5. അസുഖം കിഴടക്കിയ നാൾ ....

238 29 13
                                    

കാൻസർ എന്ന അസുഖത്തിന് ഒരു മനുഷ്യനിലെ എന്തൊക്കെ കാർന്നുതിന്നാൻ പറ്റും, ... പലതുമുണ്ടാകും..അവനിലെ ആരോഗ്യം, ഉന്മേഷം, ശക്തി, മനോധൈര്യം.... അങ്ങിനെ എല്ലാം ഓരോന്നോ രാ യി അതിങ്ങനെ കീഴടക്കിക്കൊണ്ടേയിരിക്കും..

ചെറുപ്പം മുതലേ ഞാൻ വായിച്ചറിഞ്ഞതിൽ വെച്ചേറ്റവും ഭയപ്പെടുന്ന അസുഖമാണ് കാൻസർ (തവക്കൽത്തു അലല്ലാഹ്.... ). മറ്റൊന്നും കൊണ്ടല്ല, വളരെ ചെറുതായിരിക്കുമ്പോൾ തന്നെ വായനയുടെ മാന്ത്രിക ലോകത്തേക്ക് കാലെടുത്തു വെച്ച ഒരാളാണ് ഞാൻ. എനിക്ക് തോന്നുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ "ന്റ്പ്പൂപ്പാക്കൊരാന്ണ്ടാർന്നു " എന്ന പുസ്തകമൊക്കെ ഏഴാം വയസ്സിലൊക്കെയായിരുന്നു ഞാൻ ആദ്യം വായിച്ചത്. അതിലെ നിസാർ അഹമ്മദ് (പേര് അത് തന്നെയാണോ എന്ന് ഉറപ്പില്ല, പഴയ മെമ്മറിയാണ്, ക്ഷമിക്കുമല്ലോ😶), പിന്നെ കുഞ്ഞുപ്പാത്തുമ്മയും എന്റെ പ്രിയ ജോഡികൾ ആയിരുന്നു എന്ന് പറയാം...

ഞാനിതു പറയാൻ കാരണം, അത്രയും തീവ്രമായ ഒന്നായിരുന്നു എനിക്ക് വായന എന്ന് പറഞ്ഞാൽ.പക്ഷെ അത് കാരണം എനിക്ക് അൽപം നെഗറ്റീവ് എഫക്റ്റും ഉണ്ടായി എന്നതാണ് സത്യം, കാരണം വളരെ ചെറുപ്പത്തിൽ തന്നെ ഒട്ടുമിക്ക വലിയ രോഗങ്ങളെക്കുറിച്ച് ഇരുന്ന് വായിച്ച് ,പിന്നീട് വല്ലാതെ ഭയക്കുന്ന പ്രക്യതമായിരുന്നു എന്റെത്.....

അത് കൊണ്ട് ഞാൻ താച്ചുമ്മയിലേക്ക് തന്നെ തിരിച്ചു വരാം, താച്ചുമ്മയിലെ ശക്തിയെ സാവധാനം കീഴടക്കിക്കൊണ്ട്, അവരിലെ ആരോഗ്യം കുറച്ച ആ അജ്ഞാത അസുഖം കാൻസർ ആയിരുന്നു, എന്നറിഞ്ഞപ്പോൾ എന്നിലെ പഴയ ആ ബാല്യകാല ഭയം പെട്ടെന്ന് തിരികെ വന്നത് പോലെയാണ് എനിക്ക് തോന്നിയത്.

രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ താച്ചുമ്മയെ മിക്കവാറും, എല്ലാ നല്ല ഡോക്ടർമാരെ കൊണ്ട് ട്രീറ്റ് ചെയ്യിപ്പിച്ചുവെങ്കിലും അത് ,അവർക്ക് പോലുംതിരിച്ചറിയാൻ ഒരുപാട് വൈകിയിരുന്നു. ആർക്കും പിടികൊടുക്കാതെ നിശബ്ദമായി താച്ചുമ്മയെ കാർന്നുതിന്നുകയായിരുന്നു ആ വ്യാധി .മനുഷ്യന് അസുഖം വന്നാൽ ചില സമയങ്ങളിൽ പണം കൊണ്ടോ, വലിയ വലിയ ചികിത്സാ സൗകര്യങ്ങളോ ഉണ്ടായിട്ടു മാത്രം ഒരു കാര്യ യവുമില്ല എന്നു മനസ്സിലാക്കി തന്ന സമയമായിരുന്നു അത്.കാരണം താച്ചുമ്മയ്ക്ക് എന്തസുഖമാണെന്ന് മനസ്സിലാക്കാൻ, പോകാത്ത ഹോസ്പിറ്റലുകൾ ഇല്ലായിരുന്നു ...

അല്ലാഹു വിന്റെ വിധി എന്താണെന്ന് ചിലപ്പോൾ നമ്മൾക്ക് പിടികിട്ടുകയേയില്ല, ചില സമയങ്ങളിലവൻ 'പണവും സ്ഥാനവുമുണ്ടെങ്കിൽ എനിക്കെന്തുമാകും' എന്നു സ്വമനസ്സിൽ തോന്നിപ്പിക്കും, അടുത്ത നിമിഷം തന്നെ നമ്മളെ,എല്ലാം നഷ്ടപ്പെട്ട് വിലപിക്കുന്ന ഒരാളുമാക്കാനും കഴിയുമവന്....

താച്ചുമ്മയിൽ ഒളിച്ച് നിന്ന് ആ രോഗത്തിന് തന്നെ മടുത്തിട്ടാകണം, അവസാന മത് ഏതോ ഒരു ഡോക്ടറിന്റെ വലയിൽ കുടുങ്ങുക തന്നെ ചെയ്തു. പക്ഷെ അപ്പോഴേക്കും ഒരു പാടൊരുപാട് വൈകിയിരുന്നു. അവസാന സ്റ്റേജ് ! ആ ജീവിതമിനി നീട്ടിക്കിട്ടുവാൻ മാത്രം ഒരു മെഡിക്കൽ അൽഭുതവും ഒരു ഡോക്ടർമാരും സജസ്റ്റ് ചെയ്തില്ല. കാരണം അത്രയും ക്ഷീണിതയായിരുന്നു അപ്പോഴേക്കും ഞങ്ങളുടെ താച്ചുമ്മ....

രോഗത്തിനു കീഴടങ്ങിയപ്പോൾ ഉണ്ടായ ആ ശക്തമായ ശരീരത്തിന്റെ ബലഹീനതകൾ ഇവിടെ പറഞ്ഞ് ഞാനെന്റെ താച്ചുമ്മയോടുള്ള ബഹുമാനം കുറക്കില്ല ... ഞാനാദ്യമേ പറഞ്ഞല്ലോ, സഹതാപം ആഗ്രഹിക്കാത്ത ഒരു വലിയ മനുഷ്യനാണ് ഞങ്ങളുടെ താച്ചുമ്മ...

കാരണമതു കൊണ്ടാവാം, ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ താച്ചുമ്മയെ സന്ദർശിക്കാൻ വന്ന ചിലരോടൊക്കെ, 'എങ്ങിനെ നടന്നിരുന്ന ആളാ..., കിടക്കുന്നത് കാണുമ്പോ സഹിക്കാൻ പറ്റണില്ല..." ഇത്തരത്തിലുള്ള സഹതാപ പ്രകടനങ്ങൾ ഒഴിവാക്കിയെങ്കിൽ വളരെ നന്നായിരുന്നു എന്ന് നിശബ്ദമായി പറയാൻ വെമ്പിയത്. പക്ഷെ ഞാനതൊന്നും പുറമേ കാണിക്കാറില്ല കേട്ടോ, ചിന്തിച്ചു കൂട്ടുകയേ ഉളളൂ...

കുറേ നാൾ ഹോസ്പിറ്റലിൽ, പിന്നെ കുറേ നാൾ മക്കളുടെ കൂടെ,....

അവസാനം ട്യൂബിൽ കൂടിയേ ആ ശരീരത്തിൽ, ജീവൻ നിലനിർത്താനുളള ഭക്ഷണം ഉളളിലേക്കെത്തിക്കാനാവൂ എന്നായതും ,വീണ്ടും ഹോസ്പിറ്റൽ കിടക്കയിലെക്ക്... ആ വർഷത്തെ റമദാൻ മാസത്തിൽ ... അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ അങ്ങിനെയാണ് താച്ചുമ്മയെത്തിയത്...

കൂടെ തന്നെ മരണത്തിന്റെ മാലാഖയും വന്നിട്ടുണ്ടാകണം ....

(തുടരും)

ഒരു ഓർമ്മ..Nơi câu chuyện tồn tại. Hãy khám phá bây giờ