നിലാവായ് വന്നു കരയിച്ച് കടന്നു പോയ കുഞ്ഞു മാലാഖെ..ഈ ജന്മം മുഴുവ൯ നിനക്കായ് ജീവിക്കാ൯ ഒരുക്കമായിരുന്നല്ലോ ഞാ൯..ചക്കരയുമ്മ കിട്ടേണ്ട കുഞ്ഞു കവിളുകൾ മണൽ പരപ്പിനോട് ചേർത്ത് സ്വർഗം കണ്ട് വാവുറങ്ങുന്ന നിന്നെ വാരിയെടുത്ത് നെഞ്ചോട് ചേർക്കാൻ വല്ലാതെ മോഹിച്ചു ഞാ൯..കണ്ണീരുപ്പ് പടർന്ന നിന്റെ കുഞുമുഖത്ത് തുടരെ വന്ന് മുത്തം തന്ന് പോകുന്ന തിരയെ കണ്ടപ്പോൾ. മനസ്സ് മരവിച്ച ലോകത്ത് സ്നേഹം പ്രതീക്ഷിച്ച് കിട്ടാതെ മടങ്ങിയ മുത്തേ..ഒരു കാക്കാപുള്ളി കറുപ്പ് പോലും തട്ടാത്ത കുഞ്ഞു മനസ്സേ നാളെ സൃഷ്ടാവിന്റെ മുന്നിൽ കുഞ്ഞു വിരൽ ചൂണ്ടി ക്രൂരത കാണിച്ച ലോകത്തെക്കുറിച്ച് പരാതി പറയുമ്പോ എന്നെയും നീ അതിൽ പെടുത്തരുത് മോനെ..കൊച്ചരിപ്പല്ലു കാണിച്ച് നീ തരുന്ന ഈ പാൽ പുഞ്ചിരി കണ്ടിട്ടും മനസ്സലിയാത്ത ലോകത്തിന് വേണ്ടി മുത്തേ നിന്റെ ആത്മാവിനോട് ഞാ൯ മാപ്പ് ചോദിക്കട്ടെ..നാണമുണ്ടെനിക്കീ മണ്ണിൽ ജിവിക്കാൻ പക്ഷെ ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ മുന്നിൽ കൂടുതൽ ദുരനുഭവങ്ങൾ ഇല്ലാതിരിക്കാൻ നിന്നെ വേഗം സ്വർഗത്തിലേക്ക് തിരിച്ചു വിളിച്ച സൃഷ്ടാവ് നിനക്ക് അവിടെ എങ്കിലും സമാധാനമുണ്ടാവട്ടെ എന്ന് കരുതിയാവും മനസ്സ് മരവിച്ച എന്നെ ഇവിടത്തന്നെ ഇട്ടേച്ച് പോയത്..പൊന്നുമോനേ നിന്റെ കുഞ്ഞു വയർ വിശന്ന് കരിഞ്ഞപ്പോൾ ഞാനിവിടെ സുഭിക്ഷമായി ഭക്ഷിച്ച് കിടന്നുറങ്ങായിരുന്നു..പൊറുക്കില്ലെ നീയെന്നോട്..നാളെ സ്വിറാത്തിന്റെ മുന്നിൽ വെച്ച് പതറി നടക്കുന്ന എന്നെ കാണുമ്പോൾ പിശാചിനെ കണ്ട മാലഖയെപ്പോലെ കൈപിടിക്കാൻ വരാതെ മുഖം തിരിക്കരുതെ കുഞ്ഞു നിലാവെ.. മനസ്സിൽ ഉരുത്തിരിഞ്ഞ നോവിന്റെ വേലിയേറ്റം തിരയായ് മിഴികൾക്കിപ്പുറം ഒഴുകുന്നത് തടയാ൯ എനിക്കാവുന്നില്ല പൊന്നു മോനെ.. ഹൃദയം സ്വന്തമായത് എന്തോ നഷ്ടപ്പെട്ട പോലെ വല്ലാതെ പിടയുന്നു...മറക്കാനാവുന്നില്ല മുത്തേ നിന്റെ നിലാവ് പരത്തുന്ന കുഞ്ഞു മുഖം...
ഗ്രീസിലേക്കു പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് അകാലത്തിൽ പൊലിഞ്ഞ പൊന്നുമോൻ അയലാൻ കുർദി എന്ന മൂന്നു വയസ്സുകാര൯ സിറിയൻ ബലാന്റെ ഓർമക്ക്....