പ്രണയത്തിന്റെ ചൊവ്വാദോഷം

611 36 14
                                    


വർഷങ്ങൾക്കു മുൻപുള്ള ഒരു ചൊവ്വാഴ്ച പുലരിയിലാണ്, താൻ ജനിച്ചത് എന്നറിഞ്ഞതു മുതലാണ് അവൾ ചൊവ്വാഴ്ചകളെ ശ്രദ്ധിച്ചു തുടങ്ങിയത്. ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾക്ക്, ചൊവ്വാഴ്ചകൾക്ക് ഒരു സ്ഥാനമുണ്ടെന്ന് അവൾ വൈകാതെ തിരിച്ചറിഞ്ഞുതുടങ്ങി, ചൊവ്വാഴ്ചകളിലെഴുതിയ പരീക്ഷകളുടെ കൂടിയ മാർക്കും, വീട്ടിലെ പണികളുടെ കുറവും, കൃത്യസമയത്ത് കിട്ടിയ ബസ്സുമെല്ലാം അവളുടെ  വിശ്വാസം ദൃഢപ്പെടുത്തി . ഒരു നിമിത്തം പോലെ അവൾ അവനെ ശ്രദ്ധിച്ചു തുടങ്ങിയതും ഒരു ചൊവ്വാഴ്ചയായിരുന്നു.

അവളുടെ ഏകാന്തത അവന്റെ സൈക്കിളിന്റെ ബെല്ലടികളിൽ ജീവൻ വയ്ക്കാൻ തുടങ്ങി വീടിനു പുറത്തേക്കുള്ള അവളുടെ യാത്രകളെല്ലാം പിന്നെ അവനെക്കാണാൻ വേണ്ടി മാത്രമുള്ള കാരണങ്ങളായി. അവൾ പോകുന്ന വഴികളിൽ അവൻ പ്രണയത്തിന്റെ മയിൽപ്പീലി മരച്ചുവട്ടിൽ എന്നും കാത്തു നിന്നു. അവരുടെ കണ്ണുകൾ തമ്മിലുടക്കുമ്പോഴും, ആരും കാണാതെ ഒരു ചെറുപുഞ്ചിരി വിടരുമ്പോഴും അവളുടെ മനസ്സിൽ പ്രണയത്തിന്റെ മയിൽപ്പീലികൾ ആയിരം വർണ്ണങ്ങളാൽ നിറയുന്നുന്ടായിരുന്നു.

വർഷങ്ങൾ പിന്നിട്ട മൌനാനുരാഗത്തിനു ശേഷം, അവൻ അവളോട് ആദ്യമായി സംസാരിച്ചതും ഒരു ചൊവ്വാഴ്ചയായിരുന്നു. അവൾ ജോലിക്കു പോയിത്തുടങ്ങിയതും, അവൻ പുതിയ ബൈക്ക് വാങ്ങിയതുമെല്ലാം അവൾക്ക്, ചൊവ്വാഴ്ചകൾ നൽകിയ ഭാഗ്യങ്ങളായിരുന്നു.

വീട്ടിൽ വിവാഹാലോചനകൾ തുടങ്ങാൻ ജാതകം കുറിച്ചപ്പോൾ, ചൊവ്വാദോഷമാണവൾക്ക് എന്ന് അവളും, വീട്ടുകാരും, നാട്ടുകാരും അറിഞ്ഞു. ആ ദിവസം ഏതാണെന്ന് അവൾ ശ്രദ്ധിച്ചതേയില്ല... പിന്നീടൊരിക്കലും ചൊവ്വാഴ്ചകളെയും.

അവൻ ജോലിമാറ്റം കിട്ടി പട്ടണത്തിലേക്ക് പോയത് അവൾ മാത്രം അറിഞ്ഞില്ല. അവളുടെ വഴികളിൽ പ്രണയത്തിന്റെ മയിൽപ്പീലികൾ വിരിയിക്കാൻ അവൻ വരില്ലെന്ന തിരിച്ചറിവിൽ അവൾ വീടിനു പുറത്തിറങ്ങാതെയായി. ആരെതിർത്താലും, ഞാൻ നിന്നെ സ്വന്തമാക്കും, നമ്മൾ ഒരുമിച്ച് ജീവിക്കും എന്ന് അവൻ വാക്കു തന്നതും ഒരു ചൊവ്വാഴ്ച യായിരുന്നോ?? അവൾ പല പ്രാവശ്യം ഓർത്തെടുക്കാൻ ശ്രമിച്ചു.. പരാജയപ്പെട്ടു...

അവന്റെ ജീവിതത്തിൽ ചൊവ്വാഴ്ചകൾക്കും, ചൊവ്വാദോഷത്തിനും സ്ഥാനമില്ലാത്ത ഒരു പെണ്‍കുട്ടി ഭാര്യയായി കടന്നുവന്നത് അവൾ മാത്രം അവസാനമാണ് അറിഞ്ഞത്!!
പണ്ട് അവർ സ്ഥിരമായി കണ്ടു മുട്ടാറുണ്ടായിരുന്ന പുഴക്കടവിൽ അവൾ ഒരു ശരീരം മാത്രമായി വന്നടിഞ്ഞ ദിവസം യാദൃച്ഛികമാണോ എന്നറിയില്ല, ഒരു ചൊവ്വാഴ്ച തന്നെയായിരുന്നു.

പ്രണയത്തിന്റെ ചൊവ്വാദോഷംWhere stories live. Discover now