ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയം

324 4 4
                                    


മുസമ്മില്‍ പെര്‍വാഡ്


മനുഷ്യ മനസ്സിന്‍റെ ക്യാന്‍വാസില്‍ നിന്നും ഒരിക്കലും മാഞ്ഞുപോവാത്ത, മായ്ക്കുന്തോറും കൂടുതല്‍ ആഴത്തില്‍ തെളിഞ്ഞുവരുന്ന ഇനിയും പൂര്‍ത്തീകരിക്കപ്പെടാത്ത, അര്‍ത്ഥമില്ലാത്ത ഒരു ചിത്രമാണ് പ്രണയം. ഒറ്റപ്പെട്ട ചില വിശാലമായ നിമിഷങ്ങളില്‍, ഓര്‍മ്മയുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് തിരികെ വന്നുകൊണ്ടേയിരിക്കുന്നു.

അല്ലെങ്കില്‍, 3 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പൂ പറിക്കുന്ന ലാഘവത്തില്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് എന്‍റെ പ്രണയം ഞാന്‍ ഇല്ലായ്മ ചെയ്തിട്ടും ഓര്‍മ്മയിലേക്ക് തിരികെ വരരുതെന്നാഗ്രഹിക്കുന്ന മുഖം എന്തുകൊണ്ട് എന്‍റെ ചാരത്ത് നിന്നും മാഞ്ഞു പോകുന്നില്ല. എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ഇനിയൊരിക്കലും നീയെന്‍റെതല്ലെന്നും, നീയെന്‍റേതാവില്ലെന്നും അറിയാമായിരുന്നിട്ടും എന്‍റെ ഹൃദയം ഇന്നും നിന്‍റെ സാമീപ്യത്തിനായി, നിന്‍റെ വഴിയോരങ്ങളില്‍ മനപൂര്‍വ്വം കാത്ത് നില്‍ക്കുന്നു. കാലമിനിയെന്ത് വിസ്മയങ്ങള്‍ തീര്‍ത്താലും, ജീവിതത്തിന്‍റെ നടപ്പാതയില്‍ ആഗ്രഹമെത്ര കണ്ണീര്‍ പൊടിച്ചാലും എനിക്ക് നിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം പറഞ്ഞു വെക്കാനെങ്കിലും ഞാനെന്‍റെ പ്രണയത്തെ പ്രണയിച്ചുകൊണ്ടേയിരിക്കും. യുഗങ്ങളെത്ര കഴിഞ്ഞാലും മഞ്ഞ് മാസത്തിന്‍റെ കുളിരോടെ ഹേമന്തവും, നിറമാര്‍ന്ന പൂക്കളുടെ സുഗന്ധവുമായി വസന്തവും, വര്‍ഷവും ഗ്രീഷ്മവും ഇവിടെ മാറി മാറി സഞ്ചരിച്ചാലും അതൊന്നും എന്‍റെ നഷ്ടങ്ങള്‍ക്ക് തുല്യമാവില്ലെന്നറിയാം. പക്ഷെ, നിന്‍റെ ഓര്‍മ്മകളെന്നെ പതിയെ നോക്കി മന്ദഹസിക്കുമ്പോള്‍ അരികില്‍ വെറുതെയെങ്കിലും നിന്നെ ഞാന്‍ തിരഞ്ഞിടുന്നു. വെറുതെ.. വെറും വെറുതെ.... ഇന്നെവിടെ നോക്കിയാലും, ആരെ കണ്ടാലും നിന്‍റെ മുഖം പോലൊരു സാമ്യത, അല്ലെങ്കില്‍ നീ തന്നെയാണെന്നൊരു തോന്നല്‍, അത് കൊണ്ട് തന്നെയാവാം ചില നേരങ്ങളില്‍ ഒരു വാക്കു പോലും മൊഴിയാതെ മനസ്സിലേക്ക് നിന്‍റെ മുഖം ഓടിയെത്തുന്നതും, നിന്നെ മറക്കാനൊരിക്കലും കഴിയാത്തതും. നടന്നുവന്ന