അലവിക്കയുടെ കാർ തൊട്ടടുത്ത വീട്ടിലേക്ക് കയറിപ്പോയപ്പോഴാണ് നാഷിദ നിഷാന്റെ ടി-ഷർട്ടിൽ രക്തക്കറ ശ്രദ്ധിച്ചത്. ബുള്ളറ്റിൽ നിന്ന് വീണപ്പോൾ അവന്റെ കൈമുട്ട് ഉരഞ്ഞിരുന്നു.
"നിഷ്, ചോര" നാഷിദ നിഷാന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു.
" അത് സാരല്ല." നിഷാൻ ബൈക്കിൽ വീണ്ടും കയറാൻ നോക്കിയതും നാഷിദ അവനെ തടഞ്ഞ് കൊണ്ട് പറഞ്ഞു,"സാരണ്ട്" അനിയത്തിയെ പിണക്കേണ്ടെന്ന് വിചാരിച്ച് നിഷാൻ ബൈക്ക് വീട്ടിലേക്ക് തന്നെ തിരിച്ചു.
"മ്മാനെ കൂടെ അറീക്കണോ, നാഷീ?" നിഷാൻ തന്റെ മാതാവ് അറിഞ്ഞാലുള്ള പൊല്ലാപ്പിനെ കുറിച്ച് ഓർത്ത് കൊണ്ട് ചോദിച്ചു.
" ഞാനേതായാലും മ്മാനോട് പറയാൻ പോണില്ല ഇയ്യ് (നീ ) വീണ കാര്യം." നാഷിദ ഇത് പറഞ്ഞ് നാക്കെടുത്ത് വായിലേക്ക് ഇട്ടില്ല അപ്പോഴേക്കും അവരുടെ ഉമ്മ സാജിദ വരാന്തയിൽ പ്രത്യക്ഷപ്പെട്ടിരുന്നു." ആരാ വീണെ?"
"പെട്ടു" നാഷിദ തലയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
"ആരൂല്ല, മ്മാ." നിഷാൻ ഒരു സീൻ ഒഴിവാക്കാൻ വേണ്ടി പെട്ടെന്ന് സാജിദാക്ക് ഉത്തരം കൊടുത്തു.
"ഇജ്ജ് ഇഷാന്റെട്ത്ത് ( ഇഷാന്റെ അടുത്ത് )പോവാന്ന് പറഞ്ഞ് എറങ്ങ്യേതല്ലേ. ന്നിട്ടെന്തേ തിരിച്ചോന്നു( തിരിച്ച് പോന്നു)?" സാജിദ തിരക്കി.
" ആ.... അത്..."
" ഓന് മൂത്രൊഴിക്കാൻ പോണന്ന്" നിഷാൻ നിന്ന് പരുങ്ങുന്നത് കണ്ട് നാഷിദ ഇടയിൽ കേറി പറഞ്ഞു. അനിയത്തിയെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് നിഷാൻ അകത്തേക്ക് നടന്നു.
" നിഷാൻ, നിന്നേ." സാജിദ നിഷാന്റെ കയ്യിൽ പിടിച്ച് രക്തക്കറ പുരണ്ട ഭാഗം കാണിച്ച് കൊണ്ട് ചോദിച്ചു, "ഇതെങ്ങനാ പറ്റിയെ?"
"ഒന്നൂല്ല, മ്മാ" നിഷാൻ ഉമ്മയുടെ കൈ വിടുവിച്ച് അകത്തേക്ക് പോയി.
"അനക്കെന്താ നിഷാനെ നോക്കി വണ്ടി ഓടിച്ചാ? " സാജിദ ദേഷ്യത്തോടെ ചോദിച്ചു.
"ഓന്റെ കുറ്റൊന്നല്ല, ഇമ്മാ. ആ ചെക്കമ്മാര്ടെ പന്ത് തട്ടിയപ്പൊ ബാലൻസ് പോയതാ."