part 1

684 15 0
                                    

ചെറിയൊരു മഴ കഴിഞ്ഞേയുള്ളു. പതിവിലും മുന്നേ സന്ധ്യ ചേക്കേറിയപോലെ തോന്നി.. തൊടിയിലൊക്കെ ഇരുട്ടു മുത്തമിട്ടുതുടങ്ങി. പതിവില്ലാത്തൊരു തണുപ്പും കൂട്ടിനുണ്ട്. ചിന്തകളൊക്കെ വഴി മുട്ടി നിക്കുകയാണ്. ഓർത്തെടുക്കാനും ഒന്നുമില്ലാത്തപോലെ. എവിടെയോ തലയടിച്ചു വീണതാണോ..?? പെയ്തുതോർന്ന മഴയല്ലാതെ ഒന്നും ഓർമയിലില്ല. !!
ത്രിസന്ധ്യ കഴിഞ്ഞ സമയതിങ്ങനെ വീടിനു മണ്ടേ കേറിയിരുന്നാ കിട്ടും.. അറിയാം.. എന്നാലും ആരോ വിളിച്ചിട്ടെന്നപോലെ, ആരോടും പറയാതെ ഓടിക്കേറി ഇങ്ങു പോന്നതെന്തിനാണ്.. അറിയില്ല.
കൈകൾ കൂട്ടിത്തിരുമ്മി കവിളിൽ വച്ചു. ചെറിയ ഒരു ചൂട്.. അറിയാതൊന്നു ചിരിച്ചു. അരമതിലിൽ കയറി താഴേക്ക് നോക്കി. പെട്ടന്നൊരു സംശയം.. ഇവിടെന്ന് വീണാ മരിക്കുവോ.? ഏയ്‌. ഇല്ലാരിക്കും. വെറുതെ കൈയും കാലും ഒടിഞ്ഞു കിടന്നാ പണിയാകും.. പതിയെ അവിടെ നിന്നിറങ്ങി, നിലത്തിരുന്നു. താഴെ ആരുമെന്തേ തന്നെ അന്വേഷിക്കുന്നില്ല..?? അൽപനേരം ചെവിയോർത്തു. അകത്തളത്തിൽ മുത്തശ്ശിയുടെ നാമജപം ഒഴിച്ചാൽ ഒരു ശബ്ദവും താഴെ നിന്ന് കേൾക്കാൻ ഇല്ല.
"അമ്മൂ... "
ദേ... വിചാരിച്ചതൊന്നും തെറ്റി ഇല്ല.. വിളി വന്നു.
"ന്തേ...?? "
"നീയിതെവിടാ.. ഈ ഇരുട്ടത്തു പോയിരിക്കണ സ്ഥലം നോക്ക്യേ.. ഇറങ്ങി വന്നേടി... "
ഹഹ.. ഇനി ചെന്നില്ലേൽ ചെലപ്പോ അമ്മ ഇങ്ങു കേറി വരും. അപ്പൊ പിന്നെ വഴക്കിനു കനം കൂടും..
പതിയെ കിളിവാതിൽ ചാരി, തട്ടുമ്പുറത്തുന്ന് താഴേക്കുള്ള ഗോവണി ഇറങ്ങുമ്പോൾ മറ്റൊരു വിളി കൂടി കേട്ടു. അത് പക്ഷേ അമ്മയായിരുന്നില്ല. അടച്ച കിളിവാതിലിനു പിന്നിൽ നിന്നും, മധുരമായൊരു വിളി.. ആരോ വീണ്ടും വീണ്ടും വിളിക്കുന്നുണ്ട്.. മേലേക്ക് കയറണോ അതോ അമ്മക്കരുകിലേക്ക് പോകണോ എന്ന് ഞാൻ സംശയിച്ചു.. ! ഇറങ്ങിയതിനെക്കാൾ വേഗത്തിൽ പടികൾ കയറുമ്പോൾ അമ്മ വീണ്ടും വിളിച്ചു. പിന്നെ ഒന്നും നോക്കിയില്ല.. ആരെങ്കിലും ആവട്ടെ. തന്റെ പതിവ് വട്ടുകൾ പോലെ, ആ വിളിയുമൊരു തോന്നലാണെങ്കിലോ .. വെറുതെ അമ്മയുടെ വഴക്ക് കേക്കാൻ നിക്കണ്ട. ഞാൻ വേഗം അമ്മക്കരികിലേക്ക് ചെന്നു.
