"മോനെ? സ്ഥലം എത്തി.. ഇറങ്ങണ്ടേ?" മധുരമായ ഈ ശബ്ദം കേട്ടാണ് സിദ്ധാർഥ് കണ്ണു തുറക്കുന്നത്....
ഉറക്കം വിട്ട് മാറാത്ത കണ്ണുകളുടെ അവൻ നോക്കിയത് ഒരു അമ്മയെയാണ്... മുണ്ടും നേരിയതും ഉടുത്ത നെറ്റിയിൽ ഒരു ചന്ദനക്കുറി തൊട്ട ഒരു ഐശ്വര്യമുള്ള മുഖം... സ്ഥലം എത്തിയെന്ന് കേട്ടപ്പോൾ അവൻ പെട്ടെന്ന് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങി.....
അപ്പോഴേക്കും തന്നെ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു.... അത് സ്റ്റേഷൻ വിട്ട് അകന്ന് ഇല്ലാതെയാകുന്നത് വരെ അവൻ നോക്കി നിന്നു... ഉറക്കം പൂർണമായി വിട്ടു മാറിയപ്പോഴാണ് അവൻ അത് ചിന്തിക്കുന്നത്...
ആ സ്ത്രീയെ ഇതിനു മുൻപ് അവൻ കണ്ടിട്ടില്ല.. തനിക്ക് എവിടെയാണ് ഇറങ്ങേണ്ടത് എന്ന് താൻ ആരോടും പറഞ്ഞിട്ടില്ല.. പിന്നെ കൃത്യമായ സ്ഥലം അവർക്ക് എങ്ങനെ മനസ്സിലായി. താൻ ശരിക്കും ഉള്ള സ്ഥലത്ത് തന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ അവൻ ചുറ്റും നോക്കി..
ഇത് റെയിൽവേ സ്റ്റേഷൻ ആണോ അതോ കാവാണോ? കൂറ്റൻ മരങ്ങൾ അതിന്റെ വേരുകൾ ശിഖരങ്ങളിൽ നിന്ന് തൂങ്ങി നിലം മുട്ടി കിടക്കുന്നു... ട്രെയിനിന് ദൂരേക്ക് മായാൻ പച്ചക്കൊടി കാണിക്കാൻ ഒരു ചേട്ടനും അവിടെയെല്ലാം വൃത്തിയാക്കാൻ ഒരു ചേച്ചിയും.. വേറെ ഒരൊറ്റ മനുഷ്യനില്ല അവിടെയെങ്ങും.....
എന്തിന് ഏറെ പറയാൻ സ്ഥലപേര് എഴുതിയ ബോർഡ് പോലും കാടുപിടിച്ചു കിടക്കുന്നു.... ഈ കാട്ടുമുക്കിൽ ഈ ഇല്ലം വാങ്ങി അവർക്ക് എന്ത് പ്രയോജനമാണ് എന്ന് ഉള്ളത്? എന്തായാലും തനിക്ക് പണമാണ് മുഖ്യം. ഇതും മനസ്സിൽ കരുതി അവൻ പുറത്തേക്ക് നടന്നു...
തന്റെ അച്ഛൻ പറഞ്ഞതുപോലെ സ്റ്റേഷന്റെ മുന്നിൽ നിന്ന് തന്നെ ബസ് കയറി അവൻ ലക്ഷ്യസ്ഥാനത്തേക്ക് യാത്രയായി....