അമ്പലത്തിൽ ഉൽസവത്തിന് കൊടിയേറിയാൽ, പിന്നെ ആദ്യ ദിവസം തൊട്ട് ഏഴു ദിവസം കൊടിയിറങ്ങുന്നത് വരെ, അവിടെ തന്നെയാണ് എല്ലാവരും.
ഇത്തവണ ദാസേട്ടൻ മരിച്ചത് കൊണ്ടു സതീഷ് കുറച്ച് പിൻവലിഞ്ഞു. കളിച്ചും പഠിച്ചും നടന്ന എല്ലാവരും എവിടെയാണെങ്കിലും ഉത്സവം കൂടാൻ അവിടെ ഒത്തുചേരും . ഹാരീസ് ഒഴികെ.
അവൻ ഇപ്പഴും എവിടെയാണെന്ന് ആർക്കും ഒരറിവുമില്ല. ഹൈസ്കൂൾ കഴിഞ്ഞിട്ട് പിന്നീടവനെ ആരും കണ്ടിട്ടില്ല.
സതീഷാണ് ഒരിക്കൽ പറഞ്ഞത്, അവന്റെ ഉമ്മ മരിച്ചിട്ട് ഇപ്പോൾ തിരുവനന്തപുരത്തെങ്ങാണ്ടാണെന്ന്.
രാജൻ പി ഡബ്ല്യൂ ഡി എഞ്ചിനീയർ ആണ്. നാട്ടിലെ വലിയ കോലാധാരി ആണ്. കണ്ടു കിട്ടാൻ വലിയ പാടാണ്.
ഗിരിധരനാണെങ്കിൽ കൈയും കാലും ചെറുപ്പത്തിലേ വയ്യാ. അവന്റെ കാര്യം കുറച്ചു സങ്കടമാണ്. അച്ഛനും അടുത്തിടെയായി മരിച്ചു.
ഉത്സവം തുടങ്ങിയാൽ സന്തോഷത്തിന്റെതാണ് പിന്നീടുള്ള ദിവസങ്ങൾ . വിഷുവിനു രാവിലെ തന്ത്രി വാദ്യഘോഷത്തോടെ കൊടിയേറ്റുമ്പോൾ,
എല്ലാവരും എങ്ങിനെയെങ്കിലും അവിടെ എത്തിയിരിക്കും.
വൈകുന്നേരം ശീവേലി കഴിഞ്ഞാൽ പിന്നെ ദൂരെയുള്ള ആൽമരത്തറയിൽ പോയി മാറിയിരുന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞ് രാത്രി വരെ നേരം പോക്കും .അവിടെ വച്ച് ഒരു വിധം ചർച്ചകളൊക്കെ നടക്കും. ഇത്തവണ രണ്ടു കൊല്ലത്തെ കാര്യങ്ങൾ എല്ലാവർക്കും പറയുവാനുണ്ട്. രാത്രി വൈകും തോറും, വീട്ടിൽ നിന്നുള്ള ഫോൺ വിളികൾ വരുന്നതിന് അനുസരിച്ചു ഓരോരുത്തരായി തിരിച്ചു പോകലിനായി കാത്തിരിക്കും.
കോവിഡും, വെള്ളപ്പൊക്കവും കഴിഞ്ഞുള്ള ആദ്യത്തെ ഒത്തു ചേരലാണ്. അതിന്റെ ഭീകരതയും സാമ്പത്തിക വിഷമവും എല്ലാവരും കണ്ടതാണ് ? അതുകൊണ്ട് തന്നെ എല്ലാവരുടെയും മനസ്സിന് ഒന്ന് കൂടി ഒരു പതം വന്നിട്ടുണ്ട്. ഒരു മനുഷ്യപറ്റും.
അതു കുറച്ചു ദിവസത്തേക്കേ ഉണ്ടാവൂ, പിന്നെ വീണ്ടും എല്ലാം മറന്ന് പഴയപടി പോലെ തന്നെയാവും. കള്ളവും, കാപട്യവും നിറഞ്ഞ മനുഷ്യനല്ലേ?അവന് എത്ര കിട്ടിയാലും പഠിക്കില്ല. ഒന്നും ഓർമ്മയുമുണ്ടാവില്ല. പഴയ പല്ലവി തന്നെ വീണ്ടും തുടരും...