ഇല്ല... പ്രതീക്ഷകളെല്ലാം കാറ്റിൽ പറന്നു കഴിഞ്ഞു.. !
ഊറ്റത്തോടെ കാറിനരികിലേക്കു പാഞ്ഞുചെന്ന കരിനാഗങ്ങൾ പിൻവലിയുന്നതു കണ്ട് ഭദ്ര സംശയിച്ചു.
"ന്തേ..?? " അവൾ ഉറക്കെ ചോദിച്ചു. ദയനീയമായി തന്നെ നോക്കുന്ന നാഗത്താന്മാരെയവൾക്കു കണ്ടില്ലെന്നു നടിക്കാൻ ആവുമായിരുന്നില്ല.
എങ്കിലും അവൾ ആജ്ഞാപിച്ചു.
"ഒന്നിനെയും വെറുതെ വിടരുത്.. ചെല്ല്.. "
പക്ഷേ കാറിൽ തല്ലിയലച്ചു വീഴുന്ന കരിനാഗങ്ങളെക്കണ്ടവളുടെ നെഞ്ചു തകർന്നു.
രാമഭദ്രൻ ഉറക്കെ ചിരിച്ചു.
"നിനക്കിനി ഒന്നും ചെയ്യാനാവില്ലടി.. കൊന്നു കുളത്തിൽ താത്തിയിട്ടും അഹന്തമ്മദി കാണിക്കാൻ അവൾ വന്നിരിക്കുന്നു. "
മരണം തന്റെ പക്കലില്ല എന്നുറപ്പു വന്നപ്പോൾ രാമഭദ്രൻ തന്റെ തനി നിറം കാണിച്ചു തുടങ്ങി. ഭദ്രയുടെ കോപത്താൽ തുടുത്ത മുഖത്തേക്കവൻ ആഞ്ഞു തുപ്പി.
"നീ എത്ര ശ്രമിച്ചാലും തറവാട്ടിലൊരാളെയും തൊടാൻ നിനക്കാവില്ല. "
അവളുടെ മുഖം വലിഞ്ഞു മുറുകി. വീശുന്ന കാറ്റിൽ കാറു മറിഞ്ഞേക്കുമോയെന്നു പോലും അനന്തൻ ഭയന്നു.
"വേഗം വണ്ടിയെടുക്ക് രാമാ.. വൈകിപ്പിക്കണ്ടാ.. "
അനന്തന്റെ വാക്കുകൾ ശരിവച്ചു രാമഭദ്രൻ കാറെടുത്തു. ഒരു ദയയുമില്ലാതെ കരിനാഗങ്ങളെ ചതച്ചരച്ചുകൊണ്ട് രാമഭദ്രന്റെ കാർ ഭദ്രയെ കടന്നു പോയി.
അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു.
"പിഴച്ചതെവിടെയാണ്.. !!?"
അവൾ ആലോചിച്ചു നിന്നു. ഭദ്രയെ മറികടന്നു പോന്നപ്പോൾ രാമഭദ്രനിൽ വീണ്ടും അഹങ്കാരം നിറഞ്ഞു.
"ഒരു പീക്കിരി പെണ്ണ് വന്നിരിക്കുന്നു.. നമ്മളെ മര്യാദ പഠിപ്പിക്കാൻ... !"
അയാൾ അമ്മാവന് നേരെ നോക്കി പുച്ഛിച്ചു ചിരിച്ചു.
.***** **** ***
ഇതേ സമയം പോയവരെ തിരിച്ചു കാണാതെ വേവലാതിപെട്ടിരിക്കുകയാണ് തറവാട്ടിലെല്ലാവരും.
കാവിൽ വിളക്ക് വയ്ക്കാൻ ഇറങ്ങിയതാണ് ജയലക്ഷ്മി. കൂടെ സുമിത്രകുട്ടിയും ഉണ്ട്.
"മോളിവിടെ നിന്നാൽ മതിട്ടോ.. ഞാൻ വിളക്ക് വച്ച് വേഗം വരാം. " ജയലക്ഷ്മി സുമിത്രയുടെ നേരെ നോക്കി. അവൾ തലകുലുക്കി.
