മകളുടെ സഞ്ചാരം

213 38 8
                                    

"അമ്മയോട് ആയിരം പ്രാവശ്യം പറഞ്ഞതല്ലേ എന്റെ റൂമിലേക്ക് ഒളിച്ചു നോക്കരുത് എന്ന്"?
പതിവുപോലെ മോളുടെയും അമ്മയുടെയും വഴക്കു കേട്ടുകൊണ്ടാണ് സന്ധ്യയ്ക്കു വീട്ടിലേക്കു കയറിയത് .
എത്ര പറഞ്ഞാലും സുധ മാറില്ല .. മോൾക്കാണെൽ അമ്മയുടെ ഈ സ്വഭാവം തീരെയിഷ്ടമല്ല.
ആകെ ദേഷ്യംവന്നു എനിക്കു.
സുധേ " എന്റെ അലർച്ച കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു..
"നിന്നോട് പറഞ്ഞിട്ടില്ലേ മോളുടെ റൂമിലേക്ക് അവൾ കംപ്യുട്ടർ നോക്കുമ്പോൾ
ഒളിച്ചു നോക്കരുതെന്നു?"
അവൾ എന്താ കരുതുക ?"
"എന്ത് കരുതാൻ ?
ഞാൻ ഒരമ്മയാ.. പെണ്ണിന് വയസെത്രയായി.?.
ഒന്നുകിൽ ബുക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ..
പോരാത്തതിന് ലേറ്റസ്റ്റ് മോഡൽ ഫോണും വാങ്ങി കൊടുത്തിട്ടുണ്ട് അച്ഛൻ..
കാലം വല്ലാത്തതാണ് . ഇന്നും കൂടെ
പേപ്പറിൽ വായിച്ചു. നോക്കി
വളർത്തിയ മകൾ ഓൺലൈൻ
കാമുകന്റെ കൂടെ ഒളിച്ചോടി
പീഡിപ്പിക്കപ്പെട്ട കഥ".
അവളെയും കുറ്റം പറയാൻ വയ്യ.. ഇന്നത്തെ കാലത്തു മുതിർന്ന പെൺകുട്ടികളുടെ അമ്മമാരുടെ വിഷമം അവർക്കേ അറിയൂ.
മോൾക്കാണെൽ കമ്പ്യുട്ടറിൽ നിന്നും തല
ഉയർത്താൻ സമയമില്ല. ഉപദേശിക്കാൻ
ചെന്നാൽ മോളുടെ വാക്ചാതുര്യത്തിനു
മുന്നിൽ മുട്ട് മടക്കി മിണ്ടാതെ പോരും താൻ..
ഏതോ ഗ്രുപ്പിലെ കവിതയ്ക്ക് കിട്ടിയ ലൈക് കാണിച്ച ദിവസം അവളുടെ ഫോൺ 'സുധ പിടിച്ചുവാങ്ങി .പിന്നെയത് താൻ വാങ്ങി കൊടുത്തെങ്കിലും അമ്മയേക്കാൾ വാശിക്കാരിയായ മകൾ അത് സ്വീകരിച്ചില്ല . ഇപ്പോൾ എപ്പോൾ ഒഴിവു സമയം കിട്ടുന്നോ അപ്പോളൊക്കെ കംപ്യുട്ടറിന്റെ മുന്നിൽ ആണ്.
പഠിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു തനിക്കു . എങ്കിലും കുടുംബ പ്രാരാബ്ദം കാരണം അതിനു കഴിഞ്ഞില്ല. അതുകൊണ്ടു അവളിലൂടെ
അത് സഫലമാക്കുവാൻ വേണ്ടി അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്തു ..
സുധയുടെ ആവലാതിയും ദേഷ്യവും പലപ്പോളും കണ്ടില്ല കേട്ടില്ല നടിച്ചു ഒഴിവാക്കി. തെറ്റുപറ്റിയോ തനിക്കു?
വിളക്കുവച്ച് കഴിഞ്ഞാണ് എല്ലാവരും കൂടെ
ചായ കുടിക്കാൻ ഇരിക്കുക. പതിവില്ലാതെ ഇന്നു പറമ്പിലെ കപ്പ പുഴുങ്ങിയതും കാന്താരിയും കുഞ്ഞുള്ളിയും വെളിച്ചെണ്ണയിൽ ചതച്ചതും കിട്ടിയപ്പോൾ തന്നെ മനസിലായി. സുധക്ക് എന്തോ പറയാനുണ്ട്.
