" തിരയുവാൻ
ആളുണ്ടെങ്കിലേ
തിരികെയെത്താനും
തിടുക്കമുണ്ടാവൂ..!!"- പ്രിയങ്ക രാജ്
_________________________________
" ജവാദേ.. നീയൊന്നടങ്ങ്.. ഇനിയിപ്പോ അയാളെ കൈവിട്ടുപോയതിനെ പറ്റി പറഞ്ഞിട്ടെന്തു കാര്യാ...? "
റോബി തന്റെ അടുത്തിരുന്ന് പറയുമ്പോഴും ജവാദിന്റെ മനസ്സിലെ രോഷം അടങ്ങിയിരുന്നില്ല. കിട്ടിയെന്ന് തോന്നിയ സമയത്താണ് അയാൾ കൈയ്യിൽ നിന്ന് വഴുതിപോയത്..
" എന്തായാലും ഇനി ഇപ്പോ കൈവിട്ടു പോയീന്ന് പറഞ്ഞിട്ട് ഒരു കാര്യുല്ല്യ.. എത്രേം വേഗം അയാളെ കണ്ടുപിടിക്ക്ണതിനെ പറ്റി ചിന്തിക്കല്ലാണ്ട്.."
മഹിയും റോബിയെ ശരിവെച്ചു. ഹാഫിയും കാർത്തിയും അടുത്തുള്ള കട്ടിലിൽ അവരുടെ സംസാരം കേട്ടിരിക്കുകയാണ്. റോബിയെ വിളിച്ച ഉടനെ തന്നെ റോയിയുൾപ്പെടെ അഞ്ചുപേരും കൂടെ സണ്ണി ഡോക്ടറുടെ ഓഫീസിലേക്ക് ഓടിവന്നതാണ്. പുറത്ത് ബോധമറ്റുകിടക്കുന്ന ഡോക്ടറെയും കാലിൽ കൈവെച്ച് ചുമരും ചാരിയിരിക്കുന്ന ജവാദിനേയും കണ്ടതും അവർക്ക് എന്തോ കാര്യമായി നടന്നിട്ടുണ്ടെന്ന് മനസ്സിലായി. അപ്പോൾ തന്നെ ഒട്ടും സമയം കളയാതെ അവരെ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുവന്നു.
" എന്നാലും അയാൾ.. എന്റെ കൈയ്യീന്നാ.."
വാക്കുകൾ പൂർത്തിയാക്കാതെ അവൻ ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു.
" ദേ.. പിന്നേം.. നിന്നോടല്ലേ പറഞ്ഞത് അത് പിന്നേം പിന്നേം പറഞ്ഞിട്ട് ഒരു കാര്യവുമില്ലാന്ന്..."
ഹാഫി ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റിട്ട് അവനോട് ഒച്ചയിട്ടു. അവനോട് ഒരു മറുപടി പറയാൻ വേണ്ടി ജവാദ് വാതുറന്നതും അകത്തേക്ക് കയറിവരുന്ന ഐശുവിൽ അവന്റെ കണ്ണുകളുടക്കി. ഹാഫിയെ ഒന്ന് ഇടംകണ്ണിട്ട് രൂക്ഷമായി നോക്കിയിട്ട് അവൻ വായടച്ചു.
" ഹാ.. ഐശൂ.."
അവളെ കണ്ട റോബി പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റു. റോബിയെ നോക്കി പുഞ്ചിരിച്ചെങ്കിലും അവളുടെ കണ്ണുകൾ വീണ്ടും ജവാദിന്റെ മുഖത്തേക്ക് തന്നെ തിരിഞ്ഞു. അവളുടെ സംശയത്തോടെയുള്ള നോട്ടത്തെ നേരിടാനാവാതെ അവൻ ഫോണെടുത്ത് സമീറിന്റെ നമ്പർ ഡയൽ ചെയ്ത് കോൾ ബട്ടൺ അമർത്തി. റിങ്ങ് ചെയ്യുന്ന ഫോൺ ചെവിയോട് ചേർത്ത് വെക്കുമ്പോൾ റോബിയും മഹിയും അവൾക്ക് കാര്യങ്ങളെല്ലാം വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഇടയ്ക്കൊന്ന് ഇടംകണ്ണിട്ട് നോക്കിയപ്പോൾ അവളുടെ നോട്ടം തന്റെ കാലിലേക്കാണെന്ന് ജവാദ് കണ്ടു. ആ കണ്ണുകളിൽ കണ്ടത് വേദനയാണോ.. അതോ തനിക്ക് വെറുതേ തോന്നുന്നതോ..!!
YOU ARE READING
കനൽപഥം
Mystery / Thrillerശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കു...