(കഥയിൽ blasphemy അഥവാ ദൈവദൂഷണം ഉണ്ട്. വിശ്വസികൾ ദയവു ചെയ്യത് വായിക്കാതെ ഇരിക്കുക )
പണ്ടാരയടുപ്പിലേക്ക് തീ പകർന്നുവെന്ന് അറിയിപ്പ് കിട്ടിയതും, ഭാമയും, പ്രിയതമയും, തീ കൂട്ടാനായി ഒരുക്കി വച്ചിരുന്ന പൊങ്കാല അടുപ്പിലേക്ക് തീ പകർന്നു. എങ്ങും തീയും പുകയും, ഒപ്പം അസഹ്യമായ വെയിലും ചൂടും.
തമ്പാനൂര് മലിന ജലം ഒഴുകി കൊണ്ടിരുന്ന ഓടയുടെ അടച്ചു വച്ചിരിക്കുന്ന സിമന്റ് സ്ലാബിനു മുകളിലയിട്ടാണ് പ്രിയതമയും ഭാമയും തങ്ങളുടെ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നത്. അവരെ സഹായിക്കുന്നതിനായി സാറയും, അഹനയും അവരുടെ ഒപ്പം കൂടിയിട്ടുണ്ട്. രണ്ടു പേരും പക്ഷേ മാറിയിരുന്നു ഈ കാഴ്ച്ചകളളെല്ലാം കാണുന്നതിലായിരുന്നു കൂടുതൽ താല്പര്യം കാണിച്ചത്.
"നമ്മളായിട്ട് ഇനി നിങ്ങടെ ദൈവത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലപ്പാ." അഹന മാറിയിരുന്നു അഭിപ്രായപ്പെട്ടു."എന്നാ പിന്നെ വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ?" തിള വന്ന വെള്ളത്തിൽ മൂന്നു പിടി അരി പ്രാത്ഥനയോടെ വാരി ഇട്ട ശേഷം ഭാമ അഭിപ്രായപ്പെട്ടു.
"എന്നാ പിന്നെനിക്ക് ഇതൊക്കെ കാണാൻ പറ്റുമോ? ചൂട് പായസം കുടിക്കാൻ കിട്ടുമോ?" അഹന അൽപ്പം ചിണുങ്ങി കൊണ്ട് പറഞ്ഞു.
"അതല്ലേല്ലും രണ്ടരക്കെ നേദിക്കലുള്ളു. അതുവരെ പായസം അടുപ്പേ തന്നെ ഇരിക്കും." പ്രിയതമ കൂട്ടി ചേർത്തു.
"ഓരോ ആചാരങ്ങള്!" സാറ അഭിപ്രായപ്പെട്ടു.
പൊങ്കാല ഏതാണ്ട് തയ്യാറായ മട്ടായപ്പോൾ അവർ നാലു പേരും ചേർന്ന് മണ്ഡപുറ്റ്, തെരളിയപ്പം തുടങ്ങിയവ ഉണ്ടാക്കുന്നതിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു.സൂര്യൻ നെറുകൻതലയുടെ മുകളിൽ വന്ന് നിൽപ്പ് തുടങ്ങിയിട്ട് കുറേ നേരമായി. അവർ നാലു പേരും തളർന്നു.
"വാ നമുക്ക് പോയൊന്നു ചുറ്റി തിരിഞ്ഞിട്ട് വരാം." സാറ അഭിപ്രായപ്പെട്ടു.
" നമുക്ക് എന്റെ കുഞ്ഞമ്മയുടെ വീട്ടിൽ പോയി ഇട്ടാൽ മതിയായിരുന്നവെന്ന് ഞാനൊരായിരം തവണ പറഞ്ഞതല്ലേ?പിന്നെയും ഈ സാറാമ്മയുടെ ഓരോ പ്രാന്ത്. അല്ലാതെന്താ? " പ്രിയതമയ്യ്ക്ക് വെയില് മൂത്തപ്പോൾ അരിശം വന്നു.