പിന്നെയും ദിവസങ്ങൾ കടന്നുപോയി...
ഇതിനിടക്ക് കഴിക്കാൻ ഇരിക്കുമ്പോഴും, എപ്പോഴെങ്കിലും മുറിക്ക് പുറത്ത് വരുമ്പോഴും മാത്രം ആയിരുന്നു മുത്ത് വിനുവിനെ കണ്ടിരുന്നത്....
തന്നോട് ഉള്ളതിനേക്കാൾ അടുപ്പം മോചുട്ടനോട് ആണെന്ന് അവൻ അറിയാവുന്ന കാര്യമാണ്
മനസ്സിന് സുഖമില്ലാതിരുന്ന സമയം കണ്ണേട്ടൻ അവനോട് ഇത്രയും അടുപ്പം കാണിച്ചിരുന്നത് അവനു ഒരു അത്ഭുതം തന്നെ ആയിരുന്നു
ഇപ്പോൾ പിന്നെയും കുട്ടികാലത്തുള്ളത് പോലെ മോചുട്ടനെ മാത്രം കൂടെ കൂട്ടി അവനോട് അകൽച്ച കാണിക്കുന്നു എന്നുള്ള മുത്തിന്റെ ചിന്ത വിനുവിനോട് സംസാരിക്കാനോ മിണ്ടാനോ ഉള്ള ആഗ്രഹത്തെ പിടിച്ചു കെട്ടി
എങ്കിലും കാണാൻ കൊതി തോന്നുമ്പോൾ ഒക്കെ അവൻ ഒളിഞ്ഞും പാത്തും നിന്നൊക്കെ കാണും...
.
.
.
രാവിലെ ഉള്ള ഇളം വെയിലിന്റെ വെളിച്ചം മുഖത്തേക്ക് അടിച്ചാണ് മുത്ത് കണ്ണുകൾ തുറന്നത്...അവൻ ഒന്ന് നടുവ് നിവർത്തിയ ശേഷം കിടക്കയിൽ നിന്നും എണീറ്റു...
ഇന്നലെ വായിച്ച പുസ്തകം കിടക്കയിൽ നിന്നും തറയിൽ വീണു കിടക്കുന്നു...
കിടന്ന് വായിക്കാനായി ഒരു ഓളത്തിന് കട്ടിലിനു അടുത്തുണ്ടായിരുന്ന ജനാലയും തുറന്നിട്ടിരുന്നു....
എപ്പോഴോ വായിച്ചു വായിച്ചു ഉറങ്ങിപ്പോയി...ജനാല അടച്ചിട്ടും ഇല്ല...
അവൻ ജനാലക്ക് അരികിലേക്ക് നടന്നു.... അടുത്തുള്ള മാവിന്റെ ചില്ലകൾ ജനാലയെ തൊട്ട് തൊട്ടില്ലെന്നുള്ള രീതിയിൽ നിൽക്കുന്നു.. അതിനെ പിടിച്ചു മാറ്റിവെണം ജനാല അടക്കാൻ