ആ കണ്ണുകളെ എപ്പോൾ തിരഞ്ഞാലും ഒടുവിൽ എന്റെ നോട്ടം ചെന്ന് നിന്നത് യാസീനിലായായിരുന്നു. മാജിദയും അഫീഫയും പറഞ്ഞ എല്ലാ സൂചനകളും വിരൽ ചൂണ്ടിയിരുന്നത് അവനിലേക്കായിരുന്നു. പ്രത്യേകിച്ച് അവന്റെ കണ്ണുകൾ .
എന്റെ സംശയം ഞാൻ ഫഹീമിനോട് പറയുക തന്നെ ചെയ്തു. അവൻ കേട്ടപാതി കേൾക്കാത്ത പാതി നേരെ യാസീനോട് ചെന്ന് ചോദിച്ചു എന്നെ ഇഷ്ട്ടമാണോ എന്ന്.
ഏത് നേരത്താണാവോ ഇവനോട് ഇത് പറയാൻ തോന്നിയത്? ഞാൻ എന്നെ തന്നെ ശപിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഫഹീം തിരിച്ച് വന്നത്.
"അന്റെ തലക്കെന്താ സുഖല്ലെ?" അവന്റെ തലക്കിട്ട് ഞാനൊരു കൊട്ട് കൊടുത്തു.
" ഞാൻ ചോയ്ച്ചു. "
"ന്നിട്ട്?''
"ഓൻ ഒന്നും പറഞ്ഞില്ല."
" ഇല്ലാന്ന് പറയാൻ എന്നാ ഇത്ര ബിൽഡ് അപ്?"
"ചെലപ്പൊ ണ്ട് എന്നാണെങ്കിലോ ?" ഫഹീം ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
"അന്റെ തലക്ക് ശരിക്കും കൊഴപ്പണ്ട് ."
ഫഹീം ചിരിച്ച് കൊണ്ട് അവന്റെ സീറ്റിലേക്ക് മടങ്ങിപ്പോയി. ഫഹീമിന്റെ ഈ ഒരു ചോദ്യം കൊണ്ട് പണി കിട്ടിയത് എനിക്കായിരുന്നു. തരം കിട്ടുമ്പോഴൊക്കെ മാജിദയും റിഷനയും ഷാഹിദും എന്നെ യാസീന്റെ പേര് വിളിച്ച് കളിയാക്കാൻ തുട ങ്ങി. അല്ലെങ്കിലും പാര വെക്കാൻ ഫ്രണ്ട്സ് കഴിഞ്ഞെല്ലെ ആരും ഉള്ളു.
ഫഹീമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്. ഏതായാലും ഈ സംഭവത്തോട് കൂടി മാജിദ എന്നെ വല്ലാതങ്ങ് തെറ്റിദ്ധരിച്ചു.
" അനക്ക് യാസിനെ ഇഷ്ട്ടാണ് . ഓൻ അന്നെ ഇഷ്ട്ടാന്ന് പറയണത് കേൾക്കാൻ നടക്കാ ഇയ്യ്." മാജിദ ഇത് പറഞ്ഞതും ഞാൻ വല്ലാതായി. മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു അവൾ പറഞ്ഞത്. ഏതായാലും ഇനി യാസീനോട് മിണ്ടാനേ പോകുന്നില്ലെന്ന് ഞാൻ തീർച്ച പ്പെടുത്തി. മിണ്ടുമ്പോഴാണല്ലോ കഥകൾ ഉണ്ടാക്കുന്നത് .
അന്ന് ക്ലാസിലേക്കുള്ള വഴി മുഴുവൻ യാസീന്റെ മുമ്പിൽ ചെന്ന് പെടരുതെന്ന പ്രാർത്ഥന മാത്രമായിരുന്നു. അല്ലാഹു എന്റെ പ്രാർത്ഥന കേട്ടില്ല. ക്ലാസിൽ കാലെടുത്ത് കുത്തിയതും ദേ നിൽക്കുന്നു അവൻ. ക്ലാസിനകത്തേക്ക് എടുത്ത് വെച്ച കാൽ പിറകോട്ട് തന്നെ എടുത്താലോ എന്ന് ഒരു നിമിഷം ഞാൻ ഓർക്കാതിരുന്നില്ല.