കാവിൽ കയറിയപ്പോൾ പതിവില്ലാത്തൊരു ഗന്ധം തനിക്കു ചുറ്റും വ്യാപിക്കുന്നത് ജയലക്ഷ്മി അറിഞ്ഞു. അവൾ തിരിഞ്ഞു നോക്കി. നിറയെ പൂവിട്ട ചെമ്പകം നിപ്പുണ്ട് അവിടെ. പക്ഷേ പൂക്കൾക്കൊക്കെയും വാട്ടം. ഇലയെല്ലാം കത്തിക്കരിഞ്ഞതുപോലെ. തണ്ടുകൾക്കൊക്കെയും കരിനാഗത്തിന്റെ നിറം. പൂവിന്റെയും നിറം വെളുപ്പിൽ നിന്നും നീലയിലേക്ക് മാറുന്നതവൾ കണ്ടു.
വിഷം... !
ജയലക്ഷ്മി ഞെട്ടി.
ചെമ്പകം മുഴുവൻ വിഷം നിറഞ്ഞിരുന്നു. അവൾ പിന്നോട്ട് മാറി. തണ്ടുകളിൽ നിന്നും വിഷം ചീറ്റികൊണ്ട് കരിനാഗങ്ങൾ തനിക്കു നേരെ വരുന്നതവൾ അറിഞ്ഞു. കൈയിലെ വിലക്കവൾ താഴെയിട്ടു. തിരിഞ്ഞോടാൻ ശ്രെമിക്കുമ്പോൾ കാൽ വഴിക്കിയവൾ നാഗത്തറയിലേക്കു മുഖമടിച്ചു വീണു. തലയുയർത്തി നോക്കുമ്പോൾ മുന്നിൽ വലിയ പാദസരം ഇട്ട ഒരുകാൽ, നീണ്ട വിരലുകൾ, ചന്ദനനിറമുള്ള കണങ്കാൽ.. ജയലക്ഷ്മി മുഖമുയർത്തി നോക്കി.
"ഭദ്ര.. "
അവളുടെ ഞെട്ടൽ പൂർണമായി.
"ഹഹ.. " ഭദ്ര പൊട്ടിച്ചിരിച്ചു.
"ഓർമയുണ്ടല്ലോ...? " അവളുടെ ശബ്ദം പാതി പുച്ഛവും പാതി സങ്കടത്തിലുമായി പുറത്ത് വന്നു.
"മോളെ... !" ജയലക്ഷ്മിയുടെ ശബ്ദം പതറി.
"വിളിക്കരുതെന്നെ നിങ്ങളെങ്ങനെ. കാലുപിടിച്ചു കരഞ്ഞുകൊണ്ട് ഓരോരുത്തരുടേയും അരുകിൽ ഞാൻ വന്നതല്ലേ.. നിങ്ങളുടെയെല്ലാം കണ്മുന്നിൽ നിന്നെന്നെ വലിച്ചിഴച്ചോണ്ടു പോയത് മരണമുഖത്തേക്കാണെന്ന് അറിയാമായിരുന്നല്ലോ. ആരെങ്കിലു എതിർത്തോ.. അന്നൊന്നും ഈ സ്നേഹം കണ്ടില്ലലോ.? " ഭദ്ര ചോദിച്ചു.
അവളുടെ ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിൽക്കാനേ ജയലക്ഷ്മിക്കായുള്ളു. അന്നൊരുപക്ഷേ തനിക്കെങ്കിലും പറയാമായിരുന്നു. ഭദ്രയെ രക്ഷിക്കാമായിരുന്നു.. ! അവൾ കുറ്റബോധത്താൽ നീറി.. ! കണ്ണുകളിൽ തീ പടരുന്ന ഭദ്രയുടെ മുഖം അവൾ കണ്ടു.
