4. സൂര്യനെ പോലെ താച്ചുമ്മ...

264 32 17
                                    

തറവാട്ടിലെ സൂര്യനെയും ചന്ദ്രനെയും പോലെ ആയിരുന്നു താച്ചുമ്മയും താച്ചുപ്പയും. ഒരു പലചരക്കുകടയും flour മില്ലും സ്വന്തമായി നോക്കി നടത്തുന്ന എടയന്നൂരിലെ പ്രമുഖ വ്യാപാരിയായിരുന്നു ഞങ്ങളുടെ താച്ചുപ്പ! പണ്ടൊക്കെ താച്ചുപ്പ പണിയൊക്കെ കഴിഞ്ഞ് വരുമ്പോൾ കൈ നിറയെ ഞങ്ങൾക്കു തരാനായി മിഠായികളുമൊക്കെ ഉണ്ടാവും! അത് കണ്ടാലുടൻ ഞങ്ങൾ ചോട്ടകളൊക്കെ ഈച്ച പൊതിയുമ്പോലെ താച്ചുപ്പന്റെ ചുറ്റും കൂടും! താച്ചുപ്പ കുറേ കളിപ്പിച്ചിട്ടൊക്കെ ആയി അതൊക്കെ ഞങ്ങൾക്ക് തരും...

പക്ഷെ അത് കഴിഞ്ഞാലും ഞങ്ങൾ താച്ചുപ്പാനെ തന്നെ ചുറ്റിപറ്റി നിൽക്കും, അപ്പോൾ താച്ചുപ്പ, അടുത്തു നിൽക്കുന്ന താച്ചു മ്മാനെ നോക്കി തമാശയായി ഞങ്ങളോട് ഒരു വാചകം പറയും "ഇനി മിഠായി വാങ്ങാൻ താച്ചുപ്പാന്റെടുത്ത് പൈശയില്ല മക്കളേ, ഇങ്ങളെ താച്ചുമ്മാന്റെടുത്തു നെറച്ചും പൈശയുണ്ട്, ബേം പോയി മേടിച്ചോ..." താച്ചുപ്പ ചിരിയോടെ അങ്ങനെ പറയുമ്പോൾ താച്ചുമ്മ, ചിരി വന്നാലും അതടക്കി പിടിച്ച് കൊണ്ട് തിരിച്ചു പറയും "അതെല്ലാം താച്ചുപ്പ മേടിച്ച് കീശയിലിട്ട് മക്കളേ" എന്ന് ...

ഞങ്ങളിങ്ങനെ അവരെ രണ്ടു പേരെയും അങ്ങോട്ടുമിങ്ങോട്ടും നോക്കി നിൽക്കും. താച്ചുമ്മയും താച്ചുപ്പയുമാകട്ടെ ചിരിക്കുന്നുമുണ്ടാകും...

ഒരു ഐഡിയൽ ഉപ്പാപ്പ ആയിരുന്നു താച്ചുപ്പ ഞങ്ങൾക്ക്.താച്ചുപ്പ തമാശയക്ക് ഞങ്ങളെയിങ്ങനെ നുളളിക്കൊണ്ടും നഡ്ജ് ചെയ്തോണ്ടിരിക്കുകയുമൊക്കെ ചെയ്യും. അതിനു പകരം ഞങ്ങളും തിരികെ താച്ചുപ്പാന്റെ കുടവയറിനൊക്കെ ഇട്ടടിക്കും. ഞങ്ങളെ സംബന്ധിച്ചെടുത്തോളം താച്ചുപ്പ ,ഉപ്പാപ്പ എന്നതിലുപരി ഞങ്ങളുടെ ഇടയിലെ മറ്റൊരു കുട്ടി തന്നെ ആയിരുന്നു.

താച്ചുമ്മയുടെ മരണം കൊണ്ട്, അതിനാൽ ഞങ്ങളുടെ നഷ്ടങ്ങളുടെ പട്ടികയിൽ മറ്റൊന്ന് കൂടിയായി 'താച്ചുപ്പയുടെ ഈ കുട്ടിത്തവും ഉന്മേഷവും' ഉണ്ടായിരുന്നു.കാരണമതിന് ശേഷം താച്ചുപ്പ മറ്റൊരാളായി, അതായത് മൂഡിയായ ഒരാളായി മാറുന്നത് ഞങ്ങൾ വേദനയോടെ യാണ് നോക്കി നിന്നത്.

താച്ചുമ്മയുടെ കാര്യം പറയുകയാണെങ്കിൽ താച്ചുപ്പയെ പോലെ തൊട്ടു അടിച്ചുമൊക്കെ അവരോട് ഇടപഴകാൻ ഞങ്ങൾ കുട്ടികൾക്ക് ഒരു ബഹുമാനം കലർന്ന ഭയമായിരുന്നു. അടുത്ത് നിൽക്കുന്ന, എന്നാൽ തൊടാനാകാത്ത അകലത്തിലുളള ഒരു സ്നേഹക്കൊട്ട ആയിരുന്നു ഞങ്ങൾക്ക് താച്ചുമ്മ. ഒരു സൂര്യനെ പോലെ ....

കാരണം സൂര്യൻ അങ്ങനെ ആണല്ലോ, ദൂരെ നിന്ന് പോലും അതിനെ ഒന്നു നോക്കണമെങ്കിൽ കണ്ണുകൾക്ക് മുകളിൽ കൂടി, കൈ കൊണ്ട് മറപിടിച്ചേ തീരൂ.... അടുത്തു പോയാൽ അതിന്റെ പ്രഭ കൊണ്ട് കത്തിച്ചാമ്പലായി പോകും.. താച്ചുമ്മയും ഇങ്ങനെ ആയിരുന്നു.

അതാണ് താച്ചുപ്പ ചന്ദ്രനെ പോലെ ആണെങ്കിൽ താച്ചുമ്മ സൂര്യനെ പോലെ ആണെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞത്.ചന്ദ്രനെ കുട്ടികൾക്കാണല്ലോ ഏറെയിഷ്ടം!

പക്ഷെ സൂര്യനില്ലാതെ എന്ത് ചന്ദ്രൻ!

തറവാട്ടിലെ ആ വലിയ അടുക്കളയിൽ താച്ചുമ്മാ, നിങ്ങളില്ലാതെ ഒരിക്കലുമതിനി പൂർണ്ണമാകാൻ പോവുന്നില്ല .... വേറെ ആരൊക്കെ വന്നാലും പോയാലും ...

ഒരു ഓർമ്മ..Tempat cerita menjadi hidup. Temukan sekarang