ഓർമ്മകൾ തിരതല്ലി അലച്ചു വരുമ്പോഴും അമ്മുവിന്റെ മുഖത്ത് പതിവില്ലാത്ത ഭാവഭേദങ്ങൾ മുത്തശ്ശി ശ്രെദ്ദിക്കുണ്ടായിരുന്നു. മകൻ വിനയചന്ദ്രന് വിവാഹശേഷം ഏറെ കാത്തിരുന്നാണ് അമ്മു ജനിച്ചത്. അവളുടെ നക്ഷത്രം കാർത്തിക ആയത് കൊണ്ട് മാത്രം, ഭദ്രയുടെ ഓർമ്മകൾ അമ്മുവിന്റെ മുഖം കാണുമ്പോഴെല്ലാം മുത്തശ്ശിയിൽ ഉണർന്നിരുന്നു. അന്നത്തെ സംഭവങ്ങൾ കഴിഞ്ഞിട്ടിപ്പോ 60 വർഷങ്ങൾ കഴിഞ്ഞു. പതിനാറാം വയസിൽ താൻ ബന്ധനത്തിൽ നിന്നും മോചിതയാക്കിയ അതേ ഭദ്രതന്നെയാണ് മുന്നിലെന്ന കാര്യം മുത്.തശ്ശിയെ ഭയപ്പെടുത്തി. പക്ഷേ അവൾ അമ്മുവിന്റെ ദേഹത്തെങ്ങനെ കടന്നുകൂടി.. !!?
ഭദ്രയുടെ ലക്ഷ്യം തറവാടിന്റെ സർവ്വനാശമാണ്. വിഷ്ണുദത്തന്റെ ബന്ധനത്തിൽ നിന്നെങ്ങനെ ഇവൾ മോചിതയായി. മുത്തശ്ശിയുടെ ഉള്ളിൽ ഒരുപാടു ചോദ്യങ്ങൾ ഒന്നിച്ചു തലയുയർത്തി.
ഭദ്ര മുത്തശ്ശിക്കരികിലേക്ക് വന്നു.
"സുമിത്രേ.. നിനക്കു നിന്റെ മുത്തശ്ശന്റെയും അമ്മാവന്മാരുടേയുമെല്ലാം അടുത്തേക്ക് പോകണ്ടേ..?? "
ഭദ്രയുടെ സ്നേഹപൂർവമുള്ള ചോദ്യം മുത്തശ്ശിയിൽ വിള്ളലുകൾ വീഴ്ത്തി. ജയലക്ഷ്മി അമ്മായി കണ്മുന്നിൽ പിടഞ്ഞു വീണത് പെട്ടന്ന് ഓർമ വന്നു. മുത്തശ്ശി പെട്ടന്ന് കണ്ണുകൾ ഇറുക്കെയടച്ചു. ശരീരത്തൂടെ ന്തോ ഇഴഞ്ഞു കയറുന്നു.. കരിനാഗങ്ങൾ..
ഇത്രയും നാൾ വിളക്ക് വച്ച് കാത്ത നാഗങ്ങൾ തന്നെ ചതിക്കുമോ.??
സുമിത്രയുടെ ഉള്ളിൽ പെരുമ്പറ കൊട്ടി. ശ്വാസം വേഗത്തിലായി. പക്ഷേ... ! ആ ഇഴച്ചിൽ പെട്ടന്ന് നിന്നു. കണ്ണ് തുറക്കാൻ ശ്രെമിച്ചപ്പോൾ കഴുത്തിൽ നനവ് പടരുന്നതറിഞ്ഞു. ആരുടെയോ ശ്വാസം കഴുത്തുലേക്ക് അടിക്കുന്നു. കണ്ണുതുറന്നു നോക്കുമ്പോൾ അരികിൽ അമ്മു. കൊച്ചുമകളുടെ മുഖത്തെ ക്രൂരവും പൈശാചികവുമായ ചിരിക്ക് വല്ലാത്തൊരു അർത്ഥമുണ്ടെന്നവർ അറിഞ്ഞു.
"അമ്മൂ.. " ആ വിളി മുഴുവനാക്കാൻ കഴിയും മുൻപേ അവളുടെ കോമ്പല്ലുകൾ കഴുത്തിൽ ആഴ്ന്നിറങ്ങി. ശരീരത്തിലെ രക്തത്തുള്ളികൾ ഓരോന്നും തന്നിൽ നിന്നൂർന്നിറങ്ങുന്നത് സുമിത്രയറിഞ്ഞു. സുമിത്രയിൽ നിന്നും അവസാന ശ്വാസവും യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മു അവിടെ തളർന്നു വീണിട്ടുണ്ടായിരുന്നു.