കാലിൽ കൂടെ ഇഴഞ്ഞു കയറുന്നത് കരിനാഗങ്ങളാണെന്നവൾ തിരിച്ചറിഞ്ഞു. എങ്ങനെയോ എഴുന്നേറ്റ് ഓടി, കാവിനു വാതിൽക്കൽ എത്തി ജയലക്ഷ്മി.
"വല്യമ്മായി.. !" സുമിത്രയുടെ ഉറക്കെയുള്ള വിളി കേൾക്കാം.. ജയലക്ഷ്മി അവളോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
ദേഹത്ത് ചുറ്റിവരിഞ്ഞ കരിനാഗങ്ങളുമായി തനിക്കരികിലേക്കെത്തുന്ന ജയലക്ഷ്മിയെ സുമിത്ര ഭയപ്പാടോടെ നോക്കി.
"പറയുന്നത് കേൾക്കു മോളെ... വേഗം പോകു നീ.. "
ജയലക്ഷ്മി കരഞ്ഞു പറഞ്ഞു. അവളുടെ ശരീരം നീലിച്ചു തുടങ്ങിയിരുന്നു. നാവു കുഴയുന്നതും തലച്ചോറിൽ നീലനിറം പടരുന്നതും അവളറിഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു. ദേഹം തളരുന്നു... ചൂടിനാൽ വെന്തു നേരുന്നു.. ഒരല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ അവൾ ആഗ്രഹിച്ചു.. !!
ഭദ്ര ചിരിച്ചു.. ദിഗന്തം പൊട്ടിപ്പിളരുന്ന അവളുടെ ചിരിക്കൊപ്പം മഴ പെയ്തു. ഭദ്രയുടെ ദേഹത്ത് തട്ടിയെത്തിയ ഓരോ തുള്ളിയും ജയലക്ഷ്മി ആർത്തിയോടെ കുടിച്ചു.
ചെറു നിറഞ്ഞ മണ്ണിലേക്ക് തളർന്നു വീഴുമ്പോൾ ഭദ്രയോടവൾക്ക് ആരാധനയും നന്ദിയും തോന്നി.
ജയലക്ഷ്മി വീഴുന്നത് കണ്ട് കരഞ്ഞു വിളിക്കുന്നുണ്ട് സുമിത്രക്കുട്ടി. ഭദ്രയുടെ കണ്ണ് അവളിലേക്ക് നീണ്ടു. സുമിത്ര ഓടി തറവാട്ടിലെ പടിപ്പുരയ്ക്കൽ എത്തി. ഭദ്രയുടെ ഒപ്പമുണ്ടായിരുന്ന കരിനാഗങ്ങൾ തന്നെ ലക്ഷ്യമിട്ടുകഴിഞ്ഞുവെന്നവൾക്കു ബോധ്യമായി. സുമിത്രയുടെ നിലവിളി അവളെ ഹരം കൊള്ളിച്ചു.
"ഇതിലും ഉച്ചത്തിൽ കരയൂ.. ആരെങ്കിലും നിന്നെ രക്ഷിക്കാൻ വരുമോ എന്നു നോക്കട്ടെ. ഇതിലും പതിന്മടങ്ങുച്ചതിൽ ഞാനന്ന് നിലവിളിച്ചതാണ്... ആരുമുണ്ടായില്ല.. അതേ ആൾക്കാർ തന്നെയല്ലേ ചുറ്റും. നോക്കട്ടെ ഞാൻ.. " ഭദ്ര ഭ്രാന്ത് മൂത്തത് പോലെ അലറി.
പക്ഷേ ഭദ്രയുടെ കണക്കുകൂട്ടലുകൾ പിഴച്ചു. സുമിത്രകുട്ടിക്കു ചുറ്റും വല്ലാത്തൊരു പ്രഭയോടെ സുരക്ഷാവലയം. അവൾ തിരിഞ്ഞു നോക്കി.
