കദളിക്കാട്ട് കോവിലകം.. പേരെടുത്ത മാന്ത്രികൻ നാരായണവർമയുടെ ചെറുമകനാണ് ഇപ്പോൾ കോവിലകത്തുള്ളത്. മുത്തശ്ശന്റെ അതേ കഴിവുകൾ കിട്ടിയ വിഷ്ണുദത്തന്റെ പേരും പെരുമയും നാടുപലതു കഴിഞ്ഞാലും കേൾവിയുണ്ട്.മുപ്പത്തിലേക്കു കടക്കുന്നുള്ളുവെങ്കിലും വിഷ്ണുവിന്റെ പാണ്ഡിത്യം അവനെ എവിടെയും തലയുയർത്തി നിൽക്കാൻ സഹായിക്കും. പടിപ്പുര കടന്നുചെല്ലുന്നവരുടെ മനസിലുള്ളത് മനസ്സിലാക്കാൻ വിഷ്ണുവിനാരുടെയും സഹായം വേണ്ട. മന്ത്രതന്ത്രാദികൾ മാത്രമല്ല മനുഷ്യമനസ്സും ആവശ്യം പഠിച്ചിരിക്കുന്നു വിഷ്ണു.
"ന്താ അനന്തേട്ടനും രാമേട്ടനും ഈ വഴിക്ക്..? " വിഷ്ണുവിന്റെ മുഖത്തെ കള്ളച്ചിരി അവരെ വല്ലാതെയാക്കി.
"വിഷ്ണു... തറവാട്ടിലെ കാര്യങ്ങൾ അറിഞ്ഞു കാണുമല്ലോ.. മൂന്നാലു ദിവസം കൊണ്ട് 7 മരണങ്ങൾ. ഒരെത്തും പിടിയും കിട്ടണില്ല. "
രാമഭദ്രൻ പറഞ്ഞു.
"മ്മ്... നോക്കാം... ന്താ പ്രശ്നമെന്ന് കണ്ടുപിടിക്കണമല്ലോ.? "
വിഷ്ണു അവരെ പൂജാമുറിയിലേക്ക് ക്ഷണിച്ചു. അഞ്ചുതിരിയിട്ട് നിലവിളക്കുകൾ കൊളുത്തി വച്ചു. അരിപ്പൊടികൊണ്ട് രാശിചക്രം വരച്ചു. ഒത്ത നടുവിൽ പൂവും നെല്ലും വിളക്കും വച്ചു ലക്ഷണം നോക്കി തുടങ്ങി. മുന്നിലിരിക്കുന്ന അനന്തന്റെയും രാമഭദ്രന്റെയും മുഖത്തേക്കൊന്നുറ്റു നോക്കിട്ട് വിഷ്ണു കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.
"ആദ്യമരണം തറവാട്ടുകുളത്തിൽ മുങ്ങിയിട്ട്.., പിന്നീട് വാഹനാപകടവും. രണ്ടും സ്വാഭാവിക മരണമായിരുന്നില്ല. കൊലപാതകങ്ങൾ ആണ്. പകയുമായി ഒരാത്മാവ് തറവാട്ടിൽ കയറിക്കൂടിയിട്ടുണ്ട്. വ്യക്തമായി പറഞ്ഞാൽ.. വർഷങ്ങൾക്കു മുൻപ് കൊന്നു കുളത്തിൽ താഴ്ത്തിയ ഭദ്രയുടെ ആത്മാവ് മന്ത്രബന്ധനം പൊട്ടിച്ചു പുറത്തു വന്നിരിക്കുന്നു. "
വിഷ്ണുവിന്റെ നാവിൽ നിന്നും ഭദ്രയുടെ പേര് കേട്ടതും ഇരുവരുടെയും നടുക്കം പൂർണമായി.
