പഞ്ചമ ഖണ്ഡം
ശതരൂപജാ
അദ്ധ്യായം 26
ഒന്നാം നാഗപഞ്ചമിനാൾ
നാഗവംശിപരമ്പരയിലെ കണ്ണിയായ ശിലാഭദ്രന്റെ ബീജം ശതരൂപയിൽ അമ്രപാലിയെന്ന അരുമ പെൺകൊടിയുടെ പിറപ്പിന് കാരണമായി.ഒരു തിരുഗണികയാകണമെന്നുള്ള തന്റെ സ്വപ്നങ്ങൾക്ക് വിനാശം സൃഷ്ടിച്ചു തന്റെയുദരത്തിൽ ജന്മം കൊണ്ട അമ്രപാലിയെ ശതരൂപയൊരിക്കലും തന്റെ മകളായി കാണുകയോ അവളെയൊന്നു കൊഞ്ചിക്കുകയോ താലോലിക്കുകയോ ചെയ്തിരുന്നില്ല.
തന്റെ ശിരസിൽ നിപതിച്ച ശാപം പൂണ്ടൊരു ധൂമകേതുവായി അമ്രപാലിയെ മനസ്സിൽ കരുതിയിരുന്നതിനാൽ ആ കുഞ്ഞിനോട് ഒരിക്കലും മാറാത്ത വെറുപ്പ് മാത്രമാണ് ശതരൂപ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്.
കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോളെന്നുംപഴയ ഭീകരമായ സംഭവങ്ങളാണ് അവളുടെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. ഒരു വിഷസർപ്പം തന്റെ ഉദരത്തിൽ പിറവി കൊണ്ടു എന്നാണു ശതരൂപ മനസ് കൊണ്ട് കരുതിയിരുന്നത്.
പിറപ്പെടുത്ത വയറ്റാട്ടിയുടെ മരണത്തിനു കാരണമായ ദുശ്ശകുനമായി ആ കുഞ്ഞിനെ തുളുവച്ചിപട്ടണവാസികൾ കരുതിയിരുന്നു. അമ്മയുടെ സ്നേഹമോ വാത്സല്യമോ ഒന്നും കിട്ടാതെയുള്ള ദുരിതമാർന്നൊരു ശൈശവമായിരുന്നു അമ്രപാലിയ്ക്ക്. അവൾ വിശന്നു പാലിനായി കിടന്നു കരയുമ്പോൾ പോലും കോപം കൊണ്ട് "നശൂലമേ" എന്ന് വിളിച്ചുകൊണ്ട് ശതരൂപ ആ കുഞ്ഞിന്റെ ദേഹത്ത് തല്ലുകയും നുള്ളുകയുമൊക്കെ ചെയ്തിരുന്നു.
പലപ്പോഴും ശതരൂപ വെറുപ്പ് കൊണ്ട് അവൾക്ക് മുലപ്പാൽ പോലും നൽകാൻ മടിച്ചിരുന്നു. മുലകളിൽ പാൽ നിറഞ്ഞു വിങ്ങുമ്പോൾ ശതരൂപയത് പിഴിഞ്ഞ് കളയുന്ന സ്ഥിതിയുണ്ടായിരുന്നു. കുഞ്ഞിന് പാൽ കൊടുക്കുമ്പോഴും ഒരു വിഷസർപ്പം തന്റെ മുല നുകരുന്നപോലെ അനുഭവമായിരുന്നു ശതരൂപയ്ക്ക് ഉണ്ടായിരുന്നതും.