പോത്തുകുട്ടിയെ നീന്തല്‍ പഠിപ്പിക്കണോ?

2 0 0
                                    


ഇംഗ്ലണ്ടില്‍ വണ്ടിയിറങ്ങിയപ്പോള്‍ [ ഫ്ലൈറ്റ് എന്നും വായിക്കാം] തുടങ്ങിയ ആധിയാണ് – വെള്ളക്കാരുടെ നാട്ടില്‍ വന്നു ഇനിയെന്തുചെയ്യും. അവരെ ഇംഗ്ലീഷ് പഠിപ്പിക്കുകയോ? അസംബന്ധം!

മലപ്പുറത്ത് പണ്ടെങ്ങോ ഒരു ബ്രാഹ്മണ-സ്ത്രീ അറബി പഠിച്ചു, അറബിടീച്ചറായ കഥകേട്ടിരുന്നു.

ഞാന്‍ ആണെങ്കില്‍,ഏകദേശം പതിനഞ്ചു വര്‍ഷങ്ങളായി അറബിക്കുട്ടികള്‍ക്ക് ഇംഗ്ലീഷ് പടിപ്പിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. Grammar വളരെ ലളിതമാക്കി പഠിപ്പിക്കുമ്പോള്‍ സ്വയം ഒന്ന് അഹങ്കരിക്കുകയും ചെയ്തിരുന്നു. സ്വന്തം സ്കൂള്‍കാലത്തെ പഠിപ്പിനെക്കാള്‍ അല്പം കൂടി ലളിതമായി അന്യഭാഷ പഠിപ്പിക്കാന്‍ കഴിയുന്നതിന്‍റെ ഒരു ത്രില്ലാണെന്നു കരുതിക്കോളൂ.

പക്ഷേ ഇവിടുത്തെ ചില സ്വദേശികളുമായി സംസാരിച്ചപ്പോള്‍, അല്ല, സംസാരിക്കാന്‍ ഒന്നുശ്രമിച്ചപ്പോള്‍, ഞാന്‍ അന്തംവിട്ടുപോയി. പരിഭ്രമം കൊണ്ട് ഏഴോ അതിലധികമോ ആകാശങ്ങള്‍ കണ്ട് കണ്ണും തുറിച്ച് നില്‍ക്കുകയും ചെയ്തു.

അവര്‍ സംസാരിക്കുന്നത് എനിക്കും, ഞാന്‍ സംസാരിക്കുന്നത് അവര്‍ക്കും മനസ്സിലായില്ല. കുറെ ശ്രമിച്ചതിനു ശേഷം ഞാന്‍ മെല്ലെ പത്തിമടക്കി, നേരത്തെ ഉണ്ടായിരുന്ന 'ഇംഗ്ലീഷ് ടീച്ചര്‍ എന്ന അഹങ്കാരം' അവിടുത്തെ മരം കോച്ചുന്ന തണുപ്പിലും ഉരുകിയൊലിച്ചു താഴെ അഴുക്കുചാലിലേക്ക് ഒഴുകിപോകുന്നത് കണ്ടു.

"മോള് പെട്ടി പൂട്ടിക്കോ. ഇവിടെ അദ്ധ്യാപനം ശരിയാവൂലാട്ടാ," ഗോവാക്കാരന്‍ കെട്ടിയോന്‍ പറഞ്ഞത് തൃശൂര്‍ഭാഷയില്‍ മനസ്സില്‍ കയറിയിരുന്നു.

" പോത്ത്കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കാന്‍ പാടില്ല അല്ലെ ?"

എന്‍റെ ചോദ്യം കേട്ടു ആശാന്‍ പറഞ്ഞു, " പോത്തിനെ വിട്ടേക്ക്. ബീഫ് പ്രശ്നം ഇവിടെയും തുടങ്ങിയാലോ? മീന്‍കുഞ്ഞുങ്ങള്‍ക്ക് നീന്തല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ട."

സ്വയം പറഞ്ഞ തമാശയില്‍ മുഴുകി ഉറക്കെ ചിരിച്ചു ആശാന്‍.

ഇനി ഏതായാലും 'പഠിപ്പിക്കല്‍' പരിപാടി നിര്‍ത്താം എന്ന് മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കവെയാണ് ഞാന്‍ മരിയക്കുട്ടിയെ പരിചയപ്പെട്ടത്. അടുത്ത സൂപ്പര്‍മാര്‍ക്കെറ്റിലെ പുതിയ കാഷിയര്‍ ആയിരുന്നു മരിയ കരവാലൂ എന്ന വെള്ളക്കാരി പെണ്‍കുട്ടി. 'കുട്ടി' എന്ന് ഞാന്‍ അവള്‍ക്ക്കൊടുത്ത മലയാളീപേര്.

പത്തൊന്‍പതു വയസ്സാണ് പ്രായം എന്നവള്‍ പറഞ്ഞു. ഞാന്‍ ടീച്ചര്‍ ആണെന്നു പറഞ്ഞപ്പോള്‍, അവള്‍ക്ക് ജീ.സീ.എസ്.സീ പാസ്സാകാന്‍ പറ്റാത്ത വിഷമം അറിയിച്ചു. രണ്ടു പ്രാവശ്യം എഴുതിയിട്ടും കരകയറാന്‍ പറ്റിയില്ലത്രെ.

വിഷയം ചോദിച്ചപ്പോള്‍ കേട്ട ഉത്തരം കേട്ടു അന്തംവിട്ടിരുന്നത് ഞാനാണ്.

ഇംഗ്ലീഷ്കാരിയായ മരിയ, ഇംഗ്ലീഷ് സ്കൂളുകളില്‍ പഠിച്ച മരിയ, ഇംഗ്ലീഷ് വിഷയത്തില്‍ രണ്ടു പ്രാവശ്യം പരിശ്രമിച്ചിട്ടും ജീ.സീ.എസ്സ്.സീ. കടന്നുകിട്ടിയില്ലത്രെ.

അപ്പോള്‍, എന്നിലെ ഇംഗ്ലീഷ് ടീച്ചര്‍ നൃത്തം വെയ്ക്കാന്‍ തുടങ്ങി – " ചില പോത്ത്കുട്ടികളും ഉണ്ട് ഈ ലോകത്തില്‍ , നീന്തല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍. ഞാന്‍ കണ്ടാമൃഗമോ, സിംഹവാലന്‍-കുരങ്ങോ എന്തെങ്കിലും ആവട്ടെ, ഞാന്‍ അഭ്യസിച്ച വിദ്യ പഠിപ്പിച്ചുകൊടുക്കാന്‍ കുറേ പോത്തുകുട്ടികളും, മീന്‍കുട്ടികളും ഇനിയും ബാക്കിയുണ്ട് ഈ മഹാപ്രപഞ്ചത്തില്‍!  

ഗ്രൈസ് കോനലിയുടെ പച്ചത്തട്ടംWhere stories live. Discover now