Chapter 1

377 34 4
                                    

മഴ ചാറിതുടങ്ങി. അതുകൊണ്ട് ഓഫീസിൽ നിന്നും വേഗം ഇറങ്ങി. ബസ്സ്റ്റോപ്പിൽ അധികനേരം നില്ക്കേണ്ടി വന്നില്ല.ഉടനെ തന്നെ ബസ് വന്നു.അധികം തിരക്കില്ല. ജനലാക്കടുത്ത് ഒഴിഞ്ഞ സീറ്റ് കിട്ടി. മഴ കൂടിവരുന്നുണ്ട്.മുഖം നനഞ്ഞു തുടങ്ങി.ദേഹവും.
ബസ്സിൻ്റെ ജനൽ ഞാൻ വേഗമടച്ചു. കുറച്ചധികം ദൂരം കൂടി കഴിഞ്ഞാൽ ഇറങ്ങേണ്ട സ്ഥലമെത്തും. മഴ കുറഞ്ഞെന്ന് കണ്ടപ്പോൾ ജനൽ വീണ്ടും ഉയർത്തി. മുഖത്തേക്ക് കുഞ്ഞു മഴത്തുള്ളികൾ വന്നു തട്ടിയപ്പോൾ ഞാൻ മെല്ല കണ്ണടച്ചു. ചുറ്റും  ഇരുണ്ടു മഴ പെയ്യുമ്പോഴെല്ലാം എൻ്റെ ഇരുണ്ട ജീവിതം ഓർമ്മകളിൽ കടന്നു വരും. ഒപ്പം എൻ്റെ സങ്കടങ്ങളും.
ചെറുപ്പത്തിൽ സങ്കടങ്ങൾ വന്നാൽ ഞാൻ ഓടിപ്പോയി കണ്ണടച്ച് കിടക്കും. അമ്മ വേഗം വന്നു എന്നെ ചേർത്തുപിടിക്കും എന്നിട്ടു ദേഹത്ത് തട്ടി സാരമില്ല എന്നു പറയും.ഒരു കുഞ്ഞു ചിരിയോടെ ഞാൻ കണ്ണുതുറക്കും.അമ്മയുടെ വാക്കുകളിൽ വല്ലാത്ത ഒരു മാന്ത്രികതയുണ്ട്. സങ്കടങ്ങൾ മായിക്കുന്ന ജാലവിദ്യ.കനത്ത മഴയുള്ള ഒരു രാത്രി എന്നെ ചേർത്തുപിടിച്ച് ഉറങ്ങിയതാണ് അമ്മ.രാവിലെ ഞാൻ എത്ര വട്ടം വിളിച്ചെന്നോ.
എത്രവട്ടം ദേഹത്ത് തട്ടി സാരമില്ല എന്നു പറഞ്ഞെന്നോ. എൻ്റെപോലെ ഒരു കുഞ്ഞി ചിരിയോടെ അമ്മ കണ്ണ് തുറന്നില്ല.
പിന്നീട് ഒരിക്കൽപോലും ഞാൻ കരഞ്ഞില്ല. കണ്ണ് നനഞ്ഞാൽ ചേർത്ത് പിടിക്കാൻ അമ്മ ഇല്ലാത്തത് കൊണ്ടാകും.
ഞാൻ തനിച്ചാകുമ്പോഴെല്ലാം മഴ കൂട്ട് വന്നിട്ടുണ്ട്.
ഒരു തിരിച്ചു പോക്കില്ലാതെ കൈപിടിച്ച് കയറ്റിയവൻ്റെ പടി ഇറങ്ങിവന്നപ്പോഴും മഴ പെയ്തിരുന്നു. അയാൾക്ക് പ്രണയം എൻ്റെ ശരീരത്തോട് മാത്രമായിരുന്നു. അന്നു ഒപ്പം നില്ക്കേണ്ടവർ എന്നെ പഴി പറഞ്ഞു. ഞാൻ ചെയ്തത് തെറ്റാണത്രെ. ധിക്കാരി എന്നവർ മുദ്രകുത്തി.സർവംസഹയായ സ്ത്രീയായി എന്നെ കണ്ട അവർക്കാണ് തെറ്റ് പറ്റിയത്.
കണ്ണീരു തുടക്കേണ്ടവർ ഹൃദയത്തിൽ കത്തി ഇറക്കിയപ്പോൾ സ്വന്തം വീടിൻ്റെ പടിയും ഞാൻ ഇറങ്ങി. അന്നും എന്നെ കാണാൻ മഴ വന്നിരുന്നു.
ഏകാന്ത വാസം തുടങ്ങിയിട്ട് ഇപ്പോൾ ഒരു കൊല്ലത്തിൽ അധികമായി.
ആരെയെങ്കിലും കേൾക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു എപ്പോഴും തോന്നും. ഇടക്ക് അമ്മയെ ഓർമ്മ വരും.ചില രാത്രികളിൽ പുറത്തെ കറുപ്പിനേക്കൾ ഇരുണ്ടുപോകുന്നത് എൻ്റെ ഉള്ളിൽ ആയിരിക്കും.കരയാൻ തോന്നാറില്ല. ചിരിക്കാനും. ജീവിക്കാൻ കാരണങ്ങൾ ഇല്ലാതെ പോകുമ്പോൾ അനുഭവപ്പെടുന്ന ഒരു ശൂന്യതയാണത്. ഉള്ളു തുറന്നു ചിരിക്കുന്നവരെ കാണുമ്പോൾ എനിക്ക് അസൂയ ആണ്.അതുകൊണ്ടാവും ഓഫിസ് ക്യാൻ്റീനിൽ ഭക്ഷണം എടുത്ത് കൊടുക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവരുടെ ചിരി മങ്ങി ഇതുവരെ കണ്ടിട്ടില്ല. എത്ര തിരക്കാണെങ്കിലും എന്നും അവിടെ നിന്നും ഭക്ഷണം വാങ്ങിക്കുമ്പോൾ അവൾ ഒരു ചിരി തരും. അത്രയും സുന്ദരമായ ഒരു ചിരി ഞാൻ എൻ്റെ അമ്മക്കല്ലാതെ മറ്റാർക്കും കണ്ടിട്ടില്ല.
അല്പം സമയത്തിനുള്ളിൽ സ്റ്റോപ് എത്തി.
മൂന്നു സ്റ്റോപ്പ് കൂടി കഴിഞ്ഞാലാണ് താമസസ്ഥലം. പക്ഷേ നേരെ വീട്ടിൽ പോകാൻ തോന്നിയില്ല. അതുകൊണ്ട് ഇവിടെ ഇറങ്ങി. ഇവിടെ ഒരു ബീച്ചുണ്ട്. ഞാൻ ബസ്സിറങ്ങി അവിടേക്ക് നടന്നു. നേരം ഇരുണ്ടു തുടങ്ങിയിരുന്നു. ബീച്ചിൽ നല്ല തിരക്കുണ്ട്. കടലിനു അഭിമുഖമായി ഇരിക്കാൻ ഒരു സ്ഥലം തിരയുന്നതിനു ഇടയിൽ  അവളെ അവിടെ കണ്ടു. അവൾ കടലു നോക്കി ഇരിക്കുകയാണ്. ഞാൻ അല്പം ദൂരത്തായി ഇരുന്നു. അവൾ എന്നെ കണ്ടോ എന്നുറപ്പില്ല. എനിക്ക് അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു. എങ്ങനെയാണ് ഇത്രയും വിടർന്നു ചിരിക്കാൻ കഴിയുന്നതെന്ന്. അൽപനേരം കഴിഞ്ഞു നോക്കിയപ്പോൾ അവൾ മുഖം കുനിച്ചിരിക്കുന്ന കണ്ടു. ഇരുട്ടു കൂടിവരുന്നു. തിരികെ പോകാൻ എണീറ്റപ്പോഴും അവൾ തല നിവർത്തിയിട്ടില്ല. ഇനി ഉറങ്ങിപ്പോയി കാണുമോ.ഞാൻ അടുത്ത് ചെന്ന് തോളിൽ കൈവെച്ചു. അവൾ മുഖം ഉയർത്തി എന്നെ നോക്കി. കണ്ണുകൾ രണ്ടും ചെറുതായി നിറഞ്ഞിരിക്കുന്നു.

Kamu telah mencapai bab terakhir yang dipublikasikan.

⏰ Terakhir diperbarui: Oct 04, 2021 ⏰

Tambahkan cerita ini ke Perpustakaan untuk mendapatkan notifikasi saat ada bab baru!

പ്രണയംTempat cerita menjadi hidup. Temukan sekarang