താടി

21 3 7
                                    

ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ ബൈ പറയും. കഷണ്ടിയെ..😂 ഇനിയിതെല്ലാം വേണ്ടുവോളം ഉള്ളവനോ, അവന്റെ പ്രശ്നങ്ങൾ മറ്റെന്തെങ്കിലുമാവും. അങ്ങനെ പറഞ്ഞുവന്നത്...ഒരു താടി ഉണ്ടാക്കി വച്ച കുഴപ്പങ്ങളുടെ കഥയാണ്.

പുത്തരിപ്പാടം പഞ്ചായത്തിൽ അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് ഒരു ഞെട്ടിക്കുന്ന വാർത്തയുമായാണ്.

""ബിടെക് സപ്ലി അടിച്ച് പണ്ടാരടങ്ങി ഫാഷൻ ഡിസൈനിങ് പഠിക്കാനായി ബാംഗ്ലൂർ പോയ സതീശന്റെ മോൻ ഉമേഷ് നാട്ടിൽ തിരിച്ചെത്തി.""

ഇതുകേൾക്കുമ്പോ സ്വാഭാവികമായും നിങ്ങൾക്ക് തോന്നാം സതീശന്റെ മോന് കൊമ്പും വാലുമുണ്ടോ എന്ന്.. കാരണം അമ്മാതിരി ബിൽഡപ്പല്ലേ ചെക്കൻ പഞ്ചായത്തിൽ കാലുകുത്തിയപ്പോ തൊട്ട് ഞാനടക്കമുള്ള നാട്ടുകാർ കൊടുക്കണേ...പക്ഷെ ചെക്കന്റെ തിരിച്ചുവരവ് ഒരു കാട്ടുതീ പോലെ ഈ നാട്ടിൽ പടരാൻ ഒരു കാരണമുണ്ട്. ചെക്കൻ പോയതുപോലല്ല മടങ്ങിവന്നത്!...

നമ്മുടെ 'പ്രേമം' സിനിമയിലെ മാഷ് പറഞ്ഞതുപോലെ "കാര്യം നിസ്സാരമാണ്...ബട്ട് പവർഫുൾ!..." ഉമേഷിനെ കണ്ടാൽ അവന്റെ പെറ്റ തള്ള പോലും തിരിച്ചറിയില്ല..അമ്മാതിരി ട്രാൻസ്ഫോർമേഷൻ. താടിയും മുടിയും ഒക്കെ നീട്ടി വളർത്തി വല്ലാത്തൊരു കോലം....കണ്ടാൽ അസ്സൽ ഭ്രാന്തൻ.

ഈ വാർത്തയും അതോടൊപ്പം തന്നെ പലരുടെ പലവിധത്തിലുള്ള അഭ്യൂഹങ്ങളും അഭിപ്രായങ്ങളും അനുമാനങ്ങളും ആക്ഷേപങ്ങളുമെല്ലാം തന്നെ കാട്ടുതീ പോലെ പുത്തരിപ്പാടം ഗ്രാമം മുഴുവൻ പടർന്നു. ചെക്കൻ വീടുത്തുന്നതിനുമുന്നേ ഈ വിഷയം പല വേദികളിൽ ചർച്ചയ്ക്കെടുത്തു. നാട്ടിലെ എണ്ണംപറഞ്ഞ 'ജഡ്ജിമാർ' അവരുടേതായ ന്യായവിധികളും പ്രസ്താവനകളും പുറപ്പെടുവിച്ച് തുടങ്ങി....
"പോയി...ചെക്കന്റെ കാര്യം തീരുമാനമായി." ഞാൻ വ്യസനത്തോടെ മനസ്സിലോർത്തു.

താടിDonde viven las historias. Descúbrelo ahora