ഇരുട്ട്...
കരിനിഴലുകൾ കടഞ്ഞെടുത്ത് കണ്ണുനീരിൽ ചാലിച്ചെടുത്ത പോലെ... എല്ലായിടവും വ്യാപിച്ചുകിടക്കുന്ന ഇരുട്ട്...
കാഴ്ച്ചയിൽ കറുപ്പു പുരണ്ടതു കൊണ്ടാവാം ശബ്ദങ്ങൾക്ക് മൂർച്ചയേറി വരുന്നു.കാലൊച്ചകൾ ഇടിമുഴക്കങ്ങൾ പോലെ...
അടക്കി പിടിച്ചുള്ള സംസാരങ്ങൾ, കരച്ചിലുകൾ, ഹൃദയമിടിപ്പുകൾ എല്ലാം വളരെ വ്യക്തമായി തന്നെ കേൾക്കാം...
മൂർച്ചയേറിയ ചൂണ്ടക്കൊളുത്തിൽ കോർത്ത് പിടയുന്ന മീനിനെ പോലെ ഞാനും ആ ശബ്ദങ്ങളിൽ ഒന്നിൽ കോർത്ത് കിടന്നു.
" എന്തിനാ ഇവനിതു ചെയ്തത് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ഇവനെന്നോട് പറയാമായിരുന്നല്ലോ ഞാൻ അവസാനമായിട്ട് കണ്ടപ്പോഴും ചോദിച്ചതാ എന്തെങ്കിലും വിഷമമുണ്ടോ എന്ന്... ഒരു ഫോൺ കോൾ ചെയ്താൽ പോരായിരുന്നോ ഇവന്..."
പ്രാണൻ പോയപ്പോൾ ഉണ്ടായതിൻ്റെ പതിന്മടങ്ങ് വേദനയുണ്ടായി അർത്ഥമില്ലാതെ പുലമ്പുന്ന ആ ശബ്ദം കേട്ടപ്പോൾ...
എങ്ങനെയാണ് ഒരാൾക്ക്... ഒരടക്കിന് വന്നിട്ട് ഇങ്ങനെ കള്ളം പറയാൻ സാധിക്കുക...
ഇതു പോലെ മൂർച്ചയേറിയ ചൂണ്ടക്കൊളുത്തുകൾ വേറേയുമുണ്ടായിരുന്നു...
പിടിച്ചാൽ കിട്ടാത്ത രീതിയിൽ മനസ്സ് കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ, ചിന്തകളെ മരവിപ്പിക്കുന്ന ഒരു തണുപ്പ് കൂടി വന്നപ്പോൾ
ജീവിക്കാനുള്ള മോഹം തീരുന്നതിനു തൊട്ടു മുൻപും ഇവരെയെല്ലാം ഫോണിൽ വിളിച്ചതായിരുന്നു. ആരും തിരിച്ചുവിളിച്ചില്ല.
ചിന്തകളുടെ തുലാസ്സിൽ ദുഷ് ചിന്തകൾക്ക് ഭാരം കൂടി വന്നപ്പോഴും ആ ഫോൺ ചലനമറ്റു കിടന്നു. പിന്നെ ഞാനും.പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു പോയി ഇല്ലാരുന്നേൽ എങ്ങനേലും എണീറ്റു വന്ന് എല്ലാത്തിനും കൊടുത്തേനേ...
ഇനി എനിക്ക് നിങ്ങളോട് പറയാനുള്ളത്...
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല... നിങ്ങളുടെ സുഹൃത്തോ ആരെങ്കിലുമൊക്കെയോ വിഷമത്തിലായാൽ അവരെ വിളിച്ചൊന്ന് സപ്പോർട്ട് ചെയ്തേക്കുക...ഒരു ജീവനല്ലെ...
ഒരു ഫോൺ കോളിൻ്റെ അകലമല്ലെ ഉള്ളൂ...