ഭദ്ര പൊട്ടിച്ചിരിച്ചു. കാർമേഘങ്ങൾ ഉരുണ്ട് കൂടി. മാനം ആർത്തു ചിരിച്ചു. ചേറും ചെളിയും സുമിത്രയെയും അമ്മുവിനെയും പൊതിഞ്ഞു. കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഭദ്ര സർപ്പക്കാവിലേക്ക് സർപ്പക്കാവിലേക്ക് നടന്നു. തന്റെ പ്രിയപ്പെട്ടവൻ... പൂക്കാത്ത പലമരത്തിലെ ഉൾഞരമ്പുകളിൽ മോചനം കാത്തു കിടക്കാൻ തുടങ്ങിയിട്ട് നൂറ്റിമുപ്പത്തഞ്ച് വർഷം കഴിഞ്ഞു. ഇത്തവണ ഭദ്ര തോൽക്കുകയില്ല. ഇനിയും കാത്തിരിക്കാൻ പറഞ്ഞു സങ്കടപ്പെടുത്തില്ല. "ഭദ്രയെത്തി ഉണ്ണ്യേട്ടാ..." അവൾ പാലമരത്തെ ചുറ്റിപിടിച്ചു കരഞ്ഞു. കാറ്റപ്പോഴും നിലച്ചിരുന്നില്ല. ആരോടോ വിതുമ്പുന്ന മഴയും പരിഭവം പറച്ചിൽ നിർത്തിയിരുന്നില്ല.
.
.
കാവിൽ വിളക്ക് വയ്ക്കാൻ പോയ അമ്മയെയും അമ്മുവിനെയും കാണാഞ്ഞിട്ട് അമ്മുവിന്റെ അമ്മ ശ്രീദേവി അവരെ തിരക്കിയിറങ്ങി. ത്രിസന്ധ്യ കഴിഞ്ഞാൽ കാവുപക്കത്ത് വരാൻ ശ്രീദേവിക്ക് പണ്ടേ ഭയമാണ്. കെട്ടി വന്ന അന്ന് മുതൽ സുമിത്രാമ്മയിൽ നിന്നും കേട്ടറിഞ്ഞ കഥകൾ അവളെ അത്രയും പേടിപ്പിച്ചിരുന്നു. പുറത്തെങ്ങും അവരെ കാണാതെ ശ്രീദേവി പരിഭ്രാന്തയായി.
"വിനയേട്ടൻ ആണെങ്കിൽ സ്ഥലത്തും ഇല്ല." ശ്രീദേവി കൈയിലുള്ള ടോർച്ചു തെളിച്ചു. മഴയാണെങ്കിൽ നിൽക്കുന്ന ഭാവമില്ല. പക്ഷേ കാവിലേക്ക് കയറാൻ ശ്രീദേവി ഭയന്നു.
"അമ്മൂ... എവിടാ... " അവൾ ഉറക്കെ ചോദിച്ചു. മറുപടി കേൾക്കുന്നുണ്ടോയെന്നു ശ്രദ്ധിച്ചു.
അവൾ ഫോൺ എടുത്ത് അടുത്തുള്ള വീട്ടിലെക്ക് വിളിച്ചു.
"ഹലോ കൃഷ്ണേട്ടാ.. ശ്രീദേവിയാണ്... ഒന്നിത്രടം വരെ വരുവോ..?"
അവൾ ഫോൺ വച്ച് കാത്തു നിന്നു. അപ്പോഴും ഇടക്കിടക്ക് അമ്മയെയും അമ്മുവിനെയും വിളിക്കുന്നുണ്ടായിരുന്നു. അഞ്ചു മിനിറ്റിൽ കൃഷ്ണേട്ടനും മകൻ രാഹുലും ശ്രീദേവിക്കരുകിൽ എത്തി. അവൾ അവരെ കാര്യം ധരിപ്പിച്ചു. മൂവരും കാവിനു നേരെ നടന്നു. വിളക്ക് തെളിഞ്ഞിട്ടില്ല. കവിലാകെ ഇരുട്ടാണ്. കൃഷ്ണേട്ടൻ ടോർച്ചു തെളിച്ചത് ബോധമറ്റു കിടക്കുന്ന അമ്മുവിന്റെ മുഖത്തേക്കാണ്..