സൂര്യപ്രഭയോടെ ഒരു ചെറുപ്പക്കാരൻ. ഒറ്റമുണ്ടും തോളിൽ കസവു വേഷ്ടിയും, കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷ മാല, സൂര്യനെ കൊത്തിയെടുത്ത സ്വർണ ലോക്കറ്റ്. ഒത്തശരീരവും ആറടിപ്പൊക്കവുമുള്ള അവനിൽ പാണ്ടിത്യത്തിന്റെ ചൈതന്യം തെളിഞ്ഞു നിന്നിരുന്നു.
തന്നെ തുറിച്ചു നോക്കുന്ന ഭദ്രയെ നോക്കിയവൻ ചിരിച്ചു. ശാന്തമായ ആ മുഖത്തു വിടർന്ന പുഞ്ചിരിയിൽ പക്ഷേ അവൾ അപകടം മണത്തു.
"ഭദ്രാക്കെന്നെ ഓർമയുണ്ടാവില്ല. പക്ഷേ... ഭദ്രയെ ഞാൻ അറിയും. ഒരുപക്ഷെ മുത്തശ്ശനെ പരിചയമുണ്ടാവും. " അവൻ പറഞ്ഞു.
ഭദ്ര സംശയത്തോടെ നോക്കി. വന്നത് മിത്രമല്ലന്നുറപ്പാണ്. പിന്നെന്തിനു വെറുതെ സംസാരിച്ചു സമയം കളയണം. അവൾ സുമിത്രക്ക് നേരെ തിരിഞ്ഞു.
"ഭദ്രേ... കദളിക്കാട്ടെ നാരായണ വർമയുടെ ചെറുമകൻ വിഷ്ണുദത്തൻ ആണു ഞാൻ.. മുത്തശ്ശന്റെ ബന്ധനത്തിൽ നിന്നും നീ പുറത്തു വന്നതിന്റെ കരണമൊക്കെ എനിക്കറിയാം. പക്ഷേ, ഇനിയും നിന്റെ ഉപദ്രവം ഇവിടെയാർക്കും ഉണ്ടാവാൻ പാടില്ല. "
വിഷ്ണുവിന്റെ നേരേയവൾ പുച്ഛിച്ചു ചിരിച്ചു. നിനക്കു തെറ്റി വിഷ്ണു. മുത്തശ്ശനോളം പൊന്നിട്ടില്ല നീ.. അന്നെന്നെ തളച്ച നിന്റെ മുത്തശ്ശന് കിട്ടിയ ശിക്ഷ അറിയാമല്ലോ. പ്രിയപത്നിയും മകനും ഭാര്യയും ഒന്നിച്ചങ്ങു പോയി. എല്ലാം യാദൃച്ഛികം എന്നു നിനക്കു തോന്നിയെങ്കിൽ തെറ്റി. " ഭദ്ര അലറി.
"തെറ്റിയില്ല ഭദ്രാ... അറിയാം.. നിന്റെ ആത്മാവിനെ തടുക്കാൻ ആർക്കും അവകാശമില്ല. ന്യായം അന്നു നിന്റെ ഭാഗത്തായിരുന്നു. പക്ഷേ മുത്തശ്ശൻ ചെയ്തത് ശരിയാണ്. ഭൂമിയിൽ നിന്റെ ജീവിതം തീർന്നതാണ്. സങ്കടകാരമായിരുന്നു നിന്റെ കഥ. അവസാനവും അതുപോലെ.. നിന്നോടെനിക്ക് സഹതാപമുണ്ട്.. "
"അതിനാർക്കു വേണം നിന്റെ സഹതാപം. ന്റെ ജീവിതം തകർത്ത ഒന്നിനെയും ഞാനിനി വെറുതെ വിടില്ല. വിഷ്ണു ന്റെ വഴിയിൽ ഒരു തടസമാവരുത്. വിഷ്ണുവിനെ ഉപദ്രവിക്കാൻ എനിക്കു തെല്ലും മനസില്ലാ. " അവൾ അവന് നേരെ ദയയോടെ നോക്കി.