"ഭദ്ര.... പക്ഷേ... എങ്ങനെ... !?, തറവാട്ടിലെ സർപ്പക്കാവിൽ, ആരും കടക്കാത്ത ആ കാടുപിടിച്ച കാവിനുള്ളിൽ വിഷ്ണുവിന്റെ മുത്തശ്ശൻ ഭദ്രയെ ആവാഹിച്ചു കുടത്തിലാക്കി ബന്ധിച്ചു പാലച്ചോട്ടിൽ കുഴിച്ചിട്ടത് വിഷ്‌ണുവിനും ഓർമ കാണുമല്ലോ.? "
"ഉവ്വ് .. പക്ഷെ, കാവശുദ്ധമായിരിക്കുന്നു.. വയസറിയിച്ചു ശുദ്ധിയാവാതെ പതിനാറു കഴിഞ്ഞവൾ കാവിന്റെ ശുദ്ധി കെടുത്തിട്ടിരിക്കുന്നു. മാന്ത്രിക ബന്ധങ്ങൾ ഭേദിച്ച് അവൾ ഭദ്രയെ സ്വാതന്ത്രമാക്കിയിരിക്കുന്നു. നേരത്തോട് നേരം അടുക്കുമ്പോൾ തറവാട്ടിൽ ഒരു മരണം കൂടെ നടക്കും.. ! അതെനിക്ക് തടയാനാവില്ല.. ആഗ്രഹങ്ങൾ തീരാതെ, ചെറുപ്രായത്തിൽ മനസില്ലാമനസോടെ പിടഞ്ഞു തീർന്ന ഒരു പെണ്ണിന്റെ ആത്മാവാണത്. ജീവിക്കാനുള്ള അവളുടെ കൊതി അത്രക്ക് ആഴമേറിയതായിരുന്നു. കൂടെയുള്ളവരോടുള്ള അവളുടെ സ്നേഹം അത്ര ദൃഢം ആയിരുന്നു. അങ്ങനെ ഒന്നും അവളെ പൂട്ടിയിടാൻ കഴിയില്ല അനന്തേട്ടാ.. "
വിഷ്ണുവിന്റെ വാക്കുകൾ സമാധാനിപ്പിക്കുന്നതിനേക്കാൾ എരിതീയിൽ എണ്ണ പകർന്ന പോലെയായി. ഇനിയൊരു മരണം.. ആ വാക്കുകൾ അവരുടെ ചെവിയിൽ മുഴങ്ങി നിന്നു.
"വിഷ്ണൂ.. പരിഹാരം കാണണം.. ഇനി തറവാട്ടിലൊരാള് കൂടെ നഷ്ടപ്പെടാൻ പാടില്ല.. അവളെ തലയ്ക്കണം.. " അനന്തൻ പറഞ്ഞു.
"രാമേട്ടന്റെ മോളാണ് ഭദ്രയെ തുറന്ന് വിട്ടത്. ഇപ്പോഴൊന്നും ആ കുട്ടിക്ക് ഓർമയുണ്ടാവില്ല. ഋതുമതിയായ പെൺകുട്ടികൾക്ക് സർപ്പക്കാവ് നിഷിദ്ദമാണെന്ന് അവൾക്ക് അറിവുണ്ടായിരുന്നല്ലോ. എന്നിട്ടും അവൾ കാവു തീണ്ടി. മന്ത്രത്തകിടുകൾ അശുദ്ധിയേറ്റു ക്ഷയിച്ചു. കുടം തുറന്നതും അവൾ തന്നെ... ഭദ്രയെ പിടിച്ചുകെട്ടണമെങ്കിൽ സുമിത്രകുട്ടിയുടെ ജീവൻ നമ്മൾ മറക്കേണ്ടി വരും. !"
വിഷ്ണുവിന്റെ വാക്കുകൾ രാമഭദ്രനെ ഞെട്ടിച്ചു.
"വിഷ്ണൂ. ന്റെ മോൾക്കൊന്നും സംഭവിച്ചുകൂടാ.. അവളെ രക്ഷിക്കണം. " രാമഭദ്രന്റെ ശബ്ദം കരച്ചിലോളമെത്തി.
"അതങ്ങനാണ് രാമേട്ടാ... നമ്മൾ ചെയ്യുന്നതിന്റെ ഫലങ്ങൾ അനുഭവിക്കാൻ യോഗമുണ്ടാവുക നമ്മുടെ മക്കൾക്കാണ്.. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതങ്ങനെ വരൂ.. !"
വിഷ്ണു പറഞ്ഞു നിർത്തിയപ്പോഴേക്കും രാമഭദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. "അവളെ ശ്വാസം മുട്ടിച്ചത് അച്ഛനാണ്.. അച്ഛൻ അതിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. " രാമഭദ്രൻ വിശദീകരിച്ചു.
"പക്ഷേ അവൾ ജീവനേക്കാൾ സ്നേഹിച്ച അവളുടെ പ്രണയം ചീന്തിയെടുത്തത് നിങ്ങളല്ലേ രാമേട്ടാ..?? "
വിഷ്ണുവിന്റെ ചോദ്യം ഇരുതലമൂർച്ചയുള്ള വാളുപോലെ രാമഭദ്രന്റെയും അനന്തന്റെയും തലയ്ക്കു മുകളിൽ തൂങ്ങി നിന്നു.
ഉത്തരം പറയാതെ കുഴങ്ങുന്ന അവരെനോക്കി വിഷ്ണു പുഞ്ചിരിച്ചു.
"ഞാൻ നിങ്ങളെകുഴപ്പത്തിലാക്കാൻ ചോദിച്ചതല്ല. ഭദ്ര ഭൂമിയിൽ ജീവിതം കഴിഞ്ഞവളാണ്. ഇനിയവൾ ഭൂമിയിൽ ജീവിക്കണമെന്ന് ഞാൻ പറയുന്നില്ല. അതുകൊണ്ടാണല്ലോ അന്ന് ആ ആത്മാവിനെ പിടിച്ചു കെട്ടിയത്. പക്ഷേ, അവളുടെ ആഗ്രഹങ്ങൾക്ക് കടലിനേക്കാൾ ആഴമുണ്ടായിരുന്നു. വിശ്വാസങ്ങൾക്കും സ്നേഹത്തിനും ആത്മാർത്ഥതയുണ്ടായിരുന്നു. കന്യകയായിരിക്കെ തന്നെ ദുർമരണമടഞ്ഞ അവളുടെ ആത്മാവിന് നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ ശക്തിയുണ്ട്. അവളുടെ സ്നേഹത്തിന്റെ പതിന്മടങ്ങ് ശക്തിയുണ്ടവളുടെ പകക്കും ദേഷ്യത്തിനും. "
വിഷ്ണു തുറന്നു പറഞ്ഞു.
