ഹോസ്പിറ്റൽ റൂമിലേക്ക്!

501 40 21
                                    

2014 റമദാനിലെ ഇരുപത്തിരണ്ടാമത്തെയോ മറ്റോ നോമ്പ് ആണ് അന്ന്, എന്നാണ് എന്റെ ഊഹം, നല്ല മഴയൊക്കെ ഉളള സമയം ആയിരുന്നു അത് ...!

"എല്ലാവരും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ പോകുവാൻ ഒരുങ്ങ്., താച്ചുമ്മാക്ക് തീരെ കഴിയുന്നില്ല.. "

ഉമ്മയുടെ വേദനയും പരിഭ്രമവും എല്ലാം കൂടിച്ചേർന്ന ശബ്ദം എനിക്ക് ഇന്നും ഓർമ്മയുണ്ട്. ആ സമയത്ത് താച്ചുമ്മ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ആയിരുന്നു അഡ്മിറ്റായത്.

ഉമ്മയുടെ സ്വരം കേട്ട പാടെ വെറുതെ കിടക്കുകയായിരുന്ന ഞാൻ, കയ്യിലുണ്ടായിരുന്ന എന്റെ ഫോൺ ബെഡി ലേക്കിട്ട് വേഗം എഴുന്നേറ്റു . പിന്നീടെല്ലാം പെട്ടെന്നായിരുന്നു. എന്റെ അനിയത്തിമാർ അടക്കം ഞങ്ങൾ എല്ലാവരുംപെട്ടെന്ന് വസ്ത്രമൊക്കെ മാറി എന്നു വരുത്തി ഉമ്മയുടെ കൂടെ പോകുവാൻ ഒരുങ്ങി.നോമ്പ് സമയമായതിനാൽ ഉപ്പ കൂടുതലും ആ സമയത്ത് പളളിയിലാണ് ഉണ്ടാവാർ. അത് കൊണ്ട് ഉപ്പയുടെ വണ്ടി മറ്റൊരാൾ ഡ്രൈവ് ചെയ്തിട്ടാണ് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയത്.

പൊതു വെ എന്തു വലിയ കാര്യം നടന്നാലും അതിന്റെ ഗൗരവം എനിക്കത്ര പെട്ടെന്ന് തലയിൽ കയറില്ല. അത് കൊണ്ട് തന്നെ, മരണ വീടുകൾ, ഹോസ്പിറ്റൽ സന്ദർശനങ്ങൾ ഇതൊക്കെ എനിക്കെന്നും അൽപ്പം അപരിചതത്വം നിറഞ്ഞ കാര്യമാണ്. പക്ഷെ അന്ന് എന്ത് കൊണ്ടോ എന്റെ മനസ്സിലൊരു ഭയം വന്നു നിറഞ്ഞു.

താച്ചുമ്മാക്ക് എന്തെങ്കിലും ആകുമോ, ഇന്നത്തെ ദിവസം അവർ അതിജീവിക്കില്ലേ .... അല്ലാഹുവേ അവരുടെ അസുഖം ഗുരുതരമാണെന്ന് എനിക്കറിയാം, പക്ഷെ താങ്ങാൻ പറ്റാത്ത നോവ് കൊടുത്ത് നീ അവരെ പരീക്ഷിക്കല്ലേ എന്നു നിശബ്ദമായി ദുആ ചെയ്തു കൊണ്ടായിരുന്നു അവർ കിടക്കുന്ന റൂമിലേക്ക് പോകുന്ന സ്റ്റെപ്സ് കയറിയത്.

ഡെറ്റോളിന്റെയും മരുന്നുകളുടെയും പിന്നെ ഒരു പത്തു പതിനഞ്ചു പേരുടെ നിശ്വാസങ്ങളും കൊണ്ട് നിറഞ്ഞ ഒരു മുറിയിലേക്കായിരുന്നു ഞങ്ങൾ കാലെടുത്തു വെച്ചത്. ഞങ്ങളെ പോലെ മറ്റുളളവരും എല്ലാം ഉണ്ട്.

താച്ചുമ്മയുടെ മൂന്ന് പെൺമക്കളും മൂന്ന് ആൺമക്കളും അവരുടെ കുഞ്ഞുകുഞ്ഞു ഫാമിലി ക ളും അടക്കം ഒരു വലിയ കുടുംബത്തിലെ അംഗമാണ് ഞാൻ. വേറെ വേറെ ആണ് എല്ലാവരും താമസിക്കുന്നതെങ്കിലും ദു:ഖങ്ങളിലും സന്തോഷങ്ങളിലും ഞങ്ങളെന്നും ഒറ്റക്കെട്ടാണ്. എല്ലാവരുടെയും മുഖമാകെ ഇരുണ്ടിട്ടുണ്ട്. ഉമ്മയുടെ രണ്ട് ജേഷ്ടത്തിമാർ ആയിരുന്നു അന്ന് താച്ചുമ്മയുടെ കൂടെ ഹോസ്പിറ്റലിൽ താമസിച്ചിരുന്നത്. ഉമ്മ ഇടക്കിടെ പോയിട്ട് തിരിച്ച് വരാറാണ് പതിവ്.

വിശദീകരണങ്ങൾ ഇവിടെ നിർത്താം....

റൂമിലേക്ക് കയറിയ പാടെ എന്റെ കണ്ണുകൾ പാഞ്ഞത് പച്ച വിരി വിരിച്ച കിടക്കയിൽ ഒരു പാട് ട്യൂബുകൾക്കിടയിൽ നിശ്ചലമായി കിടക്കുന്ന ആ ശുഷ്ക്കിച്ച രൂപത്തിലേക്കാണ്. ആകെ ഒരു തരിപ്പായിരുന്നു പിന്നീട് മനസ്സിൽ .താച്ചുമ്മയുടെ പഴയ സുന്ദരമായ രൂപത്തിൽ നിന്നും എത്രയോ വിത്യസ്ഥമായ ഒരു അപരിചിത!

ശ്വാസഗതികൾക്കനുസ്സരിച്ച് ഉയർന്നും താഴ്ന്നും കൊണ്ടിരിക്കുന്ന ആ നെഞ്ചിലെ അനക്കം അല്ലാതെ ആ ശരീരത്തിലെ ജീവന്റെ കണിക ബാക്കിയുണ്ടോ എന്ന് അറിയാൻ പറ്റുന്നില്ല.

ഞാൻ പതിയെ അടുത്തേക്ക് ചെന്നാ മുഖത്തേക്കൊന്നു നോക്കാൻ ശ്രമിച്ചു.മുഖം എന്നു പറയാൻ ഒന്നും വ്യക്തമായിരുന്നില്ല. മൂക്കിലും വായിച്ച മൊക്കെ ട്യൂബുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും നിറഞ്ഞ് ആകെ നിസ്സഹായ അവസ്ഥയിൽ ആയിരുന്നു.മുഖത്തപ്പോൾ സഹതാപം വരാതിരിക്കാൻ ഞാൻ ശ്രമിച്ചു.

കാരണം കോമയിലായ താച്ചുമ്മാക്ക് എന്തെങ്കിലും കാരണം കൊണ്ട് എന്റെ ഭാവം കാണാനും മനസ്സിലാക്കാനും ഇടവന്നാൽ അവരൊരിക്കലും തന്റെ നേർക്ക് ആഗ്രഹിക്കാത്തതാണ് സഹതാപ ഭാവം എന്നെനിക്കുറപ്പായിരുന്നു. അത്രയ്ക്കു ശക്തിയേറിയ, പ്രൗഢമായ മനസ്സിന്റെ ഉടമ ആയിരുന്നല്ലോ ഒരുനാൾ അവർ.

താച്ചുമ്മയുടെ ഈ കിടത്തം കാണാനാവാതെ ,റൂമിലെ ജനലിനു മുമ്പിൽ നിന്ന് സ്വന്തം കൈയ്യിലേക്കം ഫോണിലേക്കുമൊക്കെ നോക്കി, എന്തു ചെയ്യണമെന്നറിയാതെ നിശ്ചലമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന ഞങ്ങളുടെ സ്വന്തം താച്ചുപ്പ (ഉപ്പാപ്പ ) യിലേക്കു ഒരു നിമിഷം കണ്ണുകൾ പാഞ്ഞു.

പാവം താച്ചുപ്പ! എനിക്ക് നല്ല വിഷമം തോന്നി.

വീണ്ടും താച്ചുമ്മയിലേക്ക് മുഖം തിരിക്കവേ, മനസ്സിൽ കൂടി ഒരായിരം ഓർമ്മകളുടെ കുത്തൊഴുക്കായിരുന്നു ...

(Thudarum)

..........()............()..........

A/N: ഓർമ്മകൾക്ക് വ്യാകരണത്തിന്റെയും അക്ഷരശുദ്ധിയുടെയും ആവശ്യമില്ലെന്ന് തോന്നിയതിനാൽ editing നു മുതിർന്നിട്ടില്ല, തെറ്റുകൾ ക്ഷമിക്കുക....

ഒരു ഓർമ്മ..Where stories live. Discover now