേക്ക് നോക്കിയപ്പോൾ ഞാൻ അവനെ കൈ നീട്ടി വിളിച്ചു. അവൻ സംശയിച്ചപ്പോൾ, ഞാൻ ചാക്കുകൾക്ക് ഇടയിലേക്ക് കൈ ചൂണ്ടി. അവൻ കടയിലേക്ക് ഓടി വന്നു.
താഴെ കിടന്ന നാണയം കണ്ടപ്പോൾ അവൻറെ കണ്ണുകൾ ഒന്ന് തിളങ്ങി. ബാക്കി പൈസ കൂടി എടുത്ത് എല്ലാം കൂടി അവൻ വീണ്ടും ആ മേശപ്പുറത്ത് വെച്ചു. എന്നിട്ട് വീണ്ടും ആ ചോക്ലേറ്റ് ചൂണ്ടിക്കാണിച്ചു.
കടക്കാരൻ വീണ്ടും അത് എണ്ണി നോക്കി. വിശ്വാസം വരാത്ത പോലെ ഒന്ന് കൂടി എണ്ണി.
എന്നിട്ട് ആ ചോക്ലേറ്റ് എടുത്ത് അവൻറെ മുന്നിലേക്ക് നീട്ടി.
ഒരു കൈ നിക്കറിന്റെ വള്ളിയിൽ പിടിച്ച് മറ്റേ കൈ കൊണ്ട് അവൻ അത് വാങ്ങി. എന്നിട്ട് ആ വരാന്തയിലേക്ക് ഇറങ്ങി ഇരുട്ടിലേക്ക് തലയും ആട്ടി നടന്ന് പോയി. ഇടയ്ക്കിടെ ചാടിച്ചാടി നടന്നു പോകുന്നതിന് ഇടയിൽ അവൻ തിരിഞ്ഞ് എന്നെ ഒന്ന് നോക്കി.
ബാക്കി നാണയങ്ങൾ പോക്കറ്റിൽ ഇട്ട് ഞാനും ഇരുട്ടത്തേക്ക് ഇറങ്ങിയതും വഴിവിളക്കുകൾ പ്രകാശിച്ചതും ഒരുമിച്ച് ആയിരുന്നു.