"ന്തെങ്കിലും വഴികാണണം വിഷ്ണൂ.. ന്റെ മോളെ രക്ഷിക്കണം." രാമഭദ്രൻ വിഷ്ണുവിന്റെ കാലു പിടിച്ചു.
"ആവാഹനം മാത്രമാണ് ഏക പോംവഴി. മുത്തശ്ശന്റെ അനുഗ്രഹവും ദൈവവിധിയും കൂടെയുണ്ടേൽ അത്യാപത്തുകൾ ഉണ്ടാകാതെ ഭദ്രയെ തളയ്ക്കാൻ കഴിയും. പ്രാർത്ഥിച്ചോളൂ.. നല്ലതേ വരൂ.. "
വിഷ്ണു ചില മന്ത്രങ്ങൾ ഉരുവിട്ട് ചരടുകൾ ജപിച്ചു നൽകി. തറവാട്ടിൽ എല്ലാവരും ധരിച്ചുകൊള്ളാൻ പറഞ്ഞു. നാളെ സൂര്യനസ്തമിക്കും മുൻപ് വിഷ്ണു തറവാട്ടിലേക്ക് എത്തിക്കൊള്ളാമെന്ന് വാക്ക് നൽകി.
വിഷ്ണുവിനോട് യാത്ര പറഞ്ഞിറങ്ങുമ്പോഴും ഇരുവരുടെയും ഉള്ളിൽ കൊടുങ്കാറ്റായിരുന്നു. ചിന്തകൾ കാടു കയറുന്നു. ഒന്നും വേണ്ടായിരുന്നു.. കുറ്റബോധം ഇരുവരെയും കാർന്നുതിന്നാൻ തുടങ്ങി.എത്രയും വേഗം തറവാട്ടിൽ എത്തണം. ആർക്കും ഇനിയൊരാപത്തു സംഭവിച്ചു കൂടാ. വണ്ടിയുടെ വേഗം കൂടി. മുന്നിലെ വഴി ഇല്ലാണ്ടാകുന്നത് രാമഭദ്രൻ അറിഞ്ഞു. മനസു കൈവിട്ടു പോകുന്നു.
"ന്താടാ " അനന്തൻ തിരക്കി.
"അമ്മാവാ... വഴികൾ അടയുന്നു. " അത്രയും പറയാനേ രാമഭദ്രനായുള്ളു. അതിനു മുൻപേ വഴിക്കു കുറുകെ നൂറായിരം കരിനാഗങ്ങൾ പൊട്ടിമുളച്ചതുപോലെ പൊങ്ങി വന്നു. നാവിൻതുമ്പിൽ നിന്നിറ്റു വീഴുന്ന നീലത്തുള്ളികളിൽ ഒന്നിൽ ദേഹത്ത് തൊട്ടാൽ ജീവൻ പോകുമെന്ന ബോധം ഇരുവരെയും വല്ലാതെ തളർത്തി. തറവാട്ടിലെ കാവിൽ പൂജയും വഴിപാടും മുടക്കാറില്ല. മറ്റു ക്ഷേത്രങ്ങളിലും വേണ്ടത് ചെയ്യുന്നുണ്ട്. സർപ്പദോഷം കൊണ്ട് ഇന്ന് വരെ തറവാട്ടിൽ ആർക്കും ഒന്നും സംഭവിക്കാത്തതും അതൊക്കെ കൊണ്ടുതന്നെയാണെന്നാണ് വിശ്വാസം. പക്ഷേ ഇന്നു സ്ഥിതി മറിച്ചാണ്. കാവശുദ്ധമായി. നാഗങ്ങളുടെ ജീവിതം കഷ്ടമാക്കി. അവരുടെ സന്തോഷവും സമാദാനവും നശിപ്പിച്ചു. സമയവും സാഹചര്യവുമെല്ലാം പ്രതികൂലമാണെന്നവർ ഓർത്തു. അടുത്തേക്കിരച്ചു വരുന്ന നാഗങ്ങളുടെ കൊത്തേറ്റു മരിക്കുന്നതോർത്തു കണ്ണടച്ചവർ വണ്ടിയിൽ ഇരുന്നു. ഭദ്ര ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു. തന്റെ പ്രധാന ശത്രു.. അവനും ഇപ്പോൾ തീരും.. അവൾ കാത്തിരുന്നു.
.
YOU ARE READING
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...