തറവാട്ടിലെ പടിപ്പുരക്കൽ കാലുവയ്ക്കുമ്പോൾ ആകാശം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. കറുത്തിരുണ്ട മേഘക്കീറിനിടയിൽ കരയാൻ കൊതിച്ച ആകാശം എന്നെ നോക്കി. ഞാൻ പുഞ്ചിരിച്ചു. നോക്കി നിക്കേ മഴത്തുള്ളികൾ എന്നെ തഴുകി. ആർത്തലച്ചു പെയ്യുന്ന മഴയ്ക്കും പ്രേത്യേക സന്തോഷം. വർഷങ്ങൾക്കു ശേഷം ഇങ്ങനെ മഴ നനയുന്നത്. ഞാൻ അവിടെ തന്നെ നിന്നു. ദാവണി നനഞ്ഞു ദേഹത്തൊട്ടി. ഇരുകൈകളും വിടർത്തി ഞാൻ ഓരോ തുള്ളിയെയും വരവേറ്റു.
"അമ്മൂ... ഇതെന്താ പുതിയ ശീലം... മഴ കാണുന്നില്ലേ പെണ്ണെ.. "
അമ്മ ഉമ്മറത്ത് നിന്ന് വിളിച്ചു ചോദിക്കുന്നു. അമ്മുവിന്റെ അമ്മയ്ക്ക് എന്റെ അമ്മയുടെ അതേ മുഖമാണ്. അതേ സ്നേഹവും കരുതലുമുള്ള ശബ്ദവും.
"എത്ര നാളായമ്മേ ഞാനൊന്ന് മഴ കണ്ടിട്ട്..? "
ന്റെ ചോദ്യം അമ്മയെ ഞെട്ടിച്ചു.
"ഇന്നലെയും ഇവിടെ ചീഞ്ഞ മഴയെയും കുറ്റം പറഞ്ഞത് നീയല്ലെടീ.. മര്യാദക്ക് കയറി വന്നോ.. വല്ല പനീം വരും. "
അമ്മ പറഞ്ഞത് നേരാണ്. അമ്മുവിന് പനിപിടിച്ചു കിടക്കാൻ പാടില്ല. ഇനി അമ്മുവിന്റെ രക്ഷ തന്റെയും കൂടെ ചുമതലയാണ്, തന്റെ വരവിന്റെ ഉദ്ദേശം നടക്കുന്നത് വരെയെങ്കിലും. !
ആരെങ്കിലും ക്ഷണിക്കാതെ തനിക്കീ തറവാട്ടിൽ കടന്നുകൂടുക സാധ്യമായിരുന്നില്ല. ഇതിപ്പോ അമ്മ വിളിച്ചിട്ടല്ലേ.. തനിക്കു കയറാം. മഴ നനഞ്ഞതിന്റെ ഹരം ആ വിളികൂടെ ആയപ്പോൾ ഇരട്ടിയായി. ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. മനസുകൊണ്ടൊരുപാട് നന്ദി പറഞ്ഞു. അമ്മുവിന്റെ കിടപ്പറയിലേക്ക് നടക്കുമ്പോൾ എന്നെ സംശയത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അമ്മ. ഞാൻ ചിരിച്ചു. ഇനി സംശയങ്ങൾക്കിട വരില്ല... ആർക്കും സംശയിക്കാൻ പോലും സമയമുണ്ടാവില്ല.. അതോർത്തപ്പോൾ ന്റെ സന്തോഷം ഇരട്ടിച്ചു. ഞാൻ പൊട്ടിച്ചിരിച്ചു. പതിവില്ലാതെ മഴക്കൊപ്പം ഇടിയും മിന്നലും കണ്ട് മുത്തശ്ശി പിറുപിറുക്കുന്നുണ്ടായിരുന്നു.
ന്തോ ലക്ഷണക്കേടു കണ്ടത്രേ.. ഹഹ.. ഇനി ലക്ഷണങ്ങൾ ഒന്നും നന്നാവില്ല മുത്തശ്ശി... ഒന്നും..!!അമ്മുവിന്റെ അറയിൽ ഞാനാകെയൊന്നു നോക്കി. വർഷങ്ങൾക്കു മുൻപ് ഇതെന്റെ മുറിയായിരുന്നു. ചെറിയ ചില മോഡികൂട്ടലുകൾ ഒഴിച്ചാൽ എല്ലാം പഴയതുപോലെ തന്നെയുണ്ട്. ന്റെ കണ്ണുകൾ നിറഞ്ഞുവരുന്നുണ്ടായിരുന്നു. അമ്മുവിനോടെനിക്ക് നന്ദി തോന്നി. എല്ലാം കൊണ്ടും എന്റെ വരവിനു സഹായിച്ചത് അവളല്ലേ.. എന്റെ അതേ ജീവിതമല്ലേ അവൾക്കും. എനിക്കു സംഭവിച്ചത് അവൾക്കും സംഭവിച്ചു കൂടാ..
പുറത്തു മഴ കനക്കുന്നു. കാറ്റിനും ശക്തി കൂടി. രാവ് നേരത്തെ വീടണഞ്ഞു. ഞാൻ ചിരിച്ചു. ഇനി ദിവസങ്ങൾ മാത്രം.. അവൻ ഇവിടെയെത്തും. ന്റെ പ്രണയം ചീന്തിയെടുത്തവൻ. കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ചവൻ.. ബോധം മുഴുവൻ മറയും മുന്നേ കുളത്തിൽ വലിച്ചെറിഞ്ഞവൻ.. വാ... വേഗം വാ.. എനിക്കു നിന്നെ കാണാൻ കൊതിയായി. !!
YOU ARE READING
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...