വിഷ്ണു ആലോചനയിലാണ്ടു. ഭദ്രയുടെ ആവശ്യങ്ങൾ ന്യായമാണ്. ന്തിന്റെ പേരിലായാലും ഇല്ലാതായത് ഒരു ജീവനാണ്, കുഴിച്ചു മൂടപ്പെട്ടത് സ്വപ്നങ്ങളാണ്. പക്ഷേ ഭദ്രേ... നീയുമത് ആവർത്തിച്ചു കൂടാ. നീയും ഇവരെപ്പോലെ ആയിക്കൂടാ..
വിഷ്ണു മന്ത്രങ്ങൾ ഉരുവിട്ട് ഭദ്രക്കു നേരെ നടന്നു.
"വിഷ്ണു... " ഭദ്ര അലറി.
അവൾ മുന്നിൽ നിന്നും അപ്രത്യക്ഷമായി. പൊടുന്നനെ വിഷ്ണുവിനു പുറകിൽ വലിയൊരു ശബ്ദത്തോടെ രാമഭദ്രന്റെ കാർ വന്നു നിന്നു..
"അച്ഛാ... " കാറിൽ നിന്നിറങ്ങിയ രാമഭദ്രനെ സുമിത്രക്കുട്ടി കെട്ടിപ്പിടിച്ച് കരഞ്ഞു.
വിഷ്ണുവിനെ മുന്നിൽ കണ്ട് അനന്തനും രാമഭദ്രനും ഒരുപോലെ ഞെട്ടി.
ഇത്രടം വരേണ്ടുന്ന ആവശ്യമുണ്ടായി. " വിഷ്ണു അവരെ നോക്കി ചിരിച്ചു. എല്ലാവരെയും കൂട്ടി തറവാട്ടിലെ അകത്തളത്തിലേക്ക് കടക്കുമ്പോൾ അനന്തൻ പണ്ടാരോ പറഞ്ഞതോർത്തു.
നാരായണ വർമ നിമിഷങ്ങൾക്കകം ഇരുന്നോടത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമത്രേ. കൊച്ചുമോനും മോശമല്ല എന്നുറപ്പായി. പോരാത്തേന് ടെലിപ്പതിയും റെലെപോർട്ടഷനും പോലുള്ള ആധുനിക മനഃശാസ്ത്രത്തിന്റെ വശങ്ങൾ ഒക്കെയും കൈവശത്താക്കിയിരിക്കുന്നുമുണ്ട്. അനന്തന് വിഷ്ണുവിൽ മതിപ്പു തോന്നി.
ഇതേസമയം നാഗത്തറയിലെ കരിനാഗങ്ങൾക്കൊപ്പം ഇരിക്കുകയായിരുന്നു ഭദ്ര. വിഷ്ണു തനിക്കു ദോഷം ചെയ്യുമെന്നവൾക്ക് ഉറപ്പായി. ലക്ഷ്യം നടപ്പാക്കാതെ തിരിച്ചു പോകാൻ അവൾക്കു മനസു വന്നില്ല.
അവൾ ഉറക്കെ കരഞ്ഞു..
പലമരത്തിലെ പൂക്കാത്ത ചില്ലകളിലേക്ക് നോക്കിയവൾ ഉറക്കെ ചോദിച്ചു.
"ഉണ്ണ്യേട്ടാ... ഭദ്ര തോറ്റു പോകുന്നു.. പിന്നെയും ഭദ്ര തോൽവിയിലേക്ക് പോകുന്നു.. ഇന്നോളം കാത്തതെല്ലാം വെറുതെയായിരിക്കുന്നു. അവൾ കരഞ്ഞു.. കവിനുള്ളിൽ ചുഴലിക്കാറ്റ് രൂപം കൊണ്ടു. കാവിളക്കി മറിച്ചുകൊണ്ട് മഴ പെയ്തു. തന്റെ ശക്തി ക്ഷയിക്കുന്നതവൾ അറിഞ്ഞു. ആരോ തന്നെ ശക്തമായി വിളിക്കുന്നു.. ആരോ തന്നെ വലിച്ചിഴക്കുന്നു... !!
.
YOU ARE READING
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...