എല്ലാം ശാന്തമായിരിക്കുന്നു.. ! കണ്ണ് തുറന്നപ്പോൾ ഹരിക്കത്ഭുതം തോന്നി. കഴിഞ്ഞത് സ്വപ്നമോ.?? അല്ല.. ദേഹത്തെല്ലാം മണ്ണും ചെളിയും പുരണ്ടിട്ടുണ്ട്. നെറ്റി വല്ലാണ്ട് വേദനിക്കുന്നു. ഉവ്വ്.. നെറ്റിയും മുറിഞ്ഞിരിക്കുന്നു. അപ്പോൾ അമ്മു...?? അമ്മുവിനൊപ്പം കണ്ട ആൾ... ആരായിരുന്നു അത്.. മുഖം പോലും ഓർക്കുന്നില്ല.
ചിന്തകൾ ഇങ്ങനെ കുമിഞ്ഞു കൂടുമ്പോഴും ഹരി അമ്മുവിനെ തിരഞ്ഞു. അവളെവിടെ.??
എങ്ങനെയോ എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. നല്ല ക്ഷീണം തോന്നുന്നു. എവിടേലും ഒന്നു കിടക്കണം. പക്ഷേ അതിന് മുൻപ് അമ്മുവിനെ കാണണം. !
ഹരി നേരെ അമ്മുവിന്റെ കിടപ്പറയിലേക്ക് നടന്നു.
അവൻ വാതിലിൽ മുട്ടി.
"ഇതെന്ത് പറ്റി ഹരിയേട്ടാ..?? " വാതിലുതുറന്നപ്പോൾ ഹരിയുടെ കോലം കണ്ടവൾ ഞെട്ടി.
"ഇതെന്താ മേലാകെ അഴുക്കും ചെളിയും. ദേ... നെറ്റീലു ചോര. " അവൾ കൈ അവന്റെ നെറ്റിയിൽ തൊട്ടു. ഹരിയാ കൈ തട്ടി മാറ്റി.
"നിനക്കറിയില്ലേ അമ്മൂ..?? "
അവന്റെ തുറിച്ച നോട്ടത്തിലും ചോദ്യത്തിനർത്ഥം മനസിലാവാതെ അവൾ നിന്നു.
"ന്ത് ചോദ്യാ ഹരിയേട്ടാ.. ന്താ പറ്റ്യേന്ന് പറയ്.. നെറ്റി നല്ലോണം മുറിഞ്ഞിട്ടുണ്ടല്ലൊ.? "
"നീയെന്താ പൊട്ടിയാവാൻ നോക്കണോ അതോ എന്നെ പൊട്ടൻ കളിപ്പിക്കയാണോ അമ്മൂ.. നിന്റൊപ്പം തന്നെയല്ലേ ഞാൻ കാവിലേക്ക് വന്നത്.. നിനക്കറിയില്ലേ എനിക്ക് ന്താ സംഭവിച്ചതെന്ന്..?? "
അമ്മുവിന്റെ മിഴികൾ അത്ഭുതത്താൽ വിടർന്നു.
"ഞാൻ ഹരിയേട്ടനൊപ്പം കാവിലേക്ക് വന്നെന്നോ.. ഞാനിന്ന് കാവിലേക്ക് പോയിട്ടൂടെ ഇല്ല. ഇന്ന് ഹരിയേട്ടന്റെ അമ്മ തന്ന്യാ കാവിൽ വിളക്ക് വച്ചതും. "
അമ്മുവിന്റെ മറുപടി ഹരിയെ പിടിച്ചു നിർത്തി.
"ന്താ പറഞ്ഞേ.. കള്ളം പറഞ്ഞു നീ ആരെ പട്ടിക്കാനാണമ്മൂ.. "
"സത്യാണ്.. ഞാൻ കാവിലേക്ക് പോയിട്ടില്ല.. ഹരിയേട്ടനെ ഞാനിന്ന് ബലി കഴിഞ്ഞ് കണ്ടിട്ടും ഇല്ല.. " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
അമ്മു പാരായണതത്രയും വെള്ളം തൊടാതെ വിഴുങ്ങാൻ ഹരി തയ്യാറായിരുന്നില്ല. പക്ഷേ അമ്മുവിന്റെ കണ്ണുകൾ .. അതിൽ കള്ളമില്ലായിരുന്നു.. അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
"ഹരിയേട്ടാ... " നേർത്തലിഞ്ഞ അവളുടെ വിളി അവൻ കേട്ടില്ലെന്നു നടിച്ചു.
"അമ്മു കള്ളം പറഞ്ഞതാവുമോ.? "
"കുഞ്ഞുന്നാളിൽ മുതൽ അവൾ നെഞ്ചിനുള്ളിൽ നിറഞ്ഞുണ്ട്. ഇന്നോളം പക്ഷേ തനിക്കനുകൂലമായി അവളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടുണ്ടായിരുന്നില്ല. പിന്നെ ന്തിനാണ് തന്നോടവൾ അടുത്തിടപഴകിയതും സംസാരിക്കാനായി കാവിലേക്ക് വിളിച്ചുകൊണ്ട് പോയതും.. ന്നിട്ട് അത്രയും നടന്നിട്ടും... ഒന്നുമറിയാത്തവളെ പോലെ നിന്നു കരഞ്ഞതെന്ത്... അമ്മുവിന്റെ ഭാവമാറ്റം ഓർക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഒരുപക്ഷെ താൻ ജീവനോടെ തിരിച്ചു വന്നില്ലായിരുന്നെങ്കിലോ..??
ഇനി അവൾക്കിഷ്ടമില്ലാഞ്ഞിട്ടവൾ മനഃപൂർവം ചെയ്തതാവുമോ...?? "
ഹരിയുടെ ചിന്തകൾ കാടുകയറി.
"ഇതെന്തു പറ്റി ഹരിക്കുട്ടാ.. " മകന്റെ കോലം കണ്ട് രാധിക ഓടി വന്നു. "അയ്യോ.. നെറ്റി മുറിഞ്ഞിട്ടുണ്ടല്ലോ..? "
" അമ്മ കരയാതെ.. ഞാൻ മഴ വന്നപ്പോൾ ഓടിക്കെറിതാ, കാലു തെറ്റി വീണു. കുഴപ്പോന്നുല്ലാ.. " അവൻ അമ്മയെ ആശ്വസിപ്പിച്ചു. അത്യാവശ്യം നല്ല മുറിവുണ്ടായിരുന്നു ഹരിയുടെ നെറ്റിയിൽ. അവനു നന്നായി വേദനിച്ചു. അതിലും അവനെ തളർത്തിയത് ഉള്ളിലെ ചോദ്യങ്ങളോട് തർക്കിച്ചും ഉത്തരം കിട്ടാതെ അലഞ്ഞും മടുത്ത അവന്റെ തന്നെ ചിന്തകളായിരുന്നു. !
YOU ARE READING
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...