നഷ്ടസൗഹൃദം

502 26 14
                                    

ആയിരം  വര്‍ണം വിടര്‍ത്തുമാപ്പീലിയെന്‍

പുസ്തകത്താളില്‍‍ ഒളിച്ചിരുന്നു.

മല്‍സഖി ബാല്യത്തില്‍ അന്നൊരുനാള്‍

സസ്നേഹം നല്‍കിയതായിരുന്നു.

ആ വര്‍ഷം അവളെന്നെ വിട്ടുപിരിഞ്ഞു

എന്‍ തോഴി, എന്‍ പ്രിയ കൂട്ടുകാരി.

ബാല്യത്തിന്‍ ചെറു കൌതുകത്താല്‍

പിരിയലും ഒരു പുതുകഥയായ്‌ത്തോന്നി.

കളിയിലും ചിരിയിലും അവസാനനിമിഷവും

അറിഞ്ഞില്ല നാം വിരഹ ദുഃഖം.

ചേച്ചിതന്‍ കൈപിടിച്ചകലുമ്പോഴും

തിരിഞ്ഞുനോക്കിയവള്‍ പുഞ്ചിരിച്ചു.

ഒരു മണിയശ്രു പോലുമെന്‍ കണ്‍കളില്‍

ആ നേരം വന്നു തുളുമ്പിയില്ല.

ഇന്നാ പുസ്തകത്താള് മറിക്കുമ്പോള്‍

ഇന്നാ മായൂരപിഞ്ച്ചിക കാണുമ്പോള്‍ 

എന്‍റെ നയനങ്ങള്‍ നിറയുന്നല്ലോ 

അന്ന് നിറയാത്ത സ്നേഹാശ്രുവിനാല്‍. 

നഷ്ടസൗഹൃദംWhere stories live. Discover now