വഴിവീഥികളിലെ നനുത്ത ഇടവേളകളില്‍ പലരേയും ഞാന്‍ പ്രണയിച്ചിട്ടുണ്ടെങ്കിലും എനിക്കിന്നും പ്രണയമെന്നത് നീ തന്നെയാണ്. നിനക്കപ്പുറത്ത് ഒരു കാമുകിക്ക് ജീവന്‍ നല്‍കാന്‍ എന്‍റെ ഹൃദയം ഇനിയും വളര്‍ന്നിട്ടില്ല. അതിനിനിയും ഞാന്‍ ശ്രമിക്കില്ല. മനസ്സിലിന്നും നീയും നിന്‍റെ സ്മരണകളും മാത്രമാണ്. നിന്നെയൊരിക്കലും മറക്കാന്‍ കഴിയുന്നില്ല എന്നതാണ് എന്‍റെ ഏറ്റവും വലിയ ദൗര്‍ബല്യം. കളിവാക്കുകള്‍ പറഞ്ഞ് നിന്നെ പിണക്കുമ്പോള്‍ പശ്ചാത്താപമില്ലാതെ ദേഷ്യപ്പെടുന്ന നിന്‍റെ മുഖത്തിന് വല്ലാത്തൊരഴകുണ്ട്. ദേഷ്യത്തിനെന്നല്ല, നിന്നിലെ ഓരോ ഭാവങ്ങള്‍ക്കും വല്ലാത്തൊരഴകാണ്. കാരണം, നിന്‍റെ മുഖത്തിന്‍റെ മനോഹാരിതയെക്കാളും മുഖത്ത് വെളിവാകുന്ന നിറമാര്‍ന്ന ഭാവങ്ങളിലെ മനം കവരുന്ന മൗനമാണെന്നെ കൊതിപ്പിച്ചത്. വെള്ളക്കണ്ണുകളിലെ ആകര്‍ഷണീയതയ്ക്കപ്പുറം, അതിന്‍റെ നര്‍മ്മം നിറയുന്ന കൊഞ്ചലാണ് നിന്നെ എന്നിലേക്ക് ചേര്‍ത്തുവെച്ചത്. നിന്‍റെ മുടിയഴകിലെ കാഠിന്യ നിറത്തേക്കാള്‍, അത് ചീകിയൊരുക്കാന്‍ നീ കാണിക്കാറുള്ള കൃത്യതയാണ് ഞാനിഷ്ടപ്പെട്ടത്. പ്രണയമെന്താണെന്നെനിക്കറിയില്ല. അതിന്‍റെ നിര്‍വ്വചനമറിയില്ല, അര്‍ത്ഥവുമറിയില്ല. പക്ഷെ, നിന്നെക്കണ്ടത് മുതല്‍ അനുഭവങ്ങളുടെ ആവിഷ്കാരം കൊണ്ട് എന്‍റെ പ്രണയത്തിന് ഞാനൊരു നിര്‍വ്വചനം മെനഞ്ഞെടുത്തു. "പ്രണയം, ഹൃദയത്തിന്‍റെ അകത്തളങ്ങളില്‍ തനിയെ ജന്മം കൊള്ളുന്ന ഭ്രാന്തമായ ആവേശമാണ്. കിട്ടില്ലെന്നുറപ്പായാല്‍പോലും അതിലേക്ക് അടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും." നീ അറിഞ്ഞാലുമില്ലെങ്കിലും നിന്നെ ഞാനൊരുപാട് സ്നേഹിക്കുന്നു. അതിന് മാത്രമേ എനിക്കിനിയും കഴിയുകയുള്ളൂ. വെച്ച് നീട്ടിയ സ്നേഹം തിരസ്കരിച്ച്, ഒരു പ്രാവശ്യം പോലും തിരിഞ്ഞുനോക്കാതെ, വളരെ വേഗത്തില്‍ നീ നടന്നകന്നപ്പോള്‍ എന്‍റെ ഓരോ നിമിഷവും യുഗതുല്യമാവുകയായിരുന്നു. എന്നോടുള്ള സ്നേഹത്തിനും, വെറുപ്പിനുമിടയില്‍ നീ കാണിക്കുന്ന ഈ അവഗണന എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍, വേവലാതികള്‍ നിറഞ്ഞ സ്വപ്നങ്ങളുടെ വിലാപയാത്രയ്ക്ക് മുന്നില്‍, നിസ്സഹായനായി, പകച്ചുനില്‍ക്കുകയാണ് ഞാന്‍.

ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയംWhere stories live. Discover now