പെയ്തൊഴിയാതെ

31 5 3
                                    

കൈയില്‍ നിവര്‍ത്തി പിടിച്ച കത്തുമായി അവള്‍ വാതിൽപ്പടിയിൽ ചാരിനിന്നു. വിശ്വസിക്കാനാവാത്തൊരു സ്വപ്നത്തിലാണ് താനിപ്പോഴും എന്ന് അവള്‍ക്കു തോന്നി. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഓര്‍മകളില്‍ നിന്നൊരു പതിനാറുകാരന്‍ തന്‍റെ മുന്നിലെത്തി നില്‍ക്കുന്നു, ഒരു കത്തിന്‍റെ രൂപത്തില്‍. രാധിക വീണ്ടും കൈയിലെ കത്തിലേക്ക് മുഖം താഴ്ത്തി.

"പ്രിയപ്പെട്ട രാധൂ..ഇപ്പോഴും അങ്ങനെ വിളിക്കാന്‍ എനിക്ക് യോഗ്യത ഉണ്ടെന്നു കരുതുന്നു. ഞാന്‍ രഘുവാണ്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ നാടിനെയും കളിക്കൂട്ടുകാരിയും വിട്ടകന്ന് എനിക്ക് അറിയാത്തൊരു നാട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം കൂട് മാറി പോയ അതേ രഘു. ഇപ്പോഴും, എനിക്കോര്‍മയുള്ള മേല്‍വിലാസത്തില്‍ നീയുണ്ടാകും എന്ന പ്രതീക്ഷയാണെനിക്ക് ഈ കത്തെഴുതാനുള്ള ധൈര്യം. നിന്നിലേക്ക്‌ എത്താന്‍ എനിക്ക് ആകെയുള്ള പിടിവള്ളിയാണ് ഈ മേല്‍വിലാസം. . അച്ഛനമ്മമാര്‍ എന്നെ ഏല്‍പ്പിച്ച കടമകള്‍ ഒക്കെ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞു.പഠനം, ജോലി,പണം,അന്തസ്സ് എല്ലാം. പക്ഷെ, എന്‍റെ സംതൃപ്തികള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. രാധൂ...ഞാന്‍ വരികയാണ്. നിന്‍റെ അരികിലേക്ക്. നമ്മള്‍ കളിച്ചു നടന്ന പാടവും പറമ്പും കാവും കുളങ്ങളും ഇലഞ്ഞിമരച്ചുവടുമെല്ലാമാണെന്നെ ഇത്ര കാലം, ഇവിടെ പിടിച്ചു നിര്‍ത്താന്‍ പ്രേരണ നല്‍കിയത്.ഇനി എനിക്ക് അതെല്ലാം തിരികെ വേണം. പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒരു വലിയ കാലയളവ്‌ ആണെങ്കിലും നിന്നോടോത്തുള്ള ഓര്‍മകളെ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. നിന്നോടൊപ്പം കൈ കൂപ്പി നിന്ന സന്ധ്യകളും കാവും ഞാന്‍ പറയാന്‍ മറന്ന പലതും ബാക്കി വച്ചിരിക്കുന്നു. അതെല്ലാം പറഞ്ഞു തീര്‍ക്കാനും, നിനക്കൊപ്പം ഒരിക്കല്‍ കൂടി, ഇനിയുള്ള സന്ധ്യകളില്‍ ഒപ്പം നടക്കാനും ഈ വരുന്ന ഏപ്രില്‍ ഇരുപത്തിനാലിന് നിന്‍റെ വീടിനു മുന്നില്‍ ഞാനുണ്ടാകും. സ്നേഹത്തോടെ....രഘു.

രാധിക ആ കത്ത് നെഞ്ചോടു ചേര്‍ത്തു. രഘു....!!പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അവനെന്നെ ഓര്‍ത്തിരിക്കുന്നു. അവള്‍ക്ക് സന്തോഷം അടക്കാന്‍ വയ്യാത്തത് പോലെ തോന്നി. ഇടക്കെപ്പോഴൊക്കെയോ ഓര്‍മകളില്‍ വെറുതേ വന്നു പോകുമെന്നല്ലാതെ തന്‍റെ ഓര്‍മകളില്‍ നിന്നും അവന്‍ മാഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അവന്‍ ഇതാ തന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു..

Untitled Part 1Where stories live. Discover now