എടയന്നൂരിലെ എന്റെ ഉമ്മയുടെ നാട്ടിൽ നിന്നും അരമണിക്കൂറോളം പോയാൽ കണ്ണൂർ ടൗണിലേക്കെത്തും. തറവാട് വീട്, അതായത് താച്ചുമ്മാന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ, ഉപ്പ ഞങ്ങൾക്കായി പുതിയ വീട് എടുത്തതിനാൽ എന്റെ നിറങ്ങൾ നിറഞ്ഞ ബാല്യകാലം പത്തു വയസ്സുവരെ എടയന്നൂർ എന്ന എന്റെ ജന്മസ്ഥലത്ത് ഭദ്രമായിരുന്നു.
ഒരു സിവിൽ എഞ്ചിനിയർ ആയ എന്റ
ഉപ്പയുടെ കൺസ്ട്രക്ഷൻ (കണ്ണൂരിലൊ വർക്കിന്റെ കാര്യം കാരണം, എന്നും അരമണിക്കർ morning - evening യാത്ര വന്നതിനാൽ, ഉപ്പയുടെ സൗകര്യത്തിനായി, പിന്നീട് ആ വീട് അടച്ചിട്ട് ഞങ്ങളുടെ കുടുംബം കണ്ണൂരേക്ക് മാറി. ഒരു ഫ്ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം, ഓടിക്കളിച്ച എന്റെയൊക്കെ കുട്ടികാലം അവിടെ അവസാനിച്ചൂന്ന് പറയാം....ഇതൊക്കെ ഇവിടെ പറയാൻ ഒരു കാരണം ഉണ്ട്.കാരണം അവിടന്നങ്ങോട്ട് സ്കൂൾ ഇല്ലാത്ത ശനി - ഞായർ ദിവസങ്ങളിൽ ആയിരുന്നു ഞങ്ങളുടെ തറവാട് സന്ദർശനം!
എനിക്ക് അന്നും ഇന്നും താച്ചുമ്മയെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒന്നാണ് താച്ചുമ്മയുടെ പാട്ട് പാടൽ!
താച്ചുമ്മ പഴയ കാല മാപ്പിളപ്പാട്ടുകളൊക്കെ നന്നായി പാടും.വരാന്തയിലെ കസേരയിൽ ഇരുന്ന്, ഗ്രിൽസിനുളളിലൂടെ പുറത്ത് റോഡിൽ കുടി ചീറി പാഞ്ഞു പോകുന്ന വണ്ടിയൊക്കെ നോക്കി, വിരലുകൾ കൊണ്ട് കസേരക്കയ്യിൽ താളം പിടിച്ച് കൊണ്ട്, ആസ്വദിച്ചു തലയാട്ടി താച്ചുമ്മ സ്വയം മറന്നുപാടുന്നത് ഒരു പ്രത്യേക ദൃശ്യം തന്നെയാണ്. ഞങ്ങളൊക്കെ അത് കേട്ട് ചിരിയോടെ അരികിൽ പോയി നിൽക്കുമ്പോൾ ഈണം കൂട്ടി ക്കൊണ്ട് കൂടുതൽ ഭംഗിയായി പാടുന്നത് തുടരും ....
മറ്റൊന്ന് താച്ചുമ്മയുടെ ഖുർആൻ പാരായണം,
എന്നും പതിവായൊരു സമയം താച്ചുമ്മ ഖുർആൻ ഓതുന്ന കാഴ്ച്ചയും എന്റെ കുട്ടിക്കാല ദൃശ്യങ്ങളിലൊന്നായിരുന്നു.
കണ്ണൂരിലെ സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ എടയന്നൂരിലെ താച്ചുമ്മയുടെ വീട്ടിലേക്ക് എന്റെ കുടുംബം ഓടിയെത്തുമ്പോൾ ആദ്യമാധ്യം എന്റെ മൂത്തമ്മയും ഫാമിലിയുമൊക്കെയായി നിറഞ്ഞു നിന്ന ആ വീടിൽ, ഓരോരുത്തരായി സ്വന്തം വീടെടുത്ത് പോയി ,അവിടെ മാകെ നിശബ്ദമാകാൻ തുടങ്ങിയിരുന്നു.
പിന്നീടങ്ങോട്ട് ആ തറവാട്ടിൽ താച്ചുമ്മയും താച്ചുപ്പയും തനിച്ചായിരുന്നു താമസം. പ്രകൃത്യാ അങ്ങനെ ആണല്ലോ.... ചിറകുവിരിച്ച് പറക്കാനാകുമ്പോൾ എല്ലാവരും പുതിയ പുതിയ സ്ഥലങ്ങൾ തേടിപ്പോകും. അവരെ രണ്ടു പേരെയും അവിടെ പൂർണ്ണമായും ആരും തനിച്ചാക്കി എന്നു പറയാനാവില്ല. മരുമക്കളുടെയും മക്കളുടെയും സാന്നിദ്യംപലപ്പോഴും അതിനു ശേഷവും അവിടെ ഉണ്ടായിരുന്നു എന്നും പറയാം....
പക്ഷെ ഞങ്ങളുടെ താച്ചുമ്മ ആ പ്രായത്തിലുള്ള മറ്റെത് സ്ത്രീയെക്കാളും ധൈര്യവതിയായിരുന്നു. ഒരു ജോലിക്കാരിയുടെ പോലും സഹായമില്ലാതെ ആ വലിയ വീട്ടുമുറ്റം ചുറ്റോടുമായി ഒറ്റയ്ക്ക് അടിച്ചുവാരി വൃത്തിയാക്കുമായിരുന്നു താച്ചുമ്മ'!
അവിടെ ഞങ്ങൾ പേരക്കുട്ടികൾ ഉളള സമയത്ത്, താച്ചുമ്മയുടെ കൂടെ മുറ്റം വൃത്തിയാക്കാൻ ചില സമയങ്ങളിൽ ഞങ്ങളും കൂടും.പക്ഷെ അൽഭുതം എന്ന് പറയാലോ, പകുതിയാകുമ്പോൾ തന്നെ കുട്ടികളായിരുന്നിട്ടും ഞാനൊക്കെ കിതച്ചു ഒരു വകയായിട്ടുണ്ടാകും. എന്നാലും താച്ചുമ്മ നല്ല ഉഷാറിൽ തന്നെ പണി തുടരും ....
ഒറ്റയ്ക്കായിപ്പോയി എന്നും പറഞ്ഞ് താച്ചുമ്മ ഇന്നേ വരെ പരാതി പറയുന്നത് ഞാൻ കേട്ടിട്ടേയില്ല. മക്കളോടോ മരുമക്കളോടോ കൂടെ നിൽക്കണമെന്നവർ സമ്മർദ്ദം ചെലുത്തതിയതുമില്ല..... അത്രയും തന്റേടത്തോടെ ജീവിതത്തിനു മുമ്പിൽ തലയുയർത്തിപ്പിടിച്ചു നടന്ന ആളായിരുന്നു ഞങ്ങളുടെ താച്ചുമ്മ!
ഇന്ന്, താച്ചുമ്മയില്ലാത്ത ആ വീട്ടിലേക്ക് കയറി പോകുമ്പോൾ തന്നെ, കണ്ണുകൾ ആദ്യം പോകുന്നത് ആ പഴയ താച്ചുമ്മ ഇരിക്കാറുള്ളയാ ഒഴിഞ്ഞ കസേരയിലേക്കാണ് .... ശൂന്യമായത് കാണുമ്പോൾ മനസ്സിൽ ഒരു വല്ലാത്ത സങ്കടം അലയടിക്കുന്നത് അപ്പോൾ അറിയാറുണ്ട്...
........()..........()........
ഓർമ്മകൾ തുടരും ...

KAMU SEDANG MEMBACA
ഒരു ഓർമ്മ..
Nonfiksiതാച്ചുമ്മ, എന്റെ ഉമ്മാമ്മ (grandma)...., സ്ത്രീകളിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും ശക്തയായ, ധൈര്യമുളള മനസ്സിന്റെ ഉടമ... താച്ചുമ്മ, ഈ ലോകത്ത് ഇപ്പോൾ നിങ്ങൾ ഇല്ലെങ്കിലും ഞാനടക്കമുള്ള നിങ്ങളുടെ പേരക്കുട്ടികളുടെ മനസ്സിൽ നിങ്ങളെന്നും ഒരു സൂര്യന്റെ തേജസോടെ ഉണ്...