-1-

220 14 2
                                    

വിശാലമായ ആശുപത്രി മുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്ത് അവനിറങ്ങി. ഹരിനാരായണന്‍. മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അദ്ധ്യാപകനായി ആയി ജോലി ചെയ്യുന്നു. മറുവശത്തെ ഡോര്‍ തുറന്നവന്‍ കൈ നീട്ടി. നനുത്ത പുഞ്ചിരിയും നിഷ്കളങ്കത നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മുഖമുള്ള അമൃത. അവന്‍റെ സ്വന്തം അമ്മൂസ്. ”വാ...” അവന്‍ വിളിച്ചു. അവന്‍റെ കൈയും പിടിച്ചവള്‍ മുറ്റത്തേക്കിറങ്ങി. അവന്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചിരുന്നു. നേരത്തെ തന്നെ അപ്പോയിന്‍മെന്‍റ് എടുത്തതിനാല്‍ മുന്നിലെ നീണ്ട ക്യുവില്‍ നിന്നും രക്ഷപെട്ടു. അല്ലെങ്കിലും ഒരിടത്തും കാത്തിരിക്കാന്‍ അമ്മു തയാറാവില്ല എന്നവന്‍ ഓര്‍ത്തു. ഹരി അമ്മുവിനെ നോക്കി. അവള്‍ ചുറ്റുപാടും നോക്കുകയാണ്. അവളുടെ വിടര്‍ന്ന മിഴികളില്‍ അത്ഭുതം തങ്ങിനിന്നിരുന്നു. അവര്‍ അകത്തേക്കു നടന്നു.
‘ഡോ. സേതുമാധവന്‍, സൈക്കാട്രിസ്റ്റ്’ – നീല ബോര്‍ഡില്‍ വെളുത്ത അക്ഷരങ്ങള്‍. “ഗുഡ് മോര്‍ണിംഗ് ഡോക്ടര്‍..., ഞാന്‍ ഹരിനാരായണന്‍.., രാവിലെ വിളിച്ചിരുന്നു”. ഹരി തുടക്കമിട്ടു. “യെസ് മിസ്റ്റര്‍ ഹരി, ഞാനോര്‍ക്കുന്നു.., ഇതാണോ താങ്കളുടെ ഭാര്യ”. ഡോക്ടര്‍ ചോദിച്ചു. എന്നിട്ട് അമ്മുവിനെ നോക്കി. അവള്‍ ഡോക്ടറെ നോക്കിയിരിക്കുകയാണ്. പരിചയം തെല്ലുമില്ല. അതാരെന്നു മനസിലാവാതെ അവള്‍ ഹരിയെ നോക്കി. അവന്‍ പുഞ്ചിരിച്ചു. “പേരെന്താ..?” ഡോക്ടര്‍ അവളൊടു തിരക്കി. അവള്‍ മറുപടി പറഞ്ഞില്ല. “സോറി ഡോക്ടര്‍., അമ്മുവങ്ങനെ എല്ലാവരോടും സംസാരിക്കാറില്ല. എന്നോടു മാത്രം വിരളമായി വല്ലതും പറയും. അത്രമാത്രം”. ഹരിയുടെ ശബ്ദം ഇടറിയിരുന്നു. “ഹേയ്.., അതു സാരമില്ല ഹരീ” ഡോക്ടര്‍ ചിരിച്ചു. “എനിക്കാദ്യം സംസാരിക്കാനുള്ളത് ഹരിയോടാണ്. എന്നിട്ടേ അമൃതയിലേക്ക് കടക്കാനാവൂ. അതുകൊണ്ട് അടുത്ത ഒരു ദിവസം കൂടി കാണന്‍ പറ്റുമോ.., ഒറ്റക്ക്..?”. ഡോക്ടര്‍ ചോദിച്ചു. അവന്‍ തലയാട്ടി. “പുറത്തെവിടെയെങ്കിലും ആവും സൗകര്യം. അല്ലേ ?”. ഡോക്ടര്‍ അവനെ നോക്കി. മരുപടിയായവാന്‍ ചിരിക്കുക മാത്രം ചെയ്തു. അങ്ങനെ, ഞാറാഴ്ച്ച രാവിലെ ഗാന്ധി പാര്‍ക്കില്‍ വെച്ചു കാണാമെന്നു തീരുമാനിച്ചു. “എങ്കില്‍ ഞങ്ങള്‍ ഇറങ്ങട്ടേ..” ഹരി അമ്മുവിന്‍റെ കൈകളില്‍ പിടിച്ചു.
യാത്രപറഞ്ഞിറങ്ങാനോരുങ്ങവേ അമ്മു മേശയില്‍ ഇരുന്ന പേപ്പര്‍ വെയിറ്റ് കൈയിലെടുത്തു. “അമ്മൂ അതവിടെ വയ്ക്കു.” ഹരി പറഞ്ഞു. അവള്‍ അവനെ തുറിച്ചു നോക്കിയതല്ലാതെ താഴെ വച്ചില്ല.  “ഇത് വാവക്കാണ്”. അവള്‍ അതില്‍ തെരുപ്പിടിച്ചു കൊണ്ട് പറഞ്ഞു. “ഇല്ല.. വാവക്കു വേറെ കൊടുക്കാം.. അതു താ..” ഹരി അവളില്‍ നിന്നത് ബലമായി പിടിച്ചുവാങ്ങി. “നീ പോ.. നീ ചീത്തയാ.” അമൃത ഹരിയെ നോക്കി ഉറക്കെ കരഞ്ഞു. “എന്തേ ഹരീ ഇത്..” ഡോക്ടര്‍ ആ പേപ്പര്‍ വെയിറ്റ് ഹരിയുടെ കൈയില്‍ നിന്നുവാങ്ങി അമ്മുവിനു കൊടുത്തു. അവള്‍ പുഞ്ചിരിച്ചു. അവളുടെ മിഴികള്‍ വിടര്‍ന്നു. ഒരു കൊച്ചുകുഞ്ഞാണവളെന്നു തോന്നിപ്പോയി. ഹരി അമ്മുവുമായി പുറത്തേക്കിറങ്ങുമ്പോഴും ഡോക്ടര്‍ ചിന്തയിലായിരുന്നു. എന്താവും ആ കുട്ടിക്കു സംഭവിച്ചിരിക്കുക.

ഋതു Where stories live. Discover now