"അമ്മൂ.. " ശ്രീദേവി നിലവിളിച്ചു. അവർ അവൾക്കരുകിലേക്ക് ഓടിയെത്തി. അധികം ദൂരെയല്ലാതെ മുത്തശ്ശിയേയും അവർ കണ്ടു. കൃഷ്ണേട്ടൻ സുമിത്രാമ്മയെ തട്ടി വിളിച്ചു. കഴുത്തിലെ മുറിപ്പാടിൽ ചോരയിറ്റു വീഴുന്നത് കണ്ടപ്പോൾ സർപ്പദംശനം ഏറ്റതാവാം എന്നു കരുതി. തണുത്തുറഞ്ഞ ആ ദേഹത്തു ജീവന്റെ അംശം ഇല്ലന്ന് കൃഷ്ണേട്ടൻ മനസിലാക്കി.
"അമ്മൂ.. " ശ്രീദേവിയുടെ കരച്ചിൽ വക വയ്ക്കാതെ കൃഷ്ണേട്ടൻ രാഹുലിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അവൻ തലയാട്ടി.
"അമ്മു മോളെ.. " കൃഷ്ണേട്ടൻ അവളെ കുലുക്കി വിളിച്ചു. അവളിൽ നിന്നും ചെറിയ ഞരക്കം കേട്ടപ്പോളാണ് എല്ലാവർക്കും ആശ്വാസമായത്. രാഹുൽ അവളെ എടുത്തു ശ്രീദേവിയെയും വിളിച്ചു വീട്ടിലേക്ക് നടന്നു. സുമിത്രമായും അമ്മുവും ബോധമറ്റതാവാം എന്നായിരുന്നു ശ്രീദേവി കരുതിയത്. കൃഷ്ണേട്ടൻ സുമിത്രാമ്മയെ ഉമ്മറത്തു കിടത്തി. രാഹുൽ അമ്മുവിനെ മുറിയിലും. ശ്രീദേവി കാര്യമറിഞ്ഞു. അവൾ കട്ടിലിലേക്ക് തളർന്നിരുന്നു. രാഹുൽ വീട്ടിൽ വിളിച്ച് അമ്മയോടും അനിയത്തിയോടും വരാൻ പറഞ്ഞു. രാഹുലിന്റെ അനിയത്തി രേവതിയും അമ്മുവും ഉറ്റ സുഹൃത്തുക്കൾ ആണ്.
രേവതിയും രാഹുലിന്റമ്മ സീതയും വീട്ടിലെത്തുമ്പോഴേക്കും കൃഷ്ണേട്ടൻ വിനയചന്ദ്രനെയും വിനയന്റെ സഹോദരിയുടെ രാധികയുടെ ഭർത്താവ് മുരളിയേയും വിളിച്ചു പറഞ്ഞിരുന്നു. അമ്മുവിനിത് വരെ ബോധം തെളിഞ്ഞിട്ടില്ല. സീത ശ്രീദേവിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രാഹുലും രേവതിയും അമ്മുവിന്റെ അരികിൽ ഇരുന്നു.
"അമ്മേ.. ഞാൻ ഡോക്ടറെ കൂട്ടി വരാം. അപ്പളേക്കും അമ്മൂന്റെ നനഞ്ഞതൊക്കെ ഒന്ന് മാറ്റ്. അവളെ വിറക്കുന്നുണ്ട്. " രാഹുൽ പറഞ്ഞു.
സീത തലകുലുക്കി.
രാഹുൽ ഡോക്ടറെയും കൂടി വേഗത്തിൽ വന്നു.
"സാരമില്ല.. നല്ല ക്ഷീണമുണ്ട് ശരീരത്തിന്. അതാണ് മയക്കം. ചിലപ്പോൾ ന്തെങ്കിലും കണ്ട് ഭയന്നിട്ടുണ്ടാകും. " ഡോക്ടർ അവളെ പരിശോധിച്ച ശേഷം പറഞ്ഞു. മുത്തശ്ശിയുടെ മരണം ചിലപ്പോൾ അവൾ കണ്ടിട്ടുണ്ടാകുമെന്ന് എല്ലാവരും ഓർത്തു. അവളെ മുറിയിൽ വിശ്രമിക്കാൻ വിട്ടിട്ട് എല്ലാവരും മുറിവിട്ടിറങ്ങി. രേവതി പക്ഷേ അവൾക്കൊപ്പം തന്നെ ഇരുന്നു. രാഹുൽ ഡോക്ടറെ തിരിച്ചു കൊണ്ടെ ആക്കി.
