പേനക്കള്ളന്‍

59 6 4
                                    

വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ ? നിങ്ങള്‍ കള്ളനെന്ന് വിളിച്ചില്ലേ ??

കഥ കഴിഞ്ഞ് നിങ്ങളെന്നെ കള്ളനെന്ന് വിളിക്കുമോ ?? വിളിച്ചാലും വിളിച്ചില്ലേലും കഥയിങ്ങനെയാണ്.....
പണ്ട് മീശമാധവനും കായംകുളം കൊച്ചുണ്ണിയുമൊക്കെ കണ്ടിരിക്കുമ്പോഴാണ് ബോധോദയമുണ്ടായത്..
'' എത്ര നല്ല കള്ളന്‍മാരാണിവരൊക്കെ '' കക്കുന്നു , കട്ട പണം പാവങ്ങള്‍ക്ക് കൊടുക്കുന്നു..ആര്‍ക്കെങ്കിലും ഒരു നല്ലകാര്യം ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ കയറീട്ട് കുറച്ചായി.. രാവിലെ എണീറ്റ് സ്കൂളിലേക്ക് നടക്കുമ്പോഴും മനസ്സിലിതൊക്കെ തന്നെയായിരുന്നു.. പക്ഷെ ആരെ സഹായിക്കും ???
കൂടെ അനിയനുമുണ്ടായിരുന്നു. അവനോട് ഞാന്‍ ചോദിച്ചു '' ഇപ്പോ നിനക്കൊരു വരം കിട്ടിയ നീയെന്താവിശ്യപ്പെടും
'' നല്ല ഭംഗിയുള്ള ചുവന്ന മഷി പേന ചോദിക്കും..''
പെന്‍സിലില്‍ മാത്രം എഴുതാറുള്ള ഞങ്ങള്‍ക്കൊക്കെ പേന അന്നൊരല്‍ഭുതമായിരുന്നു.. അത് കൊണ്ട് തന്നെ അവന്റെ ആഗ്രഹം നടത്തികൊടുക്കണം..

കൊച്ചുണ്ണിയേയും മീശമാധവനേയും അങ്ങനെ എനിക്കറിയുന്നതും അറിയാത്തതുമായ സകല നല്ലവരായ കള്ളന്മാരേയും മനസ്സില്‍ വിചാരിച്ച് ഒരു ചുവന്ന മഷിപേന മോഷ്ടിക്കാന്‍ തീരുമാനിച്ചൂ.. പക്ഷെ ആരുടെ പേനമോഷ്ടിക്കും ക്ലാസിലെ അധികപേരുടെ കയ്യിലും പേനയില്ലാ. പേനയുള്ള കുറച്ച് പേരുണ്ടല്ലോ അവരിലാരുടെയെങ്കിലുമെടുക്കണം.

ക്ലാസിലിരുന്ന് മറ്റാര്‍ക്കും കൊടുക്കാതെ ഒറ്റയ്ക്കിരുന്ന് മിഠായി കഴിക്കുന്നവരായിരുന്നു അന്നത്തെ ഞങ്ങളുടെ വിരോധികള്‍.. വിരോധികളുടെ പേനമോഷ്ടിക്കണം... അങ്ങനെ ഉച്ചയൂണിറ്റെ സമയത്ത് എല്ലാവരും ക്ലാസിന്റെ പുറത്തിറങ്ങിയ തക്കം നോക്കി പേന തപ്പിയിറങ്ങി. പക്ഷെ ആരുടെ കയ്യിലും ചുവന്ന മഷി പേനയില്ലാ.. ആദ്യത്തെ പണി തന്നെ പരാജയപ്പടുമല്ലോ ??
എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ടീച്ചര്‍ കേറി വന്നത്..

ഹാജര്‍പട്ടികയെടുത്ത് പേരുവിളിക്കുമ്പോഴാണ് വെട്ടി തിളങ്ങുന്ന പേന കണ്ടത്. നല്ല ചുവന്നമഷി പേന..  ഹാജറെടുത്ത് കഴിഞ്ഞ് പേന ടീച്ചര്‍ മേശപുറത്ത് വച്ചു.. ആദ്യ ബെഞ്ചിലായത് കൊണ്ട് കൈയെത്തും ദൂരത്തായിരുന്നു പേന , പക്ഷെ എങ്ങനെയെടുക്കും ???

പാഠപുസ്തകം ‍ തുറന്ന് ഒരോരുത്തരെയായി ടീച്ചര്‍ വായിക്കാനായി വിളിച്ചു നല്ലൊരു അവസരമൊത്ത ഞാന്‍ ചുവന്നമഷി പേന കൈക്കലാക്കി. ഒരിത്തിരി നേരം കഴിഞ്ഞപ്പോഴാണ് പേനപോയ വിവരം ടീച്ചര്‍ മനസ്സിലാക്കിയത്.. പെട്ടെന്ന് തന്നെ ടീച്ചര്‍  കോപംകൊണ്ട് വിറച്ചു. പേടി കൊണ്ട് ഞാനും..

''  ആരോ എന്റെ പേനയെടുത്തിട്ടുണ്ട് ആരായാലും തരണം !!  അല്ലെങ്കില്‍ എന്നും പറഞ്ഞ് ചൂരലെടുത്തു.. ക്ലാസ് മുഴുവന്‍ നിശബ്ദത ആരില്‍ നിന്നും മറുപടിയില്ലാ..
എങ്ങനെ പേനകൊടുക്കും ?? കൊടുത്താല്‍ ഇത്രയും പേരുടെ മുന്നില്‍ പേനകള്ളനാവും.. ഹോ ഓര്‍ക്കാന്‍ തന്നെ വയ്യാ..!
സമയം കുടുംതോറും ടീച്ചറുടെ ദേഷ്യം കൂടിക്കൂടി വന്നു.. ടീച്ചര്‍ ഓരോരുത്തരെയായി വിളിച്ച് പരിശോധനതുടങ്ങി..  ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ????

ഉടനടി ഒരുപായം തോന്നി മെല്ലെ പോക്കറ്റില്‍ നിന്നും പേനനിലത്തിട്ട് ടീച്ചറുടെ മേശയടിയിലേക്ക് പതുക്കെ കാലുകൊണ്ട് നീക്കി.. കുറച്ച് നേരം കഴിഞ്ഞ് കൂട്ട്ക്കാരിലൊരാള്‍ വിളിച്ച് പറഞ്ഞു ..
'' ടീച്ചറെ പേന ''
ഞാനൊഴിച്ച് മറ്റെല്ലാവരും കൂടി ഒരേ സ്വരത്തീല്‍ പറഞ്ഞു..
''പേന പേന ചുവന്നമഷി പേന''
കക്കാന്‍ മാത്രമറിഞ്ഞാല്‍ പോരാ നിക്കാനും പഠിക്കണമെന്ന തത്ത്വം മനസ്സിലാക്കി പിന്നീട് ആ പണിക്ക് നിന്നിട്ടില്ല...

വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ നിങ്ങള്‍ കള്ളനെന്ന് വിളിച്ചില്ലേ ??
'അപ്പോഴെ ഈ ചുവന്നപേന മോഷ്ടിച്ചതെന്തിനാ '' ????
''ചുവന്ന പേനയോ ??
അതോ ?? അതേയ് നിറം കൊടുക്കാനാണല്ലോ ? നിറം കൊടുക്കാനാണല്ലോ ???

നല്ലവരായകൂട്ട്ക്കാരോട് നിങ്ങളുടെ പേന നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ല..

വള്ളി ട്രൗസര്‍Where stories live. Discover now