(ഈ എപ്പിസോഡ് ladies only ആണ്. സ്ത്രീകൾ മാത്രം വായിക്കുന്നതാവും ബുദ്ധി 😂😂😂.)
ഭാമ ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണേലും, ഇതുവരെ അയാളുമായി നിയമപരമായി ഡിവോഴ്സ് വാങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ, തന്റെ പാതിവൃത്യത്തിൽ കറപുരളാത്തയൊരു മാതൃകാ വനിതയുടെ രൂപക്കുട്, ഭാമ അവൾക്ക് ചുറ്റിനുമായി മനഃപൂർവ്വം തീർത്തിരുന്നു. എന്നിരുന്നാലും അവളുടെ അടുത്ത കൂട്ടുകാരികൾക്ക് ഭാമയെ പറ്റി പലതും അറിയാമായിരുന്നു.അതൊക്കെ പരമ രഹസ്യങ്ങളാണെന്ന് മാത്രം.
ഭാമയുടെ മകൾ അവൾക്കൊപ്പമാണ്. ഭർത്താവിന്റെ ഭാഗത്തു നിന്നും ആ കുട്ടിക്ക് ചിലവിന് കൊടുക്കുന്ന കാര്യത്തിൽ പോലും വലിയ താല്പര്യം കാണിച്ചിരുന്നില്ല. ഏതായാലും ഭാമയുടെ
അച്ഛന്റെ മരണത്തോടെ, കൂടെ ഉണ്ടായിരുന്നയൊരു ' ബലം ' അവൾക്ക് നഷ്ടമായ അവസ്ഥയായി.സഞ്ചയനവും, നാല്പത്തിയൊന്നുമൊക്കെ കഴിഞ്ഞു ജീവിതം വീണ്ടും മുൻപോട്ട് നീങ്ങി. ഭാമ തന്റെ ഏക വരുമാന മാർഗ്ഗമായ ട്യൂഷനെടുപ്പും വീണ്ടും പുനരാരംഭിച്ചു. ഭാമയുടെ മകൾ സഞ്ചനക്ക്, ദില്ലി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഒരു നഴ്സിംഗ് സ്ഥാപനത്തിൽ, പഠിക്കുവാനുള്ള അവസരം ഒത്തു വന്നിട്ടുണ്ട്. സഞ്ചന ദില്ലിയിലേക്ക് പോയാൽ പിന്നെ ഭാമയും അവളുടെ അമ്മയും മാത്രമാവും.ഭാമയുടെ ചേച്ചി ഭർത്താവിനും മക്കൾക്കുമൊപ്പം നിലമ്പൂരാണ് താമസം.അമ്മയുടെ ആരോഗ്യവും അത്ര പോരാ. ഏതായാലും 'പ്രായമായാൽ ആളുകൾ മരിക്കും'. ഈ സത്യം അംഗീകരിക്കുവാനുള്ള പക്വതയൊക്കെ ഭാമയുടെ മനസ്സിനു പണ്ടേയായിരുന്നു. അതുകൊണ്ട് തന്നെ അവൾ പല അവസരങ്ങളിലും കരയാതെയും, തളരാതെയുമൊക്കെ പിടിച്ചു നിന്നു.
"എന്നാലും നിന്നെ സമ്മതിക്കണം." സാറ ഭാമയെ ധന്യയുടെ മൂത്ത മകളുടെ തിരണ്ട് കല്യാണത്തിന് കണ്ടപ്പോൾ പറഞ്ഞു.
"എന്തിന്?" ഭാമ തിരക്കി.
"അച്ഛൻ മരിച്ചു കിടന്നപ്പോൾ, നീ ഇത്രയും സ്ട്രോങ്ങ് ആയി നിൽക്കുമെന്ന് ഞാൻ കരുതിയില്ല, അതന്നെ."