വിനയചന്ദ്രൻ പുലർച്ചെ ട്രെയിനിൽ എത്തുമെന്ന് വിളിച്ചു പറഞ്ഞു. രാധികയും മുരളിയും മക്കളും രാത്രി തന്നെ എത്തി. തറവാട്ടറി കൂട്ടക്കരച്ചിൽ ഉയർന്നു. വിനയൻ വരുമ്പോഴേക്കും മുറ്റത്തു പന്തൽ ഉയർന്നു കഴിഞ്ഞു. മുത്തശ്ശിയെ കുളിപ്പിച്ച് വെള്ള പുതപ്പിച്ചു കീറാത്ത മുഴുനീളൻ വാഴയിലയിൽ കിടത്തി. തലയ്ക്കൽ തേങ്ങ മുറിച്ചു തിരി കത്തിച്ചു. നിലവിളക്കും കൊളുത്തി വച്ചു.
അമ്മു കണ്ണു തുറന്നിരുന്നു. പക്ഷേ അവൾക്കു നടന്നതൊന്നും ഓർമയുണ്ടായിരുന്നില്ല. രണ്ട്മൂന്ന് ദിവസം അവളുടെ ഓർമകളിൽ ഇല്ലായിരുന്നു. !!
രാധികയുടെ മകൻ ഹരിശങ്കറും വിനയചന്ദ്രനും ബലിയിട്ടു. വിനയൻ ചിതക്ക് തീ കൊളുത്തി. തെക്കേപറമ്പിൽ മുത്തശ്ശിയുടെ ചിതയിൽ നിന്നും പുക പൊങ്ങുമ്പോൾ ഭദ്ര പൊട്ടിച്ചിരിച്ചു. !
"തുടക്കം ഉഷാറായി.. "
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. ബലിയിട്ടു കയറി വന്ന ഹരിയെ അമ്മു ഓടിച്ചെന്ന് കെട്ടിപിടിച്ചു.
"ഉണ്ണ്യേട്ടാ... " അവൾ പൊട്ടിക്കരഞ്ഞു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും മുത്തശ്ശിയുടെ മരണം അവളെ സങ്കടപ്പെടുത്തിയിട്ടുണ്ടെന്നവൻ ഊഹിച്ചു.
"ന്തേ അമ്മൂ.. എല്ലാർക്കും എന്നും ഇങ്ങനെ കൂടെണ്ടാവാൻ പറ്റോടാ... " അവൻ അവളെ ആശ്വസിപ്പിച്ചു. അമ്മു ഹരിക്ക് മുറപ്പെണ്ണാണ്. പത്തൊൻപതു കഴിഞ്ഞിട്ടേയുള്ളൂ ഹരിശങ്കറിന്. കുഞ്ഞിലെതൊട്ട് എല്ലാവരും പറഞ്ഞു പറഞ്ഞ് ഹരിയുടെ മനസ്സിൽ അമ്മു കയറികൂടിയതാണ്. അമ്മുവിന്റെ മനസ്സിൽ പക്ഷേ ഹരിക്കൊരു സ്ഥാനം ഉണ്ടായിരുന്നില്ല. ഇപ്പോൾ പക്ഷേ അമ്മു സങ്കടം കൊണ്ടാണേലും തന്റെ അരികിലേക്ക് വന്നത് ഹരിയെ സന്തോഷിപ്പിച്ചു.
"അമ്മൂ... വിട്ടേ.. ഹരിയേട്ടൻ ഈ നനഞ്ഞതൊക്കെ മാറി വരാം. " അവൻ പറഞ്ഞു.
അവൾ പെട്ടന്ന് അകന്ന് മാറി.
വേഗത്തിൽ മുറിയിലേക്ക് നടന്ന ഹരിയെ അവൾ നോക്കി നിന്നു.
"ഉണ്ണ്യേട്ടാ.. ഭദ്രയെത്ര കാത്തിരുന്നു.. ന്തേ എന്നെ വിട്ട് പോകുന്നേ.. !"
ഹരിയുടെ നേരെ നോക്കിയ അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പി.. !!
YOU ARE READING
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...