അമ്മായിയമ്മയും മരുമകളും കണ്ണിൽ കണ്ണിൽ നോക്കി ചേഷ്ട കാണിക്കുന്നു..' അമ്മ തന്നെ തുടങ്ങി ആദ്യം.. പിന്നതു സുധ ഏറ്റുപിടിച്ചു..
ഇത്തവണയും മോളുടെ കല്യാണം തന്നെ വിഷയം .. പതുക്കെ തല തിരിച്ചു മോളെ നോക്കി . ഒരു കൈയിൽ ബുക്കും പിടിച്ചു മറ്റേ കൈയിൽ ചായ ഗ്ലാസുമായി എല്ലാം മറന്നു വായനയിൽ ആണവൾ..
അവൾക്കു കേരളത്തിന് പുറത്തുള്ള പല
സ്കൂളുകളിലും ജോലിക്കുള്ള പേപ്പേഴ്സ്
ശരിയായതാണ്.പക്ഷെ സുധയുടെ
കാഴ്ചപ്പാടിൽ പെൺകുട്ടികൾ പ്രായപൂർത്തി ആയാൽപ്പിന്നെ എത്രയും വേഗം വിവാഹം. അല്ലാത്തൊരു ചിന്തയേയില്ല.
ദൂരെയൊക്കെ പോയി താമസിച്ചാൽ പെൺകുട്ടികൾ ചീത്തയായിപ്പോകും എന്ന പതിവ് ഡയലോഗും പറയും ഇടയ്ക്കിടെ.
കൂട്ടിന് എന്റമ്മയും ചേരും..
മോൾക്ക് എൻജിനീയറിങ് ആയിരുന്നു
താല്പര്യം. പക്ഷെ ഹോസ്റ്റലിൽ അയക്കാനുള്ള സുധയുടെ പേടി അവളെ ബി എഡ് എടുക്കാൻ നിർബന്ധിതയാക്കി..
"അമ്മെ..മോള് സമയമാവുമ്പോ പറയാംന്നു പറഞ്ഞതല്ലേ ?
അവൾ പറയട്ടെ അതുവരെ തൽകാലം ഒന്നും ആലോചിക്കുന്നില്ല ഞാൻ "
ഇത്തവണ ഭാര്യയുടെ നിയന്ത്രണം വിട്ടോ ആവോ ചാടിയെണീറ്റു രണ്ടു വർത്താനം ആയിരുന്നു.
"മതി..കുറേകാലമായി ഇതുതന്നെ കേൾക്കുന്നു..
ബി എഡ് എടുത്തില്ലേ ? ജോലി കിട്ടാൻ
ലക്ഷങ്ങൾ കൊടുക്കണം.. എത്രകാലം കാത്തിരിക്കും ? നാളെ ബ്രോക്കർ
കുഞ്ഞേട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ, കൂടെ ഒരു പയ്യനും ഉണ്ടാവും
ഒന്നു കണ്ടിട്ടു പോട്ടെ ബാക്കി എന്നിട്ടു തീരുമാനിക്കാം."
വേണമെങ്കിൽ അവൻ ഏതെങ്കിലും
സ്കൂളിൽ ശരിയാക്കികൊടുക്കട്ടെ.
മോൾ ഒന്നും കേൾക്കാത്ത ഭാവത്തിൽ അതെ ഇരിപ്പാണ്..'സുധ തർക്കിക്കാൻ ചെല്ലുമ്പോൾ ഉള്ള പതിവ് ഭാവം..അവളോട് എത്ര ചോദിച്ചാലും ചിലപ്പോൾ ഒന്നും പറഞ്ഞെന്നു വരില്ല..നാളെ അവർ വന്നുപോട്ടെ ബാക്കി അവളുടെ ഇഷ്ടം അനുസരിച്ചു ചെയ്താ മതിയല്ലോ..
"ഏട്ടാ ..മോളെ ഇവിടെ എവിടെയും കാണുന്നില്ല.."
സുധയുടെ കരച്ചിൽ കേട്ടാണ് പിറ്റേന്നു
ഉറക്കം ഉണർന്നത്.. ഉറക്കച്ചടവോടെ എണീറ്റ് പുറത്തേക്കോടി ഞാൻ..
അമ്മയും അവളും വീട് ചുറ്റി നടക്കുകയാണ്.. എന്റെ നെഞ്ച് വിങ്ങി.
എന്നെ കണ്ടതോടെ അവരുടെ കരച്ചിൽ ശബ്ദം കൂടി.. ഇടറുന്ന ശബ്ദത്തിൽ വെറുതെ ഞാനും വിളിച്ചു.."മോളെ.. ശ്രുതീ."
ഇല്ല വിളി കേൾക്കാൻ അവൾ വീട്ടിലോ പറമ്പിലോ ഇല്ലായിരുന്നു..
സമയം ഉച്ച തിരിഞ്ഞു.. കത്തുന്ന ഹൃദയവുമായി മൂന്ന് ആത്മാക്കൾ തളർന്നിരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ ആയി. അവളുടെ സാധനങ്ങൾ എല്ലാം അവിടെയുണ്ട്. ഫോൺ ഇല്ലാത്തതിനാൽ വിളിക്കാനും പറ്റില്ല..പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ഇറങ്ങിയ എന്നെ സുധ പിടിച്ചു നിർത്തുക ആയിരുന്നു.അവൾക്കു ഇപ്പോളും മകളുടെ സൽപേരിൽ ആണ് ശ്രദ്ധ.
തളർന്നിരിക്കുമ്പോളും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉള്ള സ്ത്രീകളുടെ പ്രത്യേകത ആവും ഇതൊക്കെ..
കരയുമ്പോളും കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തു അവൾ.
ബ്രോക്കറെ വിളിച്ചു എന്തോ ഒഴിവുകഴിവ് പറഞ്ഞു ആദ്യം. പിന്നെ മോൾക്ക് ആകെയുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഭർതൃ വീട്ടിൽ ഉള്ള ആ കുട്ടിയുടെ സുഖവിവരം അന്വേഷിക്കും പോലെ സംസാരിച്ചു.അവൾക്കു ഒന്നും അറിയില്ലെന്നു മനസിലാക്കിയെടുത്തു.. അതിനിടെ അമ്മയുടെ മരുന്നു എടുത്തുകൊടുത്തു
.ഇതിനിടെ
കണ്ണീരും എന്നെ കുറെ വഴക്കും.
എല്ലാം എന്റെ തെറ്റു തന്നെ ആവും. അത്രയേറെ വിശ്വസിച്ചുപോയി എന്റെ മോളെ ഈ അച്ഛൻ എവിടെ ആയാലും അപകടം ഒന്നും വരുത്തല്ലേ ഭഗവാനെ..
ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. പരാതി കൊടുക്കാതെ വേറെ വഴി ഒന്നും ഇല്ല.. തളരുന്ന കാലുകൾ പെറുക്കിവച്ചു പടിപ്പുരക്ക് നേരെ നീങ്ങി ഞാൻ.
പുറകിൽ സുധയുടെ കുറ്റപ്പെടുത്തല
ും കരച്ചിലും എന്നെ പിൻതുടർന്നു... പെട്ടന്നാണ് മോളുടെ ശബ്ദം
"അച്ഛാ."എന്ന വിളിയോടെ പടിക്കെട്ടുകൾ ഓടിക്കയറി വരിക ആണവൾ. സ്വപ്നമോ സത്യമോ എന്നറിയാതെ പകച്ചു പോയി ഞാൻ.
സുധയുടെ ചീറി കരച്ചിലും അടി ശബ്ദവും ആണ് എന്നെ ഉണർത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ട് മോളെ തലങ്ങും വിലങ്ങും അടിക്കുക ആണ് അവൾ. എന്റെ 'അമ്മ അവളെ തടയാൻ ശ്രമിക്കുന്നു
മോളോടി വന്നു എന്റെ നെഞ്ചിലേക്ക് പറ്റിപിടിച്ചു. ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തിൽ ഒരു കുളിർ കാറ്റായി ചേർന്നുനിന്നു അവൾ..
അവൾ കയ്യിലെ ഫയൽ എന്റെ
നേർക്കു നീട്ടി.
"ഇനി ഞാനും ഒരു MBA ക്കാരിയാണ്. ഇത് നോക്കു അച്ഛാ. ഒരു വർഷമായി ഓൺലൈൻ കോഴ്സ് ആയി പഠിക്കുന്നു. കഴിഞ്ഞ മാസം ചെറിയമ്മയുടെ വീട്ടിൽ പോയത് എക്സാം എഴുതാൻ ആയിരുന്നു. ഇന്നാണ് സെർടിഫിക്കറ്റ് വാങ്ങേണ്ടിയിരുന്നത്."
"അമ്മയോട് ഈ അവസാന നിമിഷം പറഞ്ഞാൽ കള്ളം ആണ് എന്നേ പറയു. അതുകൊണ്ട് ചെറിയമ്മയെ വിളിച്ചു,
പോകും മുന്നേ അച്ഛനെ ഒന്നു ഞെട്ടിക്കണം അത്രേ കരുതിയുള്ളൂ അച്ഛാ".
"പെണ്ണായിപ്പോയതുകൊണ്ടു എന്റച്ഛന്
ഒരു കൈ സഹായമാകാനുള്ള അവകാശം
എന്തിന് വേണ്ടെന്നു വക്കണം ഞാൻ?"
"എങ്കിലും ഒരുവാക്ക് പറയാമായിരുന്നില്ലേ
മോളു നിനക്ക് "?എതിര് പറയുമോ അച്ഛൻ?
"അമ്മക്ക് എങ്ങനെ എങ്കിലും എന്നെ കെട്ടിച്ചു വിടണം എന്നല്ലേയുള്ളു അച്ഛാ. അതുകൊണ്ടു തന്നെ ഇനി പഠിക്കാൻ പോകാൻ 'അമ്മ സമ്മതിക്കില്ലെന്നു എനിക്കു ഉറപ്പായിരുന്നു , അതുകൊണ്ടാ വീട്ടിലിരുന്നു പഠിച്ചതു ."
"ഒരു പെൺകുട്ടിയുടെ ജന്മലക്ഷ്യം വിവാഹം മാത്രമല്ല അച്ഛാ.. അഞ്ചുവർഷം കഴിഞ്ഞാലും ഭാര്യയും അമ്മയും ആവാം എനിക്കു. പക്ഷെ നാളെ എന്റച്ഛനും അമ്മയ്ക്കും ഒരു ഡ്രസ്സ് വാങ്ങാൻ പോലും എൻറെ ഭർത്താവിനെ ആശ്രയിക്കണ്ടേ
ഞാൻ.. അദ്ദേഹം എങ്ങനെയുള്ള ആളാണെന്നു കൂടെ ജീവിച്ചു തുടങ്ങിയാൽ അല്ലേ മനസിലാക്കാൻ കഴിയൂ.."
"സ്വന്തമായി ഒരു ജോലിയുള്ളതു എന്തുകൊണ്ടും കുടുംബ ജീവിതത്തിൽ സഹായം മാത്രമേ ആവൂ.. ആദ്യം സ്വന്തംകാലിൽ നില്ക്കട്ടെ ഞാൻ.. വിവാഹം നിങ്ങളുടെ ഇഷ്ടം പോലെ
നടത്താൻ സമ്മതം തന്നെ ആണെനിക്ക്."
പതുക്കെ ഞാൻ സുധയെ നോക്കി..
നിറകണ്ണുകളോടെ പകച്ചുനിൽക്കുക
ആണവൾ.
അവളുടെ മനസിലെ വേദന എനിക്കു
കാണാമായിരുന്നു.. കഴിഞ്ഞ മാസത്തെ
അവളുടെ അച്ഛന്റെ പിറന്നാളിനടക്കം
പലതവണ അവളെന്റെ മുന്നിൽ കൈ
നീട്ടി നിരാശയായി.. അവളുടെ വീട്ടിൽവിളിച്ചു ഇല്ലാത്ത തിരക്കിന്റെ കാര്യം പറഞ്ഞു "അടുത്തയാഴ്ച വരാം അമ്മേ" എന്നും പറഞ്ഞു ഫോൺ വച്ചു നെടുവീർപ്പോടെ അടുക്കളയിലേക്കു പോകുന്നത് കണ്ടില്ലെന്നു
നടിച്ചിരിക്കുന്നു താൻ അന്നു.
"എന്നാലും സ്വന്തം മകളെ കാണാതായിട്ട് സഹോദരിയെ പോലും വിളിച്ചു ചോദിയ്ക്കാൻ തോന്നിയില്ലേ അമ്മെ അമ്മക്ക് "?
മോളുടെ ശബ്ദമാണ് ഞങ്ങളെ ഉണർത്തിയത്
ശരിയാണ്. വിളിക്കാൻ ഒരുങ്ങിയ തന്നെ പിടിച്ചു നിർത്തിയത് സുധ ആണ് . കാരണം അവളുടെ പൊട്ടബുദ്ധിയിൽ മകൾ ഓൺലൈൻ കാമുകന്റെ കൂടെ ഒളിച്ചോടി കഴിഞ്ഞിരുന്നു. അത് പരമാവധി പുറത്തറിയാതിരിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് ഇത്രേം നേരം അവൾ നടത്തിയത്.
ചമ്മി തല താഴ്ത്തി ആശ്വാസകണ്ണീരോടെ
നിൽക്കുന്ന അമ്മയെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു മകൾ പറഞ്ഞു
"അമ്മേ.. ആയിരക്കണക്കിന് പെൺകുട്ടികൾ ഈ സോഷ്യൽ മീഡിയ നേരായ വഴിയിൽ ഒരുപാടു ഉപകാരപ്പെടും വിധം ഉപയോഗിക്കുന്നുണ്ട് ഇന്നു.
അതിൽ പത്തു പേരെ തെറ്റായ വഴിയിൽ ഇത് ഉപയോഗിക്കുകയും ട്രാപ്പിലാവുകയും ചെയ്യുന്നുള്ളു.
പക്ഷെ ഈ പത്തുപേരുടെ ചീത്തപ്പേരിൽ മറ്റുള്ളവർക് കിട്ടുന്ന നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കുന്നില്ല.
അല്ലെങ്കിൽ ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുന്നില്ല
നമ്മൾ."അത് അമ്മയുടെ മാത്രം കുറ്റമല്ല."
മോളെ തിരിച്ചുകിട്ടിയ സന്തോഷ കണ്ണീരിൽ അവളെയും ചേർത്ത് പിടിച്ചു അകത്തേക്കു കയറുമ്പോൾ അവൾ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
"മിക്കവാറും എനിക്കു ചെന്നൈയിൽ ജോലി കിട്ടിയേക്കും അച്ഛാ.നന്നായി സ്കോർ ചെയ്തതിനാൽ അടുത്ത മാസത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു സാർ"
അമ്മയെ പറഞ്ഞു സമ്മതിപ്പിക്കില
്ലേ അച്ഛാ ?"
"അമ്മ സമ്മതിച്ചിരിക്കുന്നു."തൊട്ടു പുറകിൽ സുധയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ഞങ്ങൾ.അവൾ മോളെ ചേർത്ത് പിടിച്ചു പറഞ്ഞു
"മോളു അമ്മയോട് ക്ഷമിക്കു "ഈ അമ്മക്ക് അധികം വിദ്യാഭ്യാസവും വിവരവും ഒന്നുമില്ല...
ഓരോ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഉള്ളിൽ തീയാ... മക്കൾ രക്ഷകർത്താക്കൾക്ക് എന്നും കുട്ടികളാണ്...
എന്റെ മോൾക്കൊരു ദോഷവും വരരുത് എന്നാഗ്രഹിച്ചിട്ടാണ്.."

"എന്തെങ്കിലും സംഭവിച്ചാൽ വളർത്തു ദോഷം എന്നല്ലേ പറയു... പക്ഷേ ഇപ്പോളമ്മയ്ക്കു മനസിലായി
കാര്യങ്ങൾ മനസ്സിലാക്കാനും പ്രവർത്തിക്കാനുമുള്ള പക്വത എന്റെ
കുട്ടിക്ക് ഉണ്ട്....
ഇനി മോളുടെ ഇഷ്ടം അതാണ് അമ്മയുടെയും ഇഷ്ടം..."
എല്ലാം കണ്ടുകൊണ്ടു പുഞ്ചിരിയോടെ സന്ധ്യദീപവുമായി 'എന്റെ അമ്മ ഇറങ്ങിവന്നു. കൈകൂപ്പി ദൈവത്തിനു നന്ദി പറഞ്ഞു ഞങ്ങൾ മൂന്ന് പേരും.

 മകളുടെ സഞ്ചാരംWhere stories live. Discover now