"ജനത്തുൽ ഫിർദൗസിലെ കിതാമ്പിൽ എനിക്കായി കുറിച്ചിട്ട ന്റെ ഹൂറിയാണവൾ..."
ഫജർ നമസ്ക്കാരം കഴിഞ്ഞ് വീണ്ടും പുതപ്പിനുള്ളിലേക്ക് അവളെയും ചേർത്ത് വലിഞ്ഞപ്പോൾ ഇടനെഞ്ചിൽ വിരലുകൾ ഓടിച്ച് തലച്ചായ്ച്ചവൾ കൊഞ്ചി.
"ഇക്കാ...ഇന്ന് ഒരിടം വരെ നമ്മുക്കൊന്ന് പോണം ട്ടോ "
ആ കൊഞ്ചലിൽ എന്തോ കെണി ഒളിഞ്ഞിരിപ്പുള്ളതായി ഇക്ക് തോന്നിയത് വെറുതയായില്ല. പടച്ചോനേ ..ന്റെ പേഴ്സിലെ കാഷ് ഒക്കെയും ഹുദാ ഗവാ.. നമ്മൾ ചിന്തകൾ കാട്ക്കേറി മൗനത്തിൽ കിടക്കുമ്പോൾ ദേ... പെണ്ണ് നെഞ്ചത്ത് തട്ടി വിളിക്കാണ്.
''ഹാ.. ഇങ്ങള് ന്താ ആലോചിക്കണേ......"
" ഒന്നുല്ല മുത്തേ..ആട്ടെ എങ്ങോട്ടേക്കാണ് യാത്ര..."'' അത് സർപ്രൈസ്..."
പടച്ചോനേ!! നന്മളെ അടിവയറ്റിന് ഒരു കാളിച്ച പൊറത്തേക്ക് ചാടി. ഒരു സർപ്രൈസിന്റെ ചൂട് മാറിട്ടില്ല അപ്പോഴെക്കും ദേ അടുത്തത്.
കെട്ടിയോന്റെ മുന്നിൽ മൊഞ്ച് കാട്ടി സ്റ്റാറാവാൻ വേണ്ടി ഉർപ്യ പതിനായിരം ചക്കക്കുരു പോലെ എണീ കൊടുത്ത് വാങ്ങിയ ഓൾടെ റെഡ് ഗൗണിലേക്ക് നോക്കി നമ്മള് നെടുവീർപ്പിട്ടു."നമ്മളെ കൊണ്ട് പിച്ചയെടുപ്പിച്ചേ അടങ്ങ് ഒളളുല്ലേ "
പോ ഇക്കാന്ന് പറഞ്ഞ് പെണ്ണിന്റെ മുഖം വാടിയപ്പോൾ ന്റെ ഖൽബൊന്നു പിടഞ്ഞു. പിന്നെ അവളെ ഉള്ളം കയ്യാൽ ഒന്നുടെ വരിഞ്ഞുമുറുക്കി നെഞ്ചോരം ചേർത്തപ്പോൾ അവളും ഹാപ്പി നമ്മളും ഹാപ്പി.
ഒരുങ്ങി പിടിച്ച് കാറിൽ കേറി നിക്കാബിലൂടെ ഒളിക്കണ്ണിട്ട് മിന്നൽ പായിച്ച് പെണ്ണ് ഇടത്തോട്ടും വലത്തോട്ടും കൈ മാറി മാറി ചൂണ്ടി നമ്മക്ക് ഡയറക്ഷൻ തന്നുകൊണ്ടേയിരുന്നു.
ഒടുവിൽ ദാറൂസുൽ ഇസ്ല്ലാം അനാഥമദിരം എന്ന ഗൈറ്റിനു മുന്നിൽ വണ്ടി ബ്രേക്കിട്ടു നിന്നു. കാറിൽ നിന്ന് ഇറങ്ങി നമ്മളെ പെണ്ണ് ഇറങ്ങാൻ ആഗ്യം കാണിച്ചപ്പോൾ നമ്മൾ കൂടെ ഇറങ്ങി അവളെ പിന്തുടർന്നു നടന്നു.
ഒടുവിൽ ഓഫീസ് എന്നെഴുതിയ മുറിയ്ക്ക് മുന്നിൽ ചെന്നു നിന്നു. ഞങ്ങളെ വരവ് പ്രതീക്ഷിച്ചപ്പോലെ അകത്തുനിന്ന് ഒരു സ്ത്രീ വന്ന് അവളോട് എന്തൊക്കെയോ പറയുന്നുണ്ട്. അവൾ എന്റെ അടുത്തേക്ക് വന്ന് പേഴ്സിൽ നിന്ന് എണിതിട്ടപ്പെടുത്തി കാശ് വാരിപ്പോയപ്പോൾ എന്തോ പഴയ പോലെ അടിവയറ്റിൽ വെപ്രാളം ഒന്നും വന്നില്ല.
ന്റെ കയ്യും പിടിച്ച് അവൾ നടന്നപ്പോൾ കഥയറിയാതെ ആട്ടം ആടുന്ന കുരങ്ങന്റെ മുഖമാണ് മനസ്സിലേക്ക് ആദ്യം ഓടി വന്നത്. ഭക്ഷണം കഴിക്കുന്ന കുഞ്ഞി കുരുന്നുകൾക്കരികിൽ എന്നെയും അവൾ പിടിച്ചിരുത്തി.
ഞങ്ങൾക്ക് മുന്നിലെ പ്ലേറ്റിൽ വിളമ്പി വെച്ച ബിരിയാണ് ഒന്നെടുത്ത് ഒരു മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കൊച്ചു മൊഞ്ചത്തിയെ അവൾ ചേർത്ത് ഇരുത്തി വാത്സല്യം നിറച്ച് വാരി കൊടുക്കുമ്പോൾ ന്റെ കണ്ണുകൾ ഈറഞ്ഞണിഞ്ഞിരുന്നു. നമ്മളിങ്ങിനെ നമ്മുടെ മൊഞ്ചത്തിയെ നോക്കിയിരുന്നപ്പോൾ അതെടുത്ത് അവൾക്ക് പിന്നിൽ തട്ടതുമ്പിൽ പിടിച്ച് ഒളിഞ്ഞു നിൽക്കുന്ന കുട്ടിക്കുറുമ്പനെ ചൂണ്ടി വാരിക്കൊടുക്കാൻ കൽപ്പിച്ചപ്പോൾ ഞാൻ എല്ലാം യാന്ത്രികമായി ചെയ്തു.
അവിടെന്ന് പടിയിറങ്ങുമ്പോൾ കഴിഞ്ഞ ബർത്ത് ഡേയ്ക്ക് കേക്ക് വാങ്ങാത്തതിന് പരിഭവിച്ച കുട്ടിക്കുറുമ്പിയിൽ നിന്ന് ഖൽബിൽ നന്മകൾ നിറച്ച ഹൂറിയായി അവൾ മാറിയിരുന്നു