10 വർഷങ്ങൾക്ക് മുമ്പ്. വർഷം 2008
നൈന റഹ്മാൻ
"നൈനാ... നൈനാ " നല്ല ഉറക്കത്തിലായിരുന്ന എന്നെ ഉമ്മ കുലുക്കിയുണർത്തി. കിടക്കയിൽ എണീറ്റിരുന്ന് ഒരു കോട്ട് വാ ഇട്ട് തലയും ചൊറിഞ്ഞ് നോക്കിയപ്പോൾ എന്നെ ദേഷ്യത്തോടെ നോക്കുന്ന ഉമ്മയെയാണ് കണ്ടത്.
" ഇന്നെന്താ വല്ലാത്തൊരു ഒറക്കം? വേഗം ണീറ്റ് നിസ്കരിക്കാൻ നോക്ക്.ആ ചെക്കനേം വിളിച്ചോ."എന്റെ വയറിന് മുകളിൽ കാൽ കയറ്റി വെച്ച് ഉറങ്ങുന്ന എന്റെ അനിയൻ നിഷാനെ ചൂണ്ടി കാണിച്ച് കൊണ്ട് ഉമ്മ പറഞ്ഞു. ഞാൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
ഒരു വിധം നിഷാനെ ഉണർത്തി നിസ്കാരമൊക്കെ കഴിഞ്ഞ് താഴെ എത്തിയപ്പോൾ ഉമ്മ പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്റെ അനിയത്തി നാഷിദ ഉറക്കച്ചവടോടെ ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. രാവിലെ എണീറ്റാൽ പിന്നെ ഒരു പത്ത് - പതിനഞ്ച് മിനുട്ട് കഞ്ചാവ് അടിച്ചതു പോലെ ഒരു ഇരുത്തം ഉണ്ട് പെണ്ണിന്. അത് കഴിഞ്ഞേ പല്ല് തേപ്പ് പോലും ഉള്ളൂ.
"പോയി പല്ല് തേക്കടി ." നാഷിയുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ഞാൻ പത്രം വന്നോന്ന് നോക്കാനായി ഉമ്മറത്തേക്ക് പോന്നു.
"ഇമ്മാ (ഉമ്മ)ഇത്ത ന്റെ തലക്ക് തല്ലി. " നാഷിദ കിടന്ന് ചിണുങ്ങാൻ തുടങ്ങി.
"രാവിലെ തന്നെ തൊടങ്ങി രണ്ടും." ഉമ്മ ദേഷ്യപ്പെടുന്നതിന് മുമ്പേ തടി തപ്പിയത് നന്നായി. ഉമ്മറത്തെ വാതിൽ തുറന്ന് നോക്കിയ പ്പോൾ പത്രം എത്തിയിട്ടില്ല. എനിക്കെന്തോ പത്രക്കാരൻ പയ്യനോട് വല്ലാത്ത ദേഷ്യം തോന്നി.
" നൈനാ, ഇപ്പ (ഉപ്പ ) വിളിച്ചിരുന്നു ഇന്നലെ. ഇനി അലോട്ട്മെന്റൊന്നും കാത്ത്കണ്ടാന്ന് ( കാത്ത് നിൽക്കണ്ട )പറഞ്ഞു. അൽ-അമീനിൽ ചേർക്കാനാ അന്റെ ഇപ്പാക്കിഷ്ട്ടം. "
"അവിടെ ചുരിദാറല്ലെ യൂണിഫോം ?"
" ഉം "
" ന്നാ ആ സ്കൂൾ മതി. സ്കേർട്ടായാൽ ഓടാൻ പാടാ."
''യ്യ് പടിക്കാനല്ലെ പോണെ അല്ലാതെ ഒളിമ്പിക്സിനൊന്നല്ലല്ലോ " ഉമ്മ ദേഷ്യപ്പെട് അടുക്കളയിലേക്ക് തന്നെ മടങ്ങി പോയി.
![](https://img.wattpad.com/cover/167370161-288-k498849.jpg)