ഇനി തിരിച്ചു വരാത്ത കാലം

361 21 3
                                    

പണ്ട് ആപ്പാന്റെ ചേഇൽ മഗ്രിബ് നിസ്കാരം കയിഞ്ഞ് വന്ന് കൊപ്പര പൂളാൻ നിൽകുന്പോൾ വല്ല്യുമ്മ വിളിച്ചു പറയും: "പോയി പഠ്ച്ചതോതാൻ നോക്കീനെടാ".. പിന്നെ ആപ്പാനോടായി " ഈ മോന്തിന്റെ നേരത്തന്നെ അതിന്റെ മോളില് പണിട്ക്കണം ന്ന് എന്താ അനക്ക് ഇത്ര നിർബന്ധം ന്റെ അദ്ദോ" ന്നും പറഞ്ഞ് വല്ല്യുമ്മ പോകും. വല്ല്യുമ്മാന്റെ ചോദ്യം കേട്ടതും ആപ്പാന്റെ ചങ്ങാതി മില്ലിന്റവ്ട്ത്തെ കരീമാക്ക ഞങ്ങളോടായി പറയും: " എന്നും ഈ പഠ്ച്ചതന്നെ ഓതിയിരുന്നാൽ പിന്നെ പഠ്ച്ചാത്തതൊക്കെ ആര് ഓതും, എടാ ഇങ്ങള്ഞ്ഞി പഠ്ച്ചാത്തത് കൊറച്ച് ഓതാൻ നോക്കി"..ചിരട്ടയിൽ നിന്നും തേങ്ങ ചുരണ്ടിയെടുക്കാൻ പാട് പെടുന്നതിനിടയിൽആപ്പ കരീമാക്കാനോട് "കരീമെ, ജ്ജാ കുട്ട്യാളെ വെട്ക്കാക്കി നാസക്കണ്ട".

തൊണ്ണൂറുകളുടെ അവസാനത്തിൽ ജനിച്ച ഒരു തലമുറക്ക് ശേഷം നമുക്ക് അന്യം നിന്ന് നഷ്ടപ്പെട്ട് പോയ, വില പറഞ്ഞറിയിക്കാനാവാത്തൊരു അസ്തമയ സമയവും മൂവന്തിയുമുണ്ടായിരുന്നു മലബാറിലെ ഗ്രാമീണ ജീവിതത്തിന്. കാലമെത്ര സഞ്ചരിച്ചാലും ഇനിവരുന്ന ഒരു തലമുറക്കും കിട്ടാത്ത വല്ലാതൊരു അനുഭൂതി നമ്മളറിയാതെ നമ്മിൽ നിന്നും മാഞ്ഞ് പോയത് എത്ര പെട്ടന്നായിരുന്നു.

പടിഞ്ഞാറ് സൂര്യൻ മറഞ്ഞ് പകലിന് മേൽ ഇരുളിന്റെ കരിമ്പടം മൂടാൻ തുടങ്ങുമ്പോൾ, ജോലി കഴിഞ്ഞ് മടങ്ങുന്നവരും വീട്ടിൽ നിന്നിറങ്ങുന്ന കാരണവൻമാരും പള്ളിയിലേക്ക് ഇറങ്ങി നടക്കുന്ന കാഴ്ച്ച. മണ്ണിൽ കളിച്ചോണ്ടിരുന്ന മക്കളെ കുളിപ്പിച്ച് അകത്ത് കയറ്റാനുള്ള ബദ്ധപ്പാടിൽ കുറുമ്പ് കാണിക്കുന്ന കുസൃതിയുടെ ചെവിക്ക് പിടിച്ച് വെള്ളം നിറച്ച ബ്ടാവിനടുത്തേക്ക് തള്ളിക്കൊണ്ട് വരുന്ന ഉമ്മ.. ഡൈലി ഇടുന്ന മുട്ടയിൽ ഒന്നുപോലും അടയിരിക്കാൻ കൊടുക്കാതെ പൊരിച്ച് തിന്നതിലും അയൽ വീട്ടിലെ തന്റെ കാമുകനെ പഞ്ചാരയടിച്ച് വീട്ടുമുറ്റത്തേക്ക് തിന്നാൻ വിളിച്ചപ്പോ അവനെ എറിഞ്ഞാട്ടിയതിന്റെയും ദേശ്യത്തിൽ കൂട്ടിൽ കയറാതെ മുറ്റത്തെ മുരിങ്ങാ കൊമ്പിൽ കയറി പ്രതിഷേധിച്ച പുള്ളിക്കോഴിയെ മയത്തിൽ പറഞ്ഞ് വിളിച്ചിട്ടും ഇറങ്ങാതായപ്പോൾ കുത്തിച്ചാടിക്കാൻ മുളന്തോട്ടിയെടുക്കുന്ന കുഞ്ഞാമ..

ഇനി തിരിച്ചുവരാത്ത കാലംWhere stories live. Discover now