നാമം ജപിക്കാത്തതിന് മുത്തശ്ശി വക വഴക്ക് കിട്ടി. ഓടിച്ചെന്നു മുത്തശ്ശിക്കരുകിൽ ഇരുന്നു. രണ്ടു ശിവസ്തുതിയും ഹരേ രാമയും ചൊല്ലി ഞാനെന്റെ വഴിപാട് നടത്തി മുറിയിലേക്കോടി. നിറഞ്ഞ സന്ധ്യക്ക്‌ കാട്ടിലേക്കെറിയാ അമ്മയുടെ വക വഴക്ക് വേറെ കിട്ടും. എന്നാലും സാരല്ല. ഓടിച്ചെന്നു കട്ടിലിലേക്ക് കിടന്നു. എന്നാലും ആരായിരുന്നു കിളിവാതിലിനു പിന്നിൽ.. തെല്ലും പരിചയമില്ലെങ്കിലും ആ ശബ്ദം തന്നെ വല്ലാതെ കീഴടക്കികഴിഞ്ഞു. എത്ര മധുരമാണാ വിളി. ഇത്ര ഭംഗിയായി ഇന്നോളം ആരും തന്റെ പെരുവിളിച്ചിട്ടില്ലെന്നവളോർത്തു. ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു.
അത്താഴം കഴിക്കാൻ അമ്മ വന്നു വിളിക്കുമ്പോഴാണ് താൻ ചെറുതായൊന്നുറങ്ങി എന്ന് അവളറിയുന്നത്.
"നിറഞ്ഞ സന്ധ്യക്ക്‌ കേറിക്കിടന്നുറങ്ങരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ പെണ്ണെ.? " അമ്മ തിരക്കി.
മിഴിച്ചു നോക്കിയിരുന്നതല്ലാതെ അവൾ മറുപടി പറഞ്ഞില്ല.
"വാ.. വന്നു ചോറുണ്ടിട്ട് ഉറങ്ങ്. "
"എനിക്ക് വേണ്ടമ്മേ.. വിശപ്പില്ല.. "
"അതെന്നാ.. വന്നു കഴിച്ചോ മര്യാദക്ക്.. ഇതിപ്പോ ശീലാക്കിട്ട് ഉണ്ടല്ലോ. "
"ഇല്ലമ്മേ... വേണ്ടാഞ്ഞിട്ടാ.. "
അമ്മ പിന്നെ നിർബന്ധം പിടിച്ചില്ല. പിടിച്ചാലും താൻ ഭക്ഷണം കഴിക്കാൻ ചെല്ലില്ലെന്നമ്മക്കറിയാം.
പിന്നെയും കട്ടിലിലേക്ക് കയറുമ്പോൾ ചിന്തകൾ കാട് കയറിപ്പോയിരുന്നു. വൈകിട്ട് കേട്ട ശബ്ദത്തേക്കാൾ, ആ ശബ്ദം എന്നിലുണ്ടാക്കിയ ആഴം ഞാൻ തിരഞ്ഞു. പോകെ പോകെ ആ സ്വരം പരിചയമുള്ള ആരുടേതോ പോലെ തോന്നി തുടങ്ങി. ഇതേ ശബ്ദം മുന്നേ ഞാൻ കേട്ടിട്ടുണ്ട്.. !!

ഭദ്ര Where